Football

ബ്രസീല്‍ താരങ്ങള്‍ ഡാന്‍സ് ചെയ്ത് കളിയാക്കുന്നു! വിചിത്ര ആരോപണവുമായി കീന്‍!

ദക്ഷിണ കൊറിയയെ 4-1ന് തോല്‍പ്പിച്ചാണ് ബ്രസീല്‍ രാജകീയമായി ലോകകപ്പ് ക്വാര്‍ട്ടറിലേക്ക് കടന്നത്. തുടക്കം മുതല്‍ ബ്രസീലിന്റെ നിയന്ത്രണത്തിലായിരുന്ന കളിയില്‍ ഒരിക്കല്‍പ്പോലും താളം കണ്ടെത്താന്‍ കൊറിയയ്ക്ക് സാധിച്ചതുമില്ല. ഓരോ ഗോളിനു ശേഷവും ഡാന്‍സ് സ്‌റ്റെപ്പുകളുമായി ആഘോഷം കൊഴുപ്പിച്ചാണ് കാനറികള്‍ ഗ്രൗണ്ട് വിട്ടത്. ഒരു ഗോളിന് കോച്ച് ടിറ്റെയും താരങ്ങള്‍ക്കൊപ്പം നൃത്തച്ചുവടുകളുമായി കൂടി.

ഇപ്പോഴിതാ ബ്രസീലിന്റെ ഡാന്‍സിനെതിരേ രംഗത്തു വന്നിരിക്കുകയാണ് മുന്‍ അയര്‍ലന്‍ഡ് സൂപ്പര്‍താരം റോയ് കീന്‍. ചാനലിന്റെ കമന്ററി സംഘത്തിനൊപ്പമുള്ള കീന്‍ ഇത്തരത്തില്‍ ബ്രസീല്‍ ഡാന്‍സ് ചെയ്യുന്നത് എതിരാളികളെ അപമാനിക്കലാണെന്നാണ് അഭിപ്രായപ്പെട്ടത്. എതിരാളികളെ അപമാനിക്കുന്നത് ശരിയല്ല. ഇത്തരം ഡാന്‍സ് അവര്‍ നിര്‍ത്തണമെന്നും കീന്‍ പറയുന്നു.

ലോകകപ്പ് തുടങ്ങും മുമ്പേ ബ്രസീല്‍ താരങ്ങള്‍ ഡാന്‍സിന്റെ കാര്യം വെളിപ്പെടുത്തിയിരുന്നു. ഓരോ ഗോളും ഓരോ ഡാന്‍സ് സ്‌റ്റെപ്പുകളിലൂടെ ആഘോഷിക്കുമെന്നായിരുന്നു കളിക്കാരുടെ പ്രതികരണം. പത്ത് ഡാന്‍സ് സ്റ്റെപ്പുകള്‍ വരെ തങ്ങള്‍ പഠിച്ചു വച്ചിട്ടുണ്ടെന്നായിരുന്നു നെയ്മര്‍ വെളിപ്പെടുത്തിയത്. ഓരോ ഗോള്‍ നേടിയ ശേഷവും ബ്രസീല്‍ താരങ്ങള്‍ നടത്തുന്ന ഡാന്‍സ് ഏറെ വൈറലായിട്ടുണ്ട്.

ഡാന്‍സിനെതിരേ കീന്‍ നടത്തിയ വിമര്‍ശനത്തിന് മല്‍സരശേഷം നടന്ന പത്രസമ്മേളനത്തില്‍ കോച്ച് ടിറ്റെ മറുപടി നല്‍കി. തന്റെ ടീമിലുള്ള കളിക്കാര്‍ വളരെ ചെറുപ്പമാണ്. അവര്‍ കൂടുതല്‍ ഊര്‍ജസ്വലരുമാണ്. അവര്‍ തങ്ങളുടെ സന്തോഷം ഡാന്‍സിലൂടെ ആഘോഷിക്കുന്നു. അതിലെന്താണ് തെറ്റെന്ന് ടിറ്റെ ചോദിക്കുന്നു.

സെനഗല്‍ ആരാധകരുടെ ഗ്യാലറിയിലെ ശബ്ദമുണ്ടാക്കിയുള്ള ആഘോഷത്തെയും റോയ് കീന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന രീതിയിലാണ് സെനഗല്‍ ആരാധകരുടെ പെരുമാറ്റമെന്നായിരുന്നു കീനിന്റെ അഭിപ്രായം. എന്തായാലും കീന്‍ വിമര്‍ശിച്ചാലും ഇല്ലെങ്കിലും ബ്രസീല്‍ താരങ്ങള്‍ ഡാന്‍സ് നിര്‍ത്താനുള്ള സാധ്യത തീരെ കുറവാണ്.

Related Articles

Back to top button