Cricket

പാക് വെടിയുണ്ടകളെ പറപറത്തി ഇന്ത്യന്‍ വീരന്മാര്‍; വീമ്പിളക്കിയവരുടെ തലയ്ക്കടിച്ച് രോഹിത് പട!!

ഇത്രയും വലിയൊരു നാണക്കേട് ബാബര്‍ അസമും സംഘവും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തോല്‍ക്കുമെങ്കില്‍ പോലും ഒരു പോരാട്ടമെങ്കിലും നടത്താമെന്ന പാക് പ്രതീക്ഷകളെ തച്ചുടച്ച് ലോകകപ്പില്‍ ക്ലാസിക് പോരാട്ടത്തില്‍ ഇന്ത്യയുടെ കിടിലന്‍ ജയം.

കളിയുടെ ഒരുഘട്ടത്തില്‍ പോലും ആധിപത്യം പുലര്‍ത്താന്‍ സാധിക്കാതിരുന്ന ബാബര്‍ സംഘത്തിനെ 7 വിക്കറ്റിനാണ് രോഹിത് ശര്‍മയും സംഘവും നാടുകടത്തിയത്. അതും 100 ലേറെ പന്തുകള്‍ ശേഷിക്കേ. 192 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ അനായാസം മറികടന്നത്.

തീരെ ചെറിയ ലക്ഷ്യമാണ് പിന്തുടരാന്‍ ഉണ്ടായിരുന്നതെങ്കില്‍ പോലും തുടക്കം മുതല്‍ ഒരു വിധത്തിലുള്ള നിസംഗതയും ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഇന്ത്യയുടെ 5 വിക്കറ്റെങ്കിലും പറിച്ച ശേഷമേ ഓട്ടോഗ്രാഫ് പോലും കൊടുക്കൂവെന്ന് വീമ്പിളക്കിയ ഷാഹിന്‍ഷാ അഫ്രീദി തുടക്കത്തില്‍ പ്രഹരം വാങ്ങി.

ഡെങ്കിപ്പനിയുടെ അവശതകള്‍ക്കിടയില്‍ നിന്നും കളിക്കാനെത്തിയ ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യയുടെ തിരിച്ചടിക്ക് തുടക്കമിട്ടത്. റണ്‍സ് ഓടിയെടുക്കരുതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടാണോ എന്തോ ഗില്‍ അതിനൊന്നും മിനക്കെട്ടില്ല.

കുറച്ചു നേരം മാത്രമേ ക്രീസില്‍ നിന്നുള്ളുവെങ്കിലും തുടര്‍ച്ചയായി ക്ലാസിക് ഷോട്ടുകളിലൂടെ പന്ത് അതിര്‍ത്തി കടത്തി ഗില്‍ നയം വ്യക്തമാക്കി. 11 പന്തില്‍ 4 ഫോര്‍ ഉള്‍പ്പെടെ 16 റണ്‍സെടുത്ത് ഗില്‍ ഷദാബ് ഖാന് ക്യാച്ച് നല്‍കി മടങ്ങിയെങ്കിലും മറുവശത്ത് രോഹിത് ശര്‍മ കിടിലന്‍ ഫോമിലായിരുന്നു.

മൂന്നാമനായി ഒപ്പമെത്തിയ വിരാട് കോഹ്ലിയും ആക്രമിച്ചു കളിക്കാനാണ് താല്പര്യം കാണിച്ചത്. റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും 18 പന്തില്‍ 16 റണ്‍സെടുത്ത് വിരാടും മടങ്ങി. ഈ സമയമത്രയും മറിവശത്ത് തലങ്ങും വിലങ്ങും അടിച്ചു പറത്തുകയായിരുന്നു രോഹിത്.

അഫ്രീദി മുതല്‍ ഹാരിസ് റൗഫ് വരെയും മുഹമ്മദ് നവാസ് തുടങ്ങി ഷദാബ് ഖാന്‍ വരെയുള്ള ബൗളര്‍മാരെ ബാബര്‍ വിക്കറ്റിനു വേണ്ടി പന്തേല്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കിട്ടിയവരെയെല്ലാം രോഹിത് ഒരു ദയയും കൂടാതെ പറത്തുകയായിരുന്നു.

നീണ്ട പരിക്കിനു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യരും ക്യാപ്റ്റനൊപ്പം ചേര്‍ന്നതോടെ മുന്നോട്ടു പോക്ക് അനായാസമായി. പാക് ബൗളര്‍മാര്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്തിയതുമില്ല. ഇതിനിടെ 36 പന്തില്‍ രോഹിത് അര്‍ധശതകവും തികച്ചു.

കളി കൈയിലായെന്ന് ഉറപ്പിച്ച ശേഷം പരമാവധി സമയം കളയാതെ ജയത്തിലേക്ക് എത്താനാണ് ഇന്ത്യ ശ്രമിച്ചത്. പ്രാഥമിക ഘട്ടത്തിന്റെ അവസാനമാകുമ്പോള്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണായകമായേക്കുമെന്ന വീക്ഷണം തന്നെയാണ് കടന്നാക്രമണം നടത്താന്‍ ഇന്ത്യയെ പ്രേരിപ്പിച്ചതും.

ശ്രേയസ് അയ്യരും രോഹിതിനൊപ്പം ചേര്‍ന്നതോടെ അതിവേഗമായി ഇന്ത്യന്‍ സ്‌കോറിംഗ്. തോല്‍വി ഉറപ്പിച്ചതോടെ എല്ലാ ബൗളര്‍മാര്‍ക്കും അവസരം നല്‍കി ബാബര്‍ ടീമിന്റെ പതനം വേഗത്തിലാക്കി.

300 ഏകദിന സിക്‌സറുകളെന്ന റിക്കാര്‍ഡും നേടിയ രോഹിത് സെഞ്ചുറി തികയ്ക്കാത്തത് മാത്രമാണ് ഈ മല്‍സരത്തില്‍ ഇന്ത്യയെ നിരാശരാക്കിയത്. 63 പന്തില്‍ 6 വീതം സിക്‌സറും ഫോറും പറത്തി 86 റണ്‍സെടുത്ത രോഹിത് അഫ്രീദിക്ക് വിക്കറ്റ് നല്‍കിയാണ് പുറത്തായത്.

Related Articles

Back to top button