Football

ഡി പോള്‍; മെസിയുടെ ബോഡിഗാര്‍ഡ്, അര്‍ജന്റീനയുടെ ബുദ്ധി സിരാകേന്ദ്രം!!

ഞാന്‍ ലിയൊയെ (ലയണല്‍ മെസി) ഏറ്റവും അധികം ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു പരിപാലിക്കുന്നു, എനിക്കറിയാം അദ്ദേഹം എന്നെയും അതേ പോലെയാണെന്ന് – പറയുന്നത് മറ്റാരുമല്ല, അര്‍ജന്റൈന്‍ ടീമിന്റെ മധ്യനിര അടക്കിവാഴുന്ന റോഡ്രിഗൊ ഡി പോള്‍ എന്ന 28കാരന്‍. അര്‍ജന്റൈന്‍ ആരാധകര്‍ ഏറെ ഇഷ്ടത്തോടെ ഡി പോളിനെ വിളിക്കുന്നത് മെസിയുടെ ബോഡിഗാര്‍ഡ് എന്നാണ്.

എന്നുവച്ചാല്‍ മെസിയുടെ വഴികള്‍ തെളിച്ച്, മെസിക്ക് മുന്നോട്ടുള്ള പ്രയാണം സുഗമമാക്കുന്ന ചുമതലക്കാരന്‍… കളത്തില്‍ മാത്രമല്ല, കളത്തിനു പുറത്തും മെസിയും ഡി പോളും ഉറ്റചങ്ങാതിമാരാണ്. അതാണ് കളത്തിനുള്ളില്‍ ഇവര്‍ തമ്മിലുള്ള കെമിസ്ട്രിയുടെ വിജയം.

കളത്തിനു പുറത്തും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്, ഞങ്ങള്‍ ഒന്നിച്ച് ഏറെനേരം ചിലവഴിക്കാറുണ്ട് – ഡി പോള്‍ പറയുന്നു. അതെ, അര്‍ജന്റീന ടീമിന്റെ കളിയില്‍ എന്ത് മാറ്റമാണ് വരുത്തേണ്ടത് എന്ന് മുഖ്യപരിശീലകന്‍ ആദ്യം പറയുന്നത് റോഡ്രിഗോ ഡി പോളിനോടാണ്.

മത്സരത്തിനിടയില്‍ സൈഡ് ലൈനില്‍ എത്തി റോഡ്രിഗൊ ഡി പോള്‍ പരിശീലകന്‍ ലിയോണല്‍ സ്‌കലോനിയോട് സംസാരിക്കുന്നത് നിരവധി തവണ ഖത്തര്‍ ലോകകപ്പില്‍ ആരാധകര്‍ കണ്ടുകഴിഞ്ഞു.

ലയണല്‍ മെസിയിലൂടെ മാത്രമേ ലോകകപ്പ് എന്ന സ്വപ്നം പൂവണിയൂ എന്ന് അര്‍ജന്റീനക്കാര്‍ക്കും ആരാധകര്‍ക്കും അറിയാം. അതിലേക്കുള്ള വഴിയാണ്, അല്ലെങ്കില്‍ മെസിയുടെ അധ്വാനം കുറയ്ക്കാനുള്ള ഷോക്ക് അബ്സോര്‍ബറാണ് ഡി പോള്‍.

2021 കോപ്പ അമേരിക്ക അര്‍ജന്റീന സ്വന്തമാക്കിയപ്പോഴും ഇപ്പോള്‍ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ എത്തിനില്‍ക്കുമ്പോഴും ഡി പോളും മെസിയും തമ്മിലുള്ള കെമിസ്ട്രിയാണ് അര്‍ജന്റീനയുടെ കരുത്ത്. കളത്തില്‍ മെസിയെ തൊട്ടാല്‍ ഡി പോളിന്റെ രക്തം തിളയ്ക്കും എന്നതും മറ്റൊരു വാസ്തവം. 2022 സെപ്റ്റംബറില്‍ ഹോണ്ടുറാസിന് എതിരായ മത്സരത്തിന്റെ 38-ാം മിനിറ്റില്‍ അത് കണ്ടതാണ്.

ഒരു ഹോണ്ടുറാസ് താരം മെസിയെ തോളുകൊണ്ട് ഇടിച്ചു വീഴ്ത്തി. അയാള്‍ക്ക് നേരെ ആദ്യം ഓടിയെത്തിയതും തട്ടിക്കയറിയതും ഡി പോള്‍ ആയിരുന്നു. ഡി പോളിന് ഒപ്പം അര്‍ജന്റീനയുടെ യുവ സംഘങ്ങളും ആ രംഗത്ത് അതിശക്തമായി പ്രതികരിച്ചു. എന്ത് വിലകൊടുത്തും കളത്തിലും കളിയിലും മെസി സംരക്ഷിക്കുന്ന ബോഡിഗാര്‍ഡ് എന്ന വിശേഷണം അന്വര്‍ഥമാക്കുന്ന കളിക്കാരനാണ് റോഡ്രിഗൊ ഡി പോള്‍.

ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റൈന്‍ ടീമില്‍ മുഴുവന്‍ സമയവും കളിച്ച ഏക മധ്യനിരക്കാരനാണ് റോഡ്രിഗൊ ഡി പോള്‍. ആറ് മത്സരങ്ങളില്‍ ഇറങ്ങിയ റോഡ്രിഗൊ ഡി പോള്‍ ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ ഫൈനല്‍ തേര്‍ഡില്‍ ഏറ്റവും അധികം പാസ് നല്‍കിയ കളിക്കാരനുമാണ്. 160 പാസുകള്‍ ആണ് ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ ഫൈനല്‍ തേര്‍ഡില്‍ റോഡ്രിഗൊ ഡി പോള്‍ നടത്തിയത്.

അതില്‍ 121 എണ്ണവും വിജയകരമായ പാസ് ആയിരുന്നു. 76 ശതമാനം പാസിംഗ് കൃത്യതയാണ് റോഡ്രിഗൊ ഡി പോളിന് ഫൈനല്‍ തേര്‍ഡില്‍ ഖത്തറിലുള്ളത് എന്നതും ശ്രദ്ധേയം. 2021 കോപ്പ അമേരിക്കന്‍ ഫൈനലില്‍ ബ്രസീലിനെ 1-0ന് അര്‍ജന്റീന കീഴടക്കിയപ്പോള്‍ എയ്ഞ്ചല്‍ ഡി മരിയയ്ക്ക് ഗോളിലേക്കുള്ള പാസ് നല്‍കിയത് റോഡ്രിഗൊ ഡി പോള്‍ ആയിരുന്നു.

അതും സ്വന്തം പകുതിയില്‍നിന്ന് ഫൈനല്‍ തേര്‍ഡിലേക്കുള്ള ഒരു ലോംഗ് ബോള്‍ പാസ്. അര്‍ജന്റൈന്‍ ആരാധകരെ കുളിരണിയിപ്പിക്കുന്ന അത്തരം നിര്‍ണായക പാസുകളാണ് റോഡ്രിഗൊ ഡി പോളിനെ ഒരു വിസ്മയ താരമാക്കിമാറ്റുന്നത്.

 

Related Articles

Back to top button