FootballISL

ഐഎസ്എല്‍ ക്ലബുകള്‍ക്ക് ലാഭവഴി തെളിയുന്നു!! വരുന്നത് വന്‍മാറ്റം!!

2024-25 സീസണ്‍ മുതല്‍ ഉറപ്പായിട്ടും ചിലപ്പോള്‍ 2023 സീസണ്‍ മുതലോ റിലയന്‍സിന്റെ വിയാകോം-സ്‌പോര്‍ട്‌സ് 18 ചാനലുകള്‍ ഐഎസ്എല്‍ സംപ്രേക്ഷണം തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഗ്രൂപ്പിന് 2024 സീസണ്‍ വരെയാണ് കരാറുള്ളത്.

എന്നാല്‍ ഐഎസ്എല്‍ സംപ്രേക്ഷണം തുടരാന്‍ സ്റ്റാറിന് വലിയ താല്പര്യമില്ല. പണപ്പെട്ടി നിറയ്ക്കുന്ന ചില ക്രിക്കറ്റ് ഇവന്റുകളിലേക്ക് മാത്രമായി ശ്രദ്ധ തിരിക്കാനാണ് അവര്‍ക്ക് താല്പര്യം. സ്റ്റാറിന്റെ താല്‍പര്യക്കുറവ് സത്യത്തില്‍ ഐഎസ്എല്ലിന് ദോഷത്തേക്കാളേറെ ഗുണമാണ് ചെയ്യുക.

നിലവില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് തങ്ങളുടെ വരുമാനത്തിന്റെ ഒരു വിഹിതം എഫ്എസ്ഡിഎല്ലിന് നല്‍കുന്നുണ്ട്. എന്നാല്‍ ബ്രോഡ്കാസ്റ്റിംഗ് വരുമാനത്തില്‍ നിന്നും ഒരു ചില്ലിക്കാശ് പോലും ഐഎസ്എല്‍ ടീമുകള്‍ക്ക് ലഭിക്കുന്നില്ല.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് പോയി വിയാകോം വന്നാല്‍ പണം കിട്ടുമോയെന്ന കാര്യത്തില്‍ വിശദീകരണം വന്നിട്ടില്ല. എന്നാല്‍ വിയാകോം ഏറ്റെടുക്കുന്ന സീസണ്‍ മുതല്‍ ടിവി സംപ്രേക്ഷണ അവകാശത്തില്‍ നിന്നും ഒരു പങ്ക് ടീമുകള്‍ക്ക് ലഭിക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

യൂറോപ്യന്‍ ലീഗുകളില്‍ ടീമുകളുടെ നിലവാരം അനുസരിച്ചാണ് ടിവി വരുമാനത്തിന്റെ വിഹിതം കിട്ടുന്നത്. അതായത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലോ ലാലിഗയിലോ ഉള്ള ടീമുകള്‍ക്ക് എല്ലാം ഒരുപോലെയാല്ല വരുമാനത്തിന്റെ പങ്ക്.

ഇപിഎല്ലില്‍ ചെല്‍സിക്ക് കിട്ടുന്ന ടിവി വരുമാന വിഹിതമാകില്ല അവസാന സ്ഥാനങ്ങളിലുള്ള എവര്‍ട്ടണിനും സൗത്താംപ്ടണിനും കിട്ടുക. ഫാന്‍ ബേസും കളി കാണുന്ന ആരാധകരുടെ എണ്ണവുമെല്ലാം ഇക്കാര്യത്തില്‍ പ്രതിഫലിക്കും. കേരള ബ്ലാസ്റ്റേഴ്‌സിനാകും അങ്ങനെ വ്യൂവര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ വരുമാനം വീതം വച്ചാല്‍ കൂടുതല്‍ കിട്ടുക.

ടിവി സംപ്രേക്ഷണം കൂടി റിലയന്‍സിന്റെ കീഴിലാകുന്നതോടെ കൂടുതല്‍ വാണിജ്യവല്‍ക്കരിക്കാന്‍ സംഘാടകര്‍ക്ക് സാധിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് കാര്യമായ പ്രമോഷന്‍ പോലും ഐഎസ്എല്ലിന് നല്‍കുന്നില്ലെന്നതാണ് വാസ്തവം.

സ്‌പോര്‍ട്‌സ് 18 വരുന്നതോടെ അവരുടെ പ്രധാനപ്പെട്ട ഇവന്റായി ഐഎസ്എല്ലിനെ വളര്‍ത്തിയെടുക്കും. കാരണം, റിലയന്‍സ് കോടികളാണ് ഐഎസ്എല്ലില്‍ നിക്ഷേപിച്ചിരിക്കുന്നത്.

Related Articles

Back to top button