CricketIPL

ചെന്നൈയ്ക്ക് വന്‍ തിരിച്ചടി ബംഗ്ലാദേശില്‍!! സൂപ്പര്‍ ബൗളറുടെ സേവനവും തുലാസില്‍!!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പോരാട്ടങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ടീമുകളെല്ലാം തന്നെ തീവ്ര പരിശീലന ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ കളിക്കാരെ വച്ചു തുടങ്ങിയ ക്യാംപിലേക്ക് അടുത്ത ദിവസങ്ങളില്‍ വിദേശ താരങ്ങളും എത്തിച്ചേരും.

പരിശീലന ക്യാംപ് തുടങ്ങിയ ചെന്നൈ സൂപ്പര്‍കിംഗ്‌സിനും ക്യാപ്റ്റന്‍ എംഎസ് ധോണിക്കും പക്ഷേ കാര്യങ്ങള്‍ അത്ര പന്തിയല്ല. ചെന്നൈ ടീമിലെ വിദേശ താരങ്ങളുടെ പരിക്കാണ് അവരെ വലയ്ക്കുന്നത്. ഡെവണ്‍ കോണ്‍വേയ്ക്ക് പരിക്കേറ്റ് സീസണിന്റെ ആദ്യപാദം നഷ്ടമാകുമെന്ന വാര്‍ത്തയ്ക്കിടെ അടുത്ത തിരിച്ചടിയും ടീമിനെ തേടിയെത്തിയിരിക്കുകയാണ്.

അതും ടീമിന്റെ നട്ടെല്ലായി മാറുമെന്ന് കരുതപ്പെടുന്ന ‘രണ്ടാം മലിംഗ’ എന്നു വിളിപ്പേരുള്ള മതീഷ പതിരാനയുടെ രൂപത്തിലാണ് പരിക്ക് ഭീതി വിതയ്ക്കുന്നത്. ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20യിലാണ് താരത്തിന് പരിക്കേല്‍ക്കുന്നത്.

ഇടംകാലിനാണ് ഗ്രേഡ് വണ്‍ തരത്തിലുള്ള പരിക്ക് പിടികൂടിയിരിക്കുന്നത്. പരിക്കുമൂലം മൂന്നാം ട്വന്റി-20യില്‍ പതിരാന കളിച്ചിരുന്നില്ല. ഒരു മാസത്തിലധികം വിശ്രമം പേസ് ബൗളര്‍ക്ക് വേണ്ടിവരുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

അങ്ങനെ സംഭവിച്ചാല്‍ ഐപിഎല്ലിലെ ആദ്യത്തെ മല്‍സരങ്ങളില്‍ പതിരാനയ്ക്ക് കളിക്കാന്‍ സാധിക്കില്ല. ചെന്നൈ സൂപ്പര്‍കിംഗ്‌സ് നിരയില്‍ വലിയ പ്രാധാന്യമുള്ള താരമാണ് പതിരാന. അതുകൊണ്ട് തന്നെ ലങ്കന്‍ എക്‌സ്പ്രസ് ബൗളര്‍ക്ക് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതു തിരിച്ചടിയാകും.

ഈ സീസണില്‍ ചെന്നൈയുടെ ആദ്യ മല്‍സരം മാര്‍ച്ച് 22ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ്. കോണ്‍വെയ്‌ക്കൊപ്പം പതിരാനയും ഈ കളിയില്‍ ഇല്ലാതിരിക്കുന്നതോടെ ക്യാപ്റ്റന്‍ ധോണിയുടെ തലവേദന കൂടിയിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ പടയോട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് പതിരാന. 12 കളിയില്‍ നിന്നും 19 വിക്കറ്റുകള്‍ വീഴ്ത്താന്‍ ലങ്കന്‍ താരത്തിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ പതിരാനയുടെ അഭാവം ചെന്നൈ ടീമിന് വലിയ വെല്ലുവിളിയാണ്.

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ വച്ചാണ് ഡെവണ്‍ കോണ്‍വെയ്ക്ക് പരിക്കേറ്റത്. ഇടംകൈയന്‍ ബാറ്റര്‍ക്ക് മേയ് വരെ കളത്തിന് പുറത്തു നില്‍ക്കേണ്ടി വരുമെന്നതാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. ചെന്നൈ നിരയിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് കോണ്‍വേ.

ടെസ്റ്റിലും ട്വന്റി-20യിലും മികച്ച ഫോമിലാണ് കോണ്‍വേ. ഇംഗ്ലണ്ടിനെതിരേ അടുത്തിടെ താരം സെഞ്ചുറി നേടിയിരുന്നു. അതേസമയം, ട്വന്റി-20 ലോകകപ്പിനു മുമ്പ് താരത്തിന് തിരിച്ചെത്താന്‍ സാധിക്കുമെന്നത് ന്യൂസിലന്‍ഡ് ദേശീയ ടീമിന് വലിയ ആശ്വാസമാണ് നല്‍കുക.

ഐപിഎല്ലിന് മുന്നോടിയായി ചെന്നൈയുടെ ആദ്യഘട്ട പരിശീലന ക്യാംപ് ചെന്നൈയില്‍ ആരംഭിച്ചിട്ടുണ്ട്. ദീപക് ചഹാര്‍ അടക്കമുള്ള പ്രാദേശിക താരങ്ങള്‍ ക്യാംപില്‍ എത്തിയിട്ടുണ്ട്. ഇത്തവണ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഐപിഎല്‍ ഷെഡ്യൂളില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ആദ്യത്തെ കുറച്ചു മല്‍സരങ്ങളുടെ ഫിക്സ്ചര്‍ മാത്രമാണ് ഇതുവരെ പുറത്തു വിട്ടിട്ടുള്ളത്.

CSK IPL 2024 SQUAD

MS Dhoni (c), Moeen Ali, Deepak Chahar, Devon Conway, Tushar Deshpande, Shivam Dube, Ruturaj Gaikwad, Rajvardhan Hangargekar, Ravindra Jadeja, Ajay Mandal, Mukesh Choudhary, Matheesha Pathirana, Ajinkya Rahane, Shaik Rasheed, Mitchell Santner, Simarjeet Singh, Nishant Sindhu, Prashant Solanki, Maheesh Theekshana, Rachin Ravindra, Shardul Thakur, Daryl Mitchell, Sameer Rizvi, Mustafizur Rahman, Avanish Rao Aravelly.

Related Articles

Back to top button