CricketIPL

സഞ്ജുവിന്റെ ‘വീഴ്ച്ചയ്ക്ക്’ കാരണം ഇതിഹാസ താരത്തെ അനുസരിക്കാത്തത്; അനിഷ്ടം തുറന്നുപറഞ്ഞ് ശ്രീശാന്ത്!!

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍. പ്രതിഭ കൊണ്ട് മറ്റേതൊരു താരത്തേക്കാളും മുന്നിലാണ് സഞ്ജുവിന്റെ സ്ഥാനം. എന്നാല്‍, പലപ്പോഴും അലക്ഷ്യമായ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് തുലയ്ക്കുന്നതാണ് ഈ മലയാളി താരത്തിന്റെ രീതി.

ഇക്കഴിഞ്ഞ ഐപിഎല്ലിലും ഇതിനൊരു മാറ്റം ഉണ്ടായില്ല. വളരെ മോശം പന്തുകളില്‍ പോലും വിക്കറ്റ് വലിച്ചെറിഞ്ഞ് തുടക്കത്തില്‍ തന്നെ പവലിയനിലേക്ക് തിരിച്ചെത്തുന്നതായിരുന്നു സഞ്ജുവിന്റെ രീതി.

സീസണിന്റെ തുടക്കത്തില്‍ മിന്നിക്കത്തിയ സഞ്ജുവിന് പിന്നീട് താളം നിലനിര്‍ത്താനും സാധിച്ചില്ല. ഇപ്പോഴിതാ സഞ്ജുവിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത് രംഗത്തെത്തിയിരിക്കുന്നു.

ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ സഞ്ജുവിന് കൃത്യമായ ഉപദേശം നല്കിയിരുന്നു. ക്രീസിലെത്തിയ ഉടനെ കടന്നാക്രമണം നടത്തുന്ന രീതി ഒഴിവാക്കാന്‍ സഞ്ജുവിനോട് ആവശ്യപ്പെട്ടിരുന്നു.

ആദ്യത്തെ 10 പന്തുകള്‍ നിങ്ങള്‍ക്ക് പിച്ചുമായി ഇഴുകിചേരാന്‍ കൊടുക്കുക. വിക്കറ്റിന്റെ രീതി മനസിലാക്കുക. ആദ്യത്തെ 12 പന്തില്‍ പൂജ്യം റണ്‍സാണ് നിങ്ങള്‍ക്ക് എടുക്കാന്‍ സാധിക്കുകയെങ്കിലും കുഴപ്പമില്ല.

പിന്നീടുള്ള 25 പന്തില്‍ 50 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സഞ്ജുവിന് സാധിക്കും. അത്രത്തോളം പ്രതിഭ സഞ്ജുവില്‍ ഉണ്ടെന്ന് ഗവാസ്‌കര്‍ പറഞ്ഞതായി ശ്രീ വ്യക്തമാക്കുന്നു. എന്നാല്‍ ഈ വാക്കുകള്‍ ഉള്‍ക്കൊളളാതെ സ്വന്തം ഇഷ്ടപ്രകാരമാണ് സഞ്ജു കളിക്കുന്നതെന്നും ശ്രീ കുറ്റപ്പെടുത്തി.

ഐപിഎല്ലിലെ അവസാന മല്‍സരത്തില്‍ ക്യാപ്റ്റന്റെ ഉത്തരവാദിത്വം പോലും മനസിലാക്കാതെയാണ് സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ഐപിഎല്ലില്‍ മാത്രം ശ്രദ്ധിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെ അവഗണിക്കുന്ന സഞ്ജുവിന്റെ രീതിയെയും ശ്രീശാന്ത് വിമര്‍ശിച്ചു. ഐപിഎല്ലിന് കൂടുതല്‍ പ്രാധാന്യം നല്കി അതില്‍ മാത്രം ശ്രദ്ധ ചെലുത്തുന്നത് ശരിയല്ല. കഴിഞ്ഞ 4-5 വര്‍ഷമായി ഞാന്‍ സഞ്ജുവിനോട് പറയാറുണ്ട് ഇക്കാര്യം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സ്ഥിരമായി തിളങ്ങാന്‍ സാധിക്കണം. ഇഷാന്‍ കിഷന്‍, റിഷാഭ് പന്ത് എന്നിവര്‍ അക്കാര്യത്തില്‍ സഞ്ജുവിലും മുന്നിലാണ്. അതുകൊണ്ട് രാജ്യാന്തര തലത്തില്‍ കളിക്കണമെന്നുണ്ടെങ്കില്‍ കൂടുതല്‍ കരുതല്‍ വേണമെന്നും ശ്രീ ഉപദേശിക്കുന്നു.

ഇത്തവണ ഐപിഎല്ലിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ 55,42 എന്നിങ്ങനെ ആയിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. പിന്നീടുള്ള രണ്ട് ഇന്നിംഗ്‌സുകളിലും താരം സംപൂജ്യനായി പുറത്തായി. 14 കളികളില്‍ നിന്നും 362 റണ്‍സ് മാത്രമാണ് സഞ്ജുവിന് ഇത്തവണ നേടാനായത്.

Related Articles

Back to top button