Cricket

‘ശശാങ്ക് റിഡംപ്ഷന്‍’ !! ഇന്‍സള്‍ട്ടാണ് ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് എന്ന് തെളിയിച്ച് ശശാങ്ക് സിംഗ്

ഈ ഐപിഎല്‍ കണ്ട ഏറ്റവും ആവേശകരമായ ചേസിംഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പഞ്ചാബ് കിംഗ്‌സ് മൂന്നു വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ ഹീറോയായത് പഞ്ചാബിന്റെ ശശാങ്ക് സിംഗാണ്. 200 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 70ന് നാല് എന്ന നിലയില്‍ തകര്‍ന്നപ്പോഴാണ് ശശാങ്ക് ക്രീസിലെത്തിയത്.

തുടര്‍ന്ന് സിക്കന്ദര്‍ റാസയുമായി ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും റാസ പെട്ടെന്നു പുറത്തായതോടെ ടീമിന്റെ ഭാരം ശശാങ്കിന്റെ ചുമലിലായി.

പിന്നീട് ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയം കണ്ടത് ഒരു സൂപ്പര്‍ഹീറോയുടെ ഉദയമായിരുന്നു. അസാമാന്യ പ്രകടനത്തിലൂടെ ശശാങ്ക് സിംഗ് പഞ്ചാബിനെ വിജയതീരത്തണച്ചപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷത്തിനതിരില്ലായിരുന്നു.

29 പന്ത് നേരിട്ട് 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 61 റണ്‍സു നേടിയ താരം പുറത്താകാതെ നിന്നു.

കളി ജയിച്ചെങ്കിലും താരത്തിന് ഇത് തന്റെ ടീമിനോടുള്ള മധുര പ്രതികാരമാണ്. കാരണം മിനി ലേലത്തില്‍ പഞ്ചാബ് പേരുമാറി ടീമിലെടുത്ത താരമാണ് ശശാങ്ക് സിംഗ്.

ഒരേ പേരില്‍ രണ്ട് താരങ്ങള്‍ എത്തിയതോടെയാണ് അബദ്ധത്തില്‍ പഞ്ചാബ് ശശാങ്കിനെ വിളിച്ചെടുത്തത്. ലേലം ഉറപ്പിച്ച ശേഷമാണ് പഞ്ചാബിന് അബദ്ധം മനസിലായത്.

തുടര്‍ന്ന് ലേലം റദ്ദാക്കാന്‍ പഞ്ചാബ് ആവശ്യപ്പെട്ടെങ്കിലും ഓക്ഷണര്‍ സമ്മതിച്ചില്ല. ഇതോടെ താരത്തെ പഞ്ചാബ് ടീമില്‍ കൂട്ടുകയായിരുന്നു.

എന്തായാലും അന്ന് പഞ്ചാബിന് പറ്റിയ വലിയ അബദ്ധമാണ് ഇന്ന് ടീമിന് മുതല്‍ക്കൂട്ടായി മാറിയിരിക്കുന്നത്. ആളുമാറി അബദ്ധത്തില്‍ പഞ്ചാബിലെത്തിയപ്പോള്‍ നേരിടേണ്ടി വന്ന അപമാനത്തിന് സൂപ്പര്‍ പ്രകടനത്തിലൂടെ മധുര പ്രതികാരം ചെയ്യാന്‍ താരത്തിനായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ 199 റണ്‍സാണെടുത്തത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ മികച്ച ബാറ്റിംഗാണ് അവര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 48 പന്തില്‍ പുറത്താവാതെ 89 റണ്‍സാണ് ഗില്‍ നേടിയത്. ആറു ബൗണ്ടറിയും നാലു സിക്‌സും സഹിതമായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. 19 പന്തില്‍ 33 റണ്‍സ് നേടിയ സായ് സുദര്‍ശനും എട്ടു പന്തില്‍ 23 റണ്‍സ് നേടിയ രാഹുല്‍ തെവാട്ടിയയും മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിംഗില്‍ ജോണി ബെയര്‍ സ്‌റ്റോ(13 പന്തില്‍ 22), പ്രഭ്‌സിമ്രാന്‍ സിംഗ്(24 പന്തില്‍ 35),ഇംപാക്ട് പ്ലെയര്‍ അശുതോഷ് ശര്‍മ(17 പന്തില്‍ 31) എന്നിവരും മികച്ച പ്രകടനം നടത്തി. ഇതോടെ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും പഞ്ചാബിനായി.

Related Articles

Back to top button