Cricket

സഞ്ജു ടീമില്‍ തിരിച്ചെത്തിയതില്‍ അതിയായ സന്തോഷമുണ്ട് !! സഞ്ജുവിനെ പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം

മലയാളികളുടെ സ്വന്തം സഞ്ജു സാംസണിന്റെ വലിയൊരാരാധകനാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. സഞ്ജുവിനോടുള്ള ഇഷ്ടം താരം മുമ്പും തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ സഞ്ജുവിന് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടംകിട്ടിയതിനെപ്പറ്റി തുറന്നു പറഞ്ഞും, താരത്തെ പുകഴ്ത്തിയും രംഗത്തെത്തിയിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്.

സ്ഥിരതയില്ലായ്മയാണ് സഞ്ജുവിനെ പലപ്പോഴും ചതിച്ചിട്ടുണ്ട്. ടീമില്‍ പതിവുകാരനാകുന്നതില്‍ നിന്നും സഞ്ജുവിനെ തടഞ്ഞതും ഈ സ്ഥിരതയില്ലായ്മയാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറി എല്ലാ അപവാദങ്ങളെയും തൂത്തെറിഞ്ഞിരിക്കുകയാണ്.

തന്റെ യൂട്യൂബ് ചാനലിലാണ് സഞ്ജു സാംസണെ കുറിച്ച് എബി ഡിവില്ലിയേഴ്സ് തുറന്നു പറഞ്ഞത്.

”ഞാന്‍ സഞ്ജു സാംസണിന്റെ വലിയ ആരാധകനാണ്. അവന്‍ ഒരു മികച്ച കളിക്കാരനാണെന്ന് ഞാന്‍ കരുതുന്നു. വര്‍ഷങ്ങളായി രാജസ്ഥാന്‍ റോയല്‍സിനായി അദ്ദേഹം അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. അദ്ദേഹം(അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍) ടീമില്‍ തിരിച്ചെത്തിയതില്‍ വളരെയധികം സന്തോഷമുണ്ട്.” ഡിവില്ലിയേഴ്‌സ് പറയുന്നു.

ദക്ഷിണാഫ്രിക്കയില്‍ സഞ്ജു സാംസണ്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു. അവസാന ഏകദിനത്തില്‍ നേടിയ സെഞ്ചുറി ഈ പ്രവചനം കൃത്യമാക്കുകയും ചെയ്തു. ഇന്ന് മൊഹാലിയില്‍ നടക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ആദ്യ ട്വന്റി20യില്‍ സഞ്ജു ടീമില്‍ ഇടംപിടിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

Related Articles

Back to top button