FootballISL

ലൂണയ്ക്കായി ആ വലിയ ‘വിട്ടുവീഴ്ച്ച’; സൂപ്പര്‍താരം വീണ്ടും കരാറിലൊപ്പിടാന്‍ കാരണം ഈ നിബന്ധന

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഏറെ കാത്തിരുന്ന വാര്‍ത്തയായിരുന്നു അഡ്രിയാന്‍ ലൂണ വീണ്ടും കരാറില്‍ ഒപ്പിട്ടെന്നത്. ഏതു കളിക്കാരന്‍ ടീംവിട്ടാലും ലൂണ പോകരുതെന്ന് മഞ്ഞപ്പടയുടെ ആരാധകരെല്ലാം ആഗ്രഹിച്ചിരുന്നു. പുതിയ കരാര്‍ യാഥാര്‍ത്ഥ്യമായതോടെ അതു സംഭവിക്കുകയും ചെയ്തു.

ലൂണ ബ്ലാസ്‌റ്റേഴ്‌സിലേക്ക് വന്നപ്പോഴുണ്ടായ അവസ്ഥയല്ല അദേഹത്തിനും ടീമിനും. ഇത്തവണ കരാറൊപ്പിടാന്‍ ലൂണ മുന്നോട്ടുവച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ ക്ലബ് മാനേജ്‌മെന്റിനെ പ്രേരിപ്പിച്ച ഘടകവും ലൂണയുടെ കളിമികവും ആരാധകപിന്തുണയും തന്നെ.

ലൂണയുടെ താല്പര്യം മുന്‍നിര്‍ത്തിയുള്ള കരാറാണ് ഇത്തവണ ഒപ്പിട്ടിരിക്കുന്നത്. അതിലൊന്ന് ഉയര്‍ന്ന പ്രതിഫലമാണ്. ടീമില്‍ പ്രതിഫലകാര്യത്തില്‍ രണ്ടാമതുള്ള താരത്തേക്കാള്‍ 30 ശതമാനത്തിലേറെ ലൂണയ്ക്ക് ലഭിക്കും. ഇനി വേറൊരു താരത്തെ ലൂണയ്ക്കു കിട്ടുന്നതിലും കൂടുതല്‍ പ്രതിഫലത്തില്‍ ടീമിലെത്തിച്ചാല്‍ ലൂണയുടെ പ്രതിഫലം ഓട്ടോമാറ്റിക്കായി കൂടും.

അതുകൊണ്ട് തന്നെ ഇതിലും കൂടുതല്‍ പ്രതിഫലം നല്‍കി ഒരു താരത്തെ ടീമിലെത്തിക്കാന്‍ മാനേജ്‌മെന്റ് ശ്രമിച്ചേക്കില്ല. ടീം ഷീല്‍ഡ് നേടുകയോ പ്ലേഓഫില്‍ എത്തുകയോ ചെയ്താല്‍ താരത്തിന് ബോണസിന് അര്‍ഹതയുണ്ടാകുമെന്നതാണ് രണ്ടാമത്തെ നിബന്ധന.

എഫ്‌സി ഗോവയുടെയും മുംബൈ സിറ്റി എഫ്‌സിയുടെയും വലിയ ഓഫറുകള്‍ വേണ്ടെന്നുവച്ചിട്ടാണ് താരം ബ്ലാസ്റ്റേഴ്‌സില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചത്. ബ്ലാസ്റ്റേഴ്‌സ് നല്‍കിയ കരാറിനേക്കാള്‍ വലിയ പ്രതിഫലവും കൂടുതല്‍ സൗകര്യങ്ങളും വേണ്ടെന്ന് വയ്ക്കാന്‍ ലൂണയെ പ്രേരിപ്പിച്ചതും ടീമുമായുള്ള ഇഴുകിചേരല്‍ തന്നെയാണ്.

ബ്ലാസ്റ്റേഴ്‌സില്‍ തന്നെ നില്‍ക്കുകയാണ് നല്ലതെന്ന മുന്‍കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന്റെ വാക്കുകളും ലൂണയെ ഇവിടെ പിടിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായകമായി. അടുത്ത സീസണിലും ലൂണ തന്നെയാകും ടീമിനെ നയിക്കുക. അതേസമയം, കോച്ചിനെ ഈ മാസമോ അടുത്ത ജൂണ്‍ ആദ്യമോ പ്രഖ്യാപിക്കും.

ലൂണ ക്ലബ്ബുമായുള്ള കരാര്‍ 2027 വരെയാണ് നീട്ടിയത്. ലൂണയുടെ കരാര്‍ നീട്ടിയതിലൂടെ ശക്തവും സുസ്ഥിരവുമായ അടിത്തറ കെട്ടിപ്പടുക്കാനുള്ള ക്ലബ്ബിന്റെ ലക്ഷ്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ ലീഗില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിക്കുമെന്ന് ക്ലബ്ബിന് ആത്മവിശ്വാസമുണ്ടെന്ന് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പ്രതികരിച്ചു.

Related Articles

Back to top button