Football

വനിതകള്‍ക്ക് ഫുട്‌ബോള്‍ ആവേശമായി വുമണ്‍സ് പ്രൈഡ് കപ്പ് ഏപ്രിലില്‍

സ്‌പോര്‍ട്‌സ് രംഗത്തെ മുന്‍നിര വെബ്‌പോര്‍ട്ടലായ സ്‌പോര്‍ട്‌സ്‌ക്യൂ ഓണ്‍ലൈവും സീനാസ് ഫുട്‌ബോള്‍ അക്കാഡമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രഥമ വുമണ്‍സ് പ്രൈഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 18,19 തിയതികളില്‍ കൊച്ചിയില്‍ നടക്കും. അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ അക്കാഡമികള്‍ക്കും ടീമുകള്‍ക്കും പങ്കെടുക്കാം. 20,001 രൂപയാണ് ഒന്നാം സമ്മാനം. റണ്ണേഴ്‌സപ്പിനെ കാത്തിരിക്കുന്നത് 10,000 രൂപയാണ്. ആയിരം രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.

16 ടീമുകള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ടീമുകള്‍ക്കാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരം. സ്‌പോര്‍ട്‌സ്‌ക്യൂ ചാനലിലൂടെ മല്‍സരം തല്‍സമയം ചെയ്യും. വനിതാ ഫുട്‌ബോളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും അതുവഴി ഭാവി ഇന്ത്യന്‍ താരങ്ങളെ സൃഷ്ടിക്കുകയുമാണ് ഇത്തരത്തില്‍ ടൂര്‍ണമെന്റുകള്‍ നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്‌പോര്‍ട്‌സ്‌ക്യൂ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ലിനോ ജെയിംസ് കുളങ്ങരത്തൊട്ടിയില്‍ വ്യക്തമാക്കി.

രാജ്യത്തിനായി മിന്നും നേട്ടങ്ങള്‍ സ്വന്തമാക്കിയ മുന്‍ ഇന്ത്യന്‍ താരം സീനാ സിവിയുടെ ഫുട്‌ബോള്‍ അക്കാഡമിയാണ് വുമണ്‍സ് പ്രൈഡ് കപ്പിന്റെ സഹസംഘാടകര്‍. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് സീന ഇന്ത്യന്‍ ടീമിലെത്തുന്നത്. പിന്നെയങ്ങോട്ട് വനിതാ ഫുട്‌ബോളില്‍ സീന എന്ന താരം നിറഞ്ഞുകളിച്ചു. രാജ്യത്തെ പ്രമുഖ ക്ലബുകള്‍ക്കുമായും സീന പന്തുതട്ടിയിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ കായിക വെബ്‌പോര്‍ട്ടലായ സ്‌പോര്‍ട്ക്യൂ ഓണ്‍ലൈവ് വനിതാ കായികരംഗത്തെ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുയെന്ന ലക്ഷ്യത്തോടെയാണ് വനിതാ സ്‌പോര്‍ട്‌സില്‍ വിവിധ ഈവന്റുകള്‍ സംഘടിപ്പിക്കുന്നത്. മുമ്പ് കോര്‍പറേറ്റ് ഫുട്‌ബോള്‍, സെലിബ്രിറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു. സ്‌പോര്‍ട്‌സ് രംഗത്തെ പ്രഗത്ഭരായ മാധ്യമപ്രവര്‍ത്തകരാണ് സ്‌പോര്‍ട്‌സ്‌ക്യൂ ഓണ്‍ലൈവിനെ നയിക്കുന്നത്.

Related Articles

Back to top button