Cricket

മതകാര്‍ഡ് ഇറക്കി കളിക്കുകയാണ് ചില താരങ്ങള്‍ !! പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ നടക്കുന്നത് കള്ളക്കളികളെന്ന് തുറന്നടിച്ച് അഹമ്മദ് ഷെഹ്‌സാദ്

ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പരാജയപ്പെട്ട പാക്കിസ്ഥാന്‍ ടീമിനെതിരേ തുറന്നടിച്ച് മുന്‍ പാക് ക്രിക്കറ്റര്‍ അഹമ്മദ് ഷെഹ്‌സാദ്.

നിലവില്‍ പാക് ലോകകപ്പ് ടീമിന്റെ ഭാഗമായ താരങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് താരം ഉന്നയിക്കുന്നത്. അനാവശ്യ പത്രസമ്മേളനങ്ങള്‍ നടത്തുന്നതും മതത്തിന്റെ കാര്‍ഡ് ഇറക്കി കളിക്കുന്നതും പാക് ടീമിന്റെ നാശത്തിന് കാരണമായിരിക്കുകയാണ് എന്നാണ് ഷെഹ്‌സാദ് പറയുന്നത്.

ബാബര്‍ അസമും കൂട്ടരും ടീമില്‍ ഗ്രൂപ്പുണ്ടാക്കിയെന്നും ലോകകപ്പ് സമയത്ത് പോലും ടീമില്‍ ഒത്തൊരുമ കൊണ്ടുവരാന്‍ സാധിച്ചില്ലെന്നും ഷെഹ്സാദ് തുറന്നടിച്ചു.

”ചില കളിക്കാര്‍ ലോകകപ്പിലെ മോശം പ്രകടനം മറച്ചുവെച്ച് അനാവശ്യ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി മതത്തിന്റെ കാര്‍ഡ് കളിക്കുന്നത് ശരിക്കും നിരാശാജനകമാണ്.

അവരുടെ ഫിറ്റ്നസിന്റെ കാര്യത്തില്‍ അവര്‍ കള്ളം പറയുകയും കളിക്കളത്തില്‍ പരിക്ക് ഉള്‍പ്പടെ ഉള്ളവ അഭിനയിക്കുകയും ചെയ്യുന്നു. ഇതൊക്കെ മതം നിങ്ങളെ പഠിപ്പിക്കുന്നുണ്ടോ? മറ്റുള്ളവരെ കബളിപ്പിക്കാനും ഫീല്‍ഡില്‍ കള്ളം പറയാനും മതം നിങ്ങളെ പഠിപ്പിക്കുന്നുണ്ടോ?. ഷെഹ്‌സാദ് ചോദിക്കുന്നു.

”ഫീല്‍ഡില്‍ പ്രകടനം നടത്താന്‍ നിങ്ങള്‍ക്ക് പണം ലഭിക്കുന്നു, പകരം നിങ്ങള്‍ ടീമിലെ ഗ്രൂപ്പിംഗില്‍ ചേരുന്നു. പൂര്‍ണ നിശ്ചയദാര്‍ഢ്യത്തോടെ നമ്മുടെ ഉത്തരവാദിത്തം നിറവേറ്റാനാണ് മതം നമ്മെ പഠിപ്പിക്കുന്നത്, നമ്മുടെ കഷ്ടപ്പാടുകളില്‍ കള്ളം പറയരുത്” ഷെഹ്‌സാദ് തുടര്‍ന്നു.

മുഹമ്മദ് റിസ്വാന്‍ പത്രസമ്മേളനത്തില്‍ മതം പ്രചരിപ്പിച്ചുള്ള സംസാരം നടത്തിയതിന് ശേഷമാണ് ഷെഹ്സാദ് ഇങ്ങനെയൊരു പ്രതികരണം നടത്തിയത്.

”ഓരോ വ്യക്തിയും രണ്ട് കാര്യങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാണെന്ന് ഞാന്‍ കരുതുന്നു. അവന്‍ ഒരു മുസ്ലീമാണെങ്കില്‍, അവന്‍ ലോകത്ത് എവിടെ പോയാലും ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നു. രണ്ടാമതായി, അദ്ദേഹം പാകിസ്ഥാന്റെ ബ്രാന്‍ഡ് അംബാസഡറാണ്. ആളുകള്‍ എന്താണ് പറയുന്നത്, ഞങ്ങള്‍ അത് കാര്യമാക്കുന്നില്ല”. എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ ഷെഹ്‌സാദ് പറയുന്നു.

Related Articles

Back to top button