Cricket

അന്ന് ഞാനെന്റെ തോട്ടത്തില്‍ മാങ്ങ പറിക്കുകയായിരുന്നു!! തനിക്കെതിരേ ഉയരുന്ന ആരോപണം നിഷേധിച്ച് അമ്പാട്ടി റായുഡു

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ റിതുരാജ് ഗെയ്ക്വാദിനെയും മുന്‍ നായകന്‍ എം എസ് ധോണിയെയും കുറ്റപ്പെടുത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ ചെന്നൈ താരം അംബാട്ടി റായുഡു.

ലഖ്‌നൗവിനെതിരായ തോല്‍വിയ്ക്ക് കാരണം റിതുരാജിന്റ മോശം ക്യാപ്റ്റന്‍സിയാണെന്ന് റായുഡു കമന്ററിയില്‍ പറഞ്ഞുവെന്നാണ് മെന്‍ എക്‌സ്പി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തത്.

ഡെത്ത് ഓവറുകളില്‍ റുതുരാജിന്റെ മോശം ഫീല്‍ഡ് പ്ലേസ്‌മെന്റുകളാണ് തോല്‍വിക്ക് കാരണമെന്നും ക്യാപ്റ്റനെന്ന നിലയില്‍ റിതുരാജിന്റെ പരിചയക്കുറവാണ് ചെന്നൈയ്ക്ക് തിരിച്ചടിയായതെന്നും റായുഡു സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ കമന്ററിയില്‍ പറഞ്ഞുവെന്നായിരുന്നു മെന്‍ എക്‌സ്പി റിപ്പോര്‍ട്ട് ചെയ്തത്.

ഇതേ ചര്‍ച്ചയില്‍ മുന്‍ ഇന്ത്യന്‍ താരം നവജ്യോത് സിംഗ് സിദ്ദു ചെന്നൈ മുന്‍ നായകന്‍ എം.എസ് ധോണിയെ കുറ്റപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ചെന്നൈയുടെ വിജയങ്ങളുടെ ക്രെഡിറ്റ് ധോണിക്ക് നല്‍കുന്നതുപോലെ പരാജയങ്ങളുടെ ഉത്തരവാദിത്തവും ധോണിക്ക് നല്‍കണമെന്ന് സിദ്ദു പറഞ്ഞതായായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ താന്‍ അത്തരമൊരു അഭിപ്രായ പ്രകടനമേ നടത്തിയിട്ടില്ലെന്നാണ് അംബാട്ടി റായുഡു ഇപ്പോള്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.


”ആ ദിവസം ഞാന്‍ കമന്ററി പറയാന്‍ പോലും പോയിട്ടില്ല. ഞാനെന്റെ ഫാമില്‍ മാങ്ങ പറിക്കാന്‍ പോയിരിക്കുകയായിരുന്നു. എന്തെങ്കിലുമൊക്കെ എഴുതുമ്പോള്‍ കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കാവുന്നതാണ്, അല്ലാതെ മണ്ടത്തരങ്ങള്‍ പ്രചരിപ്പിക്കരുത്.” റായുഡു എക്‌സ് പോസ്റ്റില്‍ കുറിച്ചു.

സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദിന്റെ ബലത്തില്‍ ചെന്നൈ 210 റണ്‍സ് നേടിയെങ്കിലും മാര്‍ക്കസല് സ്റ്റോയിനിസിന്റെ അപരാജിത സെഞ്ചുറി അവരെ തകര്‍ക്കുകയായിരുന്നു.

Related Articles

Back to top button