Cricket

ഐസിസിക്ക് ഇത്ര ദാരിത്രമോ? ലോകകപ്പ് സമ്മാനത്തുകയില്‍ ആരാധകര്‍ തൃപ്തരല്ല!! ഒരു രൂപ പോലും കൂട്ടിയില്ല!!

ഐസിസി ലോകകപ്പിന്റെ ആവേശത്തിലേക്ക് ടീമുകളും ആരാധകരും പതുക്കെ കടക്കുകയാണ്. ഒക്‌ടോബര്‍ അഞ്ചിന് ലോകകപ്പിന് തുടക്കമാകുമ്പോള്‍ എല്ലാവരും പ്രതീക്ഷയിലാണ്. ഒരുക്കത്തിലും പ്രമോഷനിലും പതിവ് ലോകകപ്പുകളില്‍ നിന്നും വ്യത്യസ്തമായി വലിയ അനക്കമൊന്നുമില്ലാത്തത് മാത്രമാണ് ഒരു അപവാദം.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ നടന്ന ട്വന്റി-20 ലോകകപ്പിന് പോലും ഇതിലും വലിയ പ്രമോഷന്‍ ആതിഥേയരുടെ ഭാഗത്തു നിന്നും ഐസിസിയില്‍ നിന്നും ഉണ്ടായിരുന്നു. ഷെഡ്യൂള്‍ പുറത്തിറക്കുന്നത് മുതല്‍ ടിക്കറ്റ് വില്പനയില്‍ വരെ മൊത്തത്തിലൊരു സംഘാടക ആലസ്യം പ്രതിഫലിക്കുന്നുണ്ട്.

ഇപ്പോഴിതാ ലോകകപ്പിന് രണ്ടാഴ്ച്ച മാത്രം ബാക്കിനില്‍ക്കേ ഐസിസി വിജയികളുടെ സമ്മാനത്തുകയും പുറത്തുവിട്ടു. 2019 ലോകകപ്പില്‍ നല്‍കിയതില്‍ നിന്നും നയാപ്പൈസ പോലും ഐസിസി ഇത്തവണ വര്‍ധിപ്പിച്ചിട്ടില്ലെന്നതാണ് ഏറെ ശ്രദ്ധേയം.

വിജയികള്‍ക്ക് ലഭിക്കുക 33 കോടി രൂപയാണ്. ഡോളര്‍ കണക്കിന് നോക്കുമ്പോള്‍ 40 ലക്ഷം രൂപയാണ് ഇത്തവണ ലഭിക്കുക. കഴിഞ്ഞ തവണയും ഇതേ തുക തന്നെയാണ് കിരീടം നേടുന്നവര്‍ക്ക് ലഭിച്ചത്. രൂപയുടെ നിലവാരം കുറഞ്ഞതിനാല്‍ ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 2019 ലേക്കാള്‍ കൂടുതല്‍ തുക വരുമെന്ന് മാത്രം.

ഫൈനലില്‍ തോറ്റ് റണ്ണേഴ്‌സപ്പാകുന്ന ടീമിനെ കാത്തിരിക്കുന്നത് 16 കോടി രൂപയാണ്. സെമിഫൈനലില്‍ തോറ്റ് പുറത്തായാലും 6 കോടി രൂപ കിട്ടും. ഗ്രൂപ്പ് സ്റ്റേജിലെ ഓരോ ജയത്തിനും ടീമുകള്‍ക്ക് കിട്ടുക 82 ലക്ഷം രൂപയാണ്.

ഗ്രൂപ്പ് ഘട്ടത്തില്‍ 5 കളിയെങ്കിലും ജയിച്ചാല്‍ 4 കോടിയിലധികം രൂപ സമ്മാനമായി മാത്രം കിട്ടും. നെതര്‍ലന്‍ഡ്‌സ്, അഫ്ഗാനിസ്ഥാന്‍ പോലെ സാമ്പത്തികമായി പിന്നിലുള്ള ബോര്‍ഡുകള്‍ക്ക് ഓരോ ജയവും വലിയ സാമ്പത്തികനേട്ടം കൂടിയാകും.

10 ടീമുകളെ ഉള്‍പ്പെടുത്തിയുള്ള ഫോര്‍മാറ്റിലെ അവസാന ലോകകപ്പ് കൂടിയാണ് ഇത്തവണത്തേത്. 2027 ലോകകപ്പ് മുതല്‍ 14 ടീമുകളാകും ലോകകപ്പില്‍ മാറ്റുരയ്ക്കുക. കഴിഞ്ഞ തവണയും 10 ടീമുകള്‍ മാത്രമാണ് ലോകകപ്പില്‍ കളിച്ചത്.

അസോസിയേറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടത്ര അവസരം കിട്ടുന്നില്ലെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഐസിസി തീരുമാനിച്ചത്. ഇത്തവണ സിംബാബ്‌വെ, വിന്‍ഡീസ് ടീമുകള്‍ക്ക് ലോകകപ്പിന് യോഗ്യത ലഭിച്ചില്ല.

മറ്റ് കായികയിനങ്ങളില്‍ ലോകകപ്പില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ ഐസിസി മാത്രം എണ്ണം കുറയ്ക്കുന്നതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സമ്മാനത്തുക കൂടി പുറത്തു വന്നതോടെ ആരാധകരുടെ അതൃപ്തി വര്‍ധിച്ചിട്ടുണ്ട്.

അതേസമയം, ലോകകപ്പിലെ എല്ലാ മല്‍സരങ്ങളുടെയും തന്നെ ടിക്കറ്റുകള്‍ അതിവേഗമാണ് വിറ്റുപോകുന്നത്. ഇന്ത്യയുടേതല്ലാത്ത മല്‍സരങ്ങള്‍ക്കും നല്ല ഡിമാന്‍രാണ്. കൂടുതല്‍ വേദികളില്‍ ലോകകപ്പ് വന്നതു മൂലമാണ് ടിക്കറ്റിന് ഡിമാന്റ് കൂടിയത്.

Related Articles

Back to top button