FootballISL

എസ്ഡി നീക്കത്തിന് ‘ബദല്‍’ നീക്കവുമായി ഈസ്റ്റ് ബംഗാള്‍; സൂപ്പര്‍താരം കൊല്‍ക്കത്ത ഉറപ്പിച്ചു?

വിദേശ താരങ്ങളുടെ സ്‌കൗട്ടിംഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഗംഭീര പ്രകടനമാണ് നടത്തുന്നത്. വിദേശ സ്‌കൗട്ടിംഗിന്റെ ക്രെഡിറ്റ് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിന് കൂടി അവകാശപ്പെട്ടതാണ്.

സ്‌കിന്‍കിസ് വരുംവരെ പരിക്കേറ്റവരെയും ഓടിത്തളര്‍ന്നവരെയുമാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നത്. എന്നാല്‍ എസ്ഡി വരവ് അക്കാര്യത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. എസ്ഡി കൊണ്ടുവന്നവരില്‍ സൂപ്പര്‍ഹിറ്റായ അഡ്രിയാന്‍ ലൂണ അടുത്ത സീസണുകളിലും ടീമിലുണ്ടാകുമെന്ന് ഉറപ്പായി.

എന്നാല്‍ മറ്റൊരു സൂപ്പര്‍താരം ദിമിത്രിയോസ് അടുത്ത സീസണില്‍ മഞ്ഞപ്പടയില്‍ ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. ഈസ്റ്റ് ബംഗാള്‍ ദിമിക്ക് റിക്കാര്‍ഡ് ഓഫറാണ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

അടുത്ത സീസണില്‍ ദിമി ഈസ്റ്റ് ബംഗാളിനൊപ്പം ചേരുമെന്നാണ് കൊല്‍ക്കത്തന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിമിക്കൊപ്പം മുംബൈ സിറ്റിയില്‍ നിന്നും ജോര്‍ജെ പെരേരയെയും അവര്‍ നോട്ടമിടുന്നുണ്ട്. ഈ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരവും അവര്‍ക്കൊപ്പം ചേര്‍ന്നേക്കും.

ഇമാമി നിക്ഷേപകരായി വന്നതോടെ വലിയ തോതില്‍ ഈസ്റ്റ് ബംഗാള്‍ പണംമുടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വലിയ താരങ്ങളെ ടീമിലെത്തിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ കൃത്യമായി അറിയാവുന്ന ദിമിയും വന്നാല്‍ കൊല്‍ക്കത്തക്കാര്‍ക്ക് വലിയ നേട്ടമായി മാറും.

അതേസമയം, ദിമിയെ ബ്ലാസ്റ്റേഴ്‌സില്‍ നിലനിര്‍ത്താന്‍ പഠിച്ചപണി പതിനെട്ടും എസ്ഡി പയറ്റുന്നുണ്ട്. കൂടുതല്‍ വലിയ പ്രതിഫലവും ഒപ്പം ബോണസും നല്കാമെന്നാണ് വാഗ്ദാനം. എന്നാല്‍ ക്യാപ്റ്റന്‍ ലൂണയ്ക്ക് നല്കുന്നതിലും കൂടുതല്‍ പ്രതിഫലം നല്കാനും സാധിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്.

ദിമി ബ്ലാസ്റ്റേഴ്‌സിനോട് വിടപറഞ്ഞാല്‍ ടീമിനെ അത് വലിയ തോതില്‍ ബാധിക്കും. കഴിഞ്ഞ രണ്ടു സീസണുകളിലായി ടീമിന്റെ പ്രധാന ഗോള്‍വേട്ടക്കാരനാണ് ഈ ഗ്രീക്ക് സ്‌ട്രൈക്കര്‍. ടീമുമായി ഇത്രമാത്രം സെറ്റായ താരത്തെ വിട്ടുകളയാന്‍ ടീം മാനേജ്‌മെന്റിനും താല്പര്യമില്ല.

അടുത്ത സീസണില്‍ കെപി രാഹുല്‍ അടക്കം ചില താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ പുതിയ താരങ്ങളെ ടീമിലെത്തിക്കേണ്ടതുണ്ട്. വിദേശ താരങ്ങളില്‍ മാര്‍ക്കോ ലെസ്‌കോവിച്ചിന്റെ കരാറും ടീം മാനേജ്‌മെന്റ് പുതുക്കില്ല.

ഈസ്റ്റ് ബംഗാളും മുംബൈ സിറ്റിയും ദിമിക്കായി നേരത്തെ തന്നെ രംഗത്തുണ്ടായിരുന്നു. ഇടയ്ക്ക് മുംബൈ പിന്മാറുകയും ചെയ്തിരുന്നു. ഇതോടെയാണ് ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ നീക്കങ്ങള്‍ സജീവമാക്കിയത്.

അടുത്ത ദിവസങ്ങളില്‍ തന്നെ ദിമി ബ്ലാസ്‌റ്റേഴ്‌സില്‍ നില്‍ക്കുമോ അതോ ടീം വിടുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. റിക്കാര്‍ഡ് തുക ഓഫറുള്ളതിനാല്‍ തന്നെ സൂപ്പര്‍താരം ഇരുകൈയും നീട്ടി ഇത് സ്വീകരിക്കാനാണ് സാധ്യത.

Related Articles

Back to top button