Football

അര്‍ജന്റീനയെ കപ്പടിപ്പിക്കാന്‍ അര്‍ജന്റീന റഫറിയുടെ ഗൂഢാലോചന; ഗുരുതര ആരോപണം ഫെര്‍ണാണ്ടസ്!

ഫിഫ ലോകകപ്പില്‍ മൊറോക്കായോട് 1-0ത്തിന് തോറ്റ് ക്വാര്‍ട്ടറില്‍ പുറത്തായതിന് പിന്നാലെ റഫറിക്കെതിരേ ആഞ്ഞടിച്ച് പോര്‍ച്ചുഗല്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസ്. അര്‍ജന്റീനയ്ക്ക് കിരീടം നല്‍കാന്‍ ഉന്നത തലത്തില്‍ നടന്ന ഗൂഢാലോചനയാണിത്. അല്ലെങ്കില്‍ എങ്ങനെയാണ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകാത്ത അര്‍ജന്റീനയില്‍ നിന്നുള്ളൊരു റഫറി മല്‍സരം നിയന്ത്രിക്കുന്നത്.

ഇതിനു പിന്നില്‍ കൃത്യമായ പ്ലാനിംഗുണ്ടെന്ന് മാധ്യമങ്ങളെ കണ്ട ഫെര്‍ണാണ്ടസ് ആഞ്ഞടിച്ചു. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധികളിലൊരാള്‍ ഫെര്‍ണാണ്ടസ് ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അദേഹം പൊട്ടിത്തെറിച്ചു. എന്നെ തടയരുത്, എനിക്ക് പറയാനുള്ളതെല്ലാം ഞാന്‍ തുറന്നു പറയും, എനിക്കാരെയും പേടിയില്ലെന്ന് ദേഷ്യത്താല്‍ വിറച്ചുകൊണ്ട് ബ്രൂണോ പറഞ്ഞു.

ഫക്കുണ്ടോ ടെല്ലോയ്‌ക്കെതിരേ പോര്‍ച്ചുഗല്‍ ആരാധകരും രംഗത്തു വന്നിട്ടുണ്ട്. മൊറോക്കോയെ ജയിപ്പിക്കാനായിട്ടെന്ന പോലെയാണ് റഫറി കളിച്ചതെന്നാണ് ആരാധകരുടെ പക്ഷം. മല്‍സരശേഷം കണ്ണീരണിഞ്ഞു കൊണ്ടാണ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കളംവിട്ടത്.

ലോകകപ്പിന് തൊട്ടുമുമ്പ് ഒരു മല്‍സരത്തില്‍ 10 റെഡ് കാര്‍ഡുകള്‍ പുറത്തെടുത്ത് കുപ്രസിദ്ധി നേടിയ റഫറി കൂടിയാണ് ടെല്ലോ. ബൊക്കാ ജൂണിയേഴ്സ് റേസിംഗ് ക്ലബ് മല്‍സരത്തിലാണ് ടെല്ലോ ചുവപ്പ് വാരിവിതറിയത്. മല്‍സരത്തില്‍ കളിക്കാര്‍ തമ്മിലുള്ള കൈയ്യാങ്കളിക്കിടെയാണ് റഫറി കാര്‍ഡുകള്‍ പുറത്തെടുത്തത്.

അതേസമയം, റഫറിമാര്‍ അനാവശ്യമായി കാര്‍ഡുകള്‍ പ്രയോഗിക്കുന്നതിനെതിരേ വലിയ തോതില്‍ വിമര്‍ശനം ഉയരുന്നുണ്ട്. അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് മല്‍സരം നിയന്ത്രിച്ച റഫറിയെ മേലാല്‍ മല്‍സരത്തിന് നിയോഗിക്കരുതെന്ന ആവശ്യം ശക്തമാണ്.

കളിയുടെ ഒഴുക്കിനെ നശിപ്പിക്കുന്ന രീതിയിലാണ് ലാഹോസ് ഇടപെട്ടതെന്ന പരാതി ഫിഫയ്ക്കും ലഭിച്ചിട്ടുണ്ട്. സെമിയും ഫൈനലും അടക്കമുള്ള മല്‍സരങ്ങള്‍ ആരാണ് നിയന്ത്രിക്കുകയെന്ന കാര്യത്തില്‍ തീരുമാനം ഇതുവരെ വന്നിട്ടില്ല.

Related Articles

Back to top button