Cricket

ഇന്ത്യയ്ക്ക് 10 കളിക്കാര്‍ മാത്രം!! അശ്വിന്‍ പാതിവഴിയില്‍ ടീംവിട്ടു!! രാജ്‌കോട്ടില്‍ രോഹിതിന് പ്രതിസന്ധി!!

ഇംഗ്ലണ്ടിനെതിരേ മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട സ്‌കോര്‍ നേടിയെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ടെസ്റ്റില്‍ വലിയ തിരിച്ചടിയാണ് രണ്ടാംദിവസം നേരിട്ടത്. ഇംഗ്ലണ്ട് ബാസ്‌ബോള്‍ രീതിയില്‍ അതിവേഗം തിരിച്ചടിച്ച് സ്‌കോര്‍ ചെയ്തത് മാത്രമല്ല പ്രശ്‌നത്തിന് കാരണം.

സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ടെസ്റ്റില്‍ നിന്ന് പിന്മാറിയതാണ് രോഹിത് ശര്‍മയെയും സംഘത്തെയും പ്രതിസന്ധിയിലാക്കിയത്. ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയായ അശ്വിന്‍ ഇനി രാജ്‌കോട്ട് ടെസ്റ്റില്‍ കളിക്കില്ല. അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ടാണ് താരം ഉടനടി ചെന്നൈയിലേക്ക് മടങ്ങിയത്.

ക്രിക്കറ്റ് നിയമമനുസരിച്ച് തലയ്ക്ക് പരിക്കേറ്റാല്‍ മാത്രമാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ വഴി പകരക്കാരനെ നിശ്ചയിക്കാന്‍ സാധിക്കുകയുള്ളൂ. അശ്വിന്റെ കാര്യത്തില്‍ ഇത് ബാധകമല്ല. ഫലത്തില്‍ ഇന്ത്യയ്ക്ക് പത്തുപേരെ വച്ച് കളിക്കേണ്ടി വരും.

അശ്വിന് പകരമായി ഒരാള്‍ക്ക് ഫീല്‍ഡിംഗില്‍ ഇറങ്ങാന്‍ സാധിക്കും. എന്നാല്‍ ബാറ്റിംഗിലും ബൗളിംഗിലും അശ്വിന്റെ വിടവ് അടയ്ക്കാന്‍ സാധിക്കുകയില്ല. ടീമുമായും ബിസിസിഐയുമായും സംസാരിച്ചാണ് അശ്വിന്‍ ടെസ്റ്റ് മതിയാക്കി മടങ്ങുന്നത്.

പിച്ച് സ്പിന്നിന് കൂടുതല്‍ അനുകൂലമായി നില്‍ക്കുന്ന സമയത്ത് അശ്വിന്റെ അഭാവം ഇംഗ്ലീഷ് ക്യാംപിന് വലിയ ആശ്വാസമാകും സമ്മാനിക്കുക. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവുമാണ് ഇനി പ്രധാന സ്പിന്നര്‍മാരായി ഇന്ത്യന്‍ നിരയിലുള്ളത്.

ഇരുവരും ലെഫ്റ്റ് ആം സ്പിന്നര്‍മാരാണ് എന്നത് ഇംഗ്ലണ്ടിന് കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാനുള്ള വഴിതെളിക്കും. ഒരേ ശൈലിയില്‍ പന്തെറിയുന്നവരാണ് ജഡേജയും കുല്‍ദീപും. അശ്വിനെ പോലൊരു ബൗളറുടെ അസാന്നിധ്യം മറയ്ക്കാന്‍ ഇരുവര്‍ക്കും സാധിക്കുമോയെന്ന് കണ്ടറിയണ്.

രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിലും അശ്വിന്റെ അസാന്നിധ്യം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വലിയ വെല്ലുവിളിയാണ്. പത്തുവിക്കറ്റുമായി കളിക്കേണ്ട അവസ്ഥയിലാണ് ടീം. ആദ്യ ഇന്നിംഗ്‌സില്‍ എട്ടാം വിക്കറ്റില്‍ ധ്രുവ് ജൂറലുമായി ചേര്‍ന്ന് 78 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ അശ്വിന് സാധിച്ചിരുന്നു.

89 പന്തില്‍ 37 റണ്‍സെടുത്ത അശ്വിന്റെ പ്രകടനം ഇന്ത്യയെ 445 റണ്‍സിലെത്തിക്കാന്‍ നിര്‍ണായകമായി. വാലറ്റത്ത് മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്ത് കളിക്കാന്‍ പറ്റുന്ന താരമാണ് അശ്വിന്‍. അതുകൊണ്ട് തന്നെ രണ്ടുരീതിയിലും ഇന്ത്യയ്ക്ക് തിരിച്ചടിയാണ് താരത്തിന്റെ അഭാവം.

വെറും 35 ഓവറില്‍ രണ്ടുവിക്കറ്റിന് 207 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാംദിനം അവസാനിപ്പിച്ചത്. 238 റണ്‍സിന് പിന്നിലാണ് ഇപ്പോഴും അവര്‍. ഒന്നാം ഇന്നിംഗ്‌സില്‍ കാര്യമായ ലീഡ് ഇംഗ്ലണ്ട് നേടുന്ന അവസ്ഥയുണ്ടായാല്‍ ഇന്ത്യ ബാക്ക്ഫൂട്ടിലാകുമെന്നതില്‍ സംശയമില്ല.

Related Articles

Back to top button