Football

ഇന്ത്യയില്‍ റൊണാള്‍ഡോയോ നെയ്മറോ കളിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു; എല്ലാം ഇങ്ങനെ നടന്നാല്‍ സ്വപ്‌നം യാഥാര്‍ഥ്യം!!

ഇന്ന് ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച തട്ടകമായി മാറുകയാണ് സൗദി അറേബ്യ എന്ന ഏഷ്യന്‍ രാജ്യം. ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങള്‍ എല്ലാം ഇന്ന് ഇവിടെ പന്ത് തട്ടുന്നുണ്ട്. റൊണാള്‍ഡോയും, നെയ്മറും, ബെന്‍സിമയും ഉള്‍പ്പെടെയുള്ളവരുടെ തട്ടകമാണ് സൗദി പ്രോ ലീഗ്.

ഈ സൂപ്പര്‍ താരങ്ങളില്‍ ചിലര്‍ ഈ സീസണില്‍ ചിലപ്പോള്‍ ഇന്ത്യയില്‍ പന്തുതട്ടാനെത്തിയേക്കും. അതിന് വഴിയൊരുക്കാന്‍ പോകുന്നത് ഐഎസ്എല്‍ ക്ലബ് മുംബൈ സിറ്റിയാകും. 2023-24 സീസണിലെ എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യയില്‍ നിന്ന് മത്സരിക്കുന്ന ഏക ഇന്ത്യന്‍ ക്ലബ്ബാണ് മുംബൈ സിറ്റി എഫ്സി.

കഴിഞ്ഞ സീസണിലെ ഷീല്‍ഡ് ജോതാക്കളായാണ് മുംബൈയുടെ ചാമ്പ്യന്‍സ് ലീഗ് പ്രവേശനം. ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പില്‍ പടിഞ്ഞാറന്‍ മേഖലയിലാണ് മുംബൈയുടെ ഇടം.

ഓഗസ്റ്റ് 24 നാണ് നറുക്കെടുപ്പ് നടക്കുക. പ്ലേ ഓഫ് കളിച്ചെത്തുകയാണെങ്കില്‍ സൗദി പ്രൊ ലീഗില്‍ നിന്നും നാല് ടീമുകള്‍ ചാമ്പ്യന്‍സ് ലീഗില്‍ ഉണ്ടാവും. നറുക്കെടുപ്പില്‍ ഈ സൗദി ടീമുകളില്‍ ഏതെങ്കിലുമൊന്ന് മുംബൈയുടെ ഗ്രൂപ്പില്‍ വരാന്‍ സാധ്യതയുണ്ട്.

അതേസമയം, അടുത്ത സീസണ്‍ മുതല്‍ ഏഷ്യന്‍ ക്ലബ് ഫുട്‌ബോളിന്റെ ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ എഎഫ്‌സി നടപ്പാക്കിയിട്ടുണ്ട്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് എന്നറിയപ്പെടുന്ന ടൂര്‍ണമെന്റ് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് എലൈറ്റ് എന്നാകും പുനര്‍നാമകരണം ചെയ്യുക.

അതേ സമയം, എഎഫ്‌സി കപ്പിന്റെ പേര് ചാമ്പ്യന്‍സ് ലീഗ് 2 ആയി പുനര്‍നാമകരണം ചെയ്യപ്പെടും. ഈ മത്സരത്തില്‍, രണ്ട് ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും. ഒന്ന് നേരിട്ടുള്ള യോഗ്യതയിലൂടെയും മറ്റൊന്ന് പ്ലേഓഫ് മത്സരങ്ങളിലൂടെയും.

ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ പക്ഷേ ഇന്ത്യന്‍ പ്രതിനിധികള്‍ ഉണ്ടാകില്ല. 40 ക്ലബുകളില്‍ നിന്ന് 24 ടീമുകളിലേക്ക് എലൈറ്റ് ടൂര്‍ണമെന്റ് മാറുന്നതിനാലാണ് ഇന്ത്യയ്ക്ക് പ്രാതിനിധ്യം ഇല്ലാതെ പേകുന്നത്.

 

Related Articles

Back to top button