Cricket

ബദരീനാഥ് ഒഴിവാക്കിയ എന്നെ വീണ്ടും ടീമിലെടുത്തത് റെയ്‌ന !! പഴയ കാര്യം അയവിറക്കി വിരാട് കോഹ്‌ലി

ഈ ഐപിഎല്‍ സീസണിലെ ഏറെ ആവേശകരമായ ഒരു മത്സരത്തിനൊടുവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 27 റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്ലിന്റെ പ്ലേ ഓഫില്‍ കടന്നിരിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നിശ്ചിത 20 ഓവറില്‍ 218 റണ്‍സാണ് നേടിയത് സൂപ്പര്‍താരം വിരാട് കോഹ് ലി(47), ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി(54), രജത് പട്ടീദാര്‍(41), കാമറൂണ്‍ ഗ്രീന്‍(38) എന്നിവരുടെ ബാറ്റിംഗാണ് അവര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

വിജയലക്ഷ്യം 219 ആണെന്നിരിക്കെയും പ്ലേ ഓഫിലെത്താന്‍ 201 റണ്‍സ് മാത്രം മതിയെന്ന വിചാരത്തില്‍ ബാറ്റു വീശിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പക്ഷെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രം നേടാനേ കഴിഞ്ഞുള്ളൂ.

രചിന്‍ രവീന്ദ്ര(61), അജിങ്ക്യ രഹാനെ(33), രവീന്ദ്ര ജഡേജ(42),എംഎസ് ധോണി(25) എന്നിവര്‍ പൊരുതിയെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാനായില്ല.

സീസണിലെ ആദ്യ എട്ടു മത്സരങ്ങളില്‍ ഏഴിലും തോറ്റ ശേഷം ഒരു യക്ഷിക്കഥയെ അനുസ്മരിപ്പിക്കും വിധമാണ് ആറു മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച് ആര്‍സിബി പ്ലേഓഫിലെത്തിയത്.

ഇതിനു മുമ്പ് മൂന്നു തവണ ഫൈനലിലെത്തിയിട്ടുണ്ടെങ്കിലും കിരീടം അവരില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്. ഇത്തവണ കിരീടത്തില്‍ കുറഞ്ഞൊന്നും കോഹ്‌ലിയും കൂട്ടരും ലക്ഷ്യമിടുന്നുണ്ടാവില്ല.

അതേ സമയം മത്സരത്തിന് മുമ്പ് വിരാട് കോഹ്ലിയും സുരേഷ് റെയ്‌നയും തമ്മില്‍ കണ്ടുമുട്ടിയിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

താന്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കടന്നുവരുന്നതില്‍ റെയ്‌ന നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് കോഹ്ലി പറയുന്നത്.

2005 മുതല്‍ 2011 വരെയാണ് എമേര്‍ജിംഗ് ടൂര്‍ണമെന്റ് ക്രിക്കറ്റ് നടന്നത്. ദേശീയ ടീമിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കുയായിരുന്നു ടൂര്‍ണമെന്റിന്റെ ലക്ഷ്യം.

ടൂര്‍ണമെന്റിന്റെ തുടക്കകാലത്ത് സൂബ്രമണ്യം ബദരീനാഥ് ക്യാപ്റ്റനായിരുന്നപ്പോള്‍ താന്‍ മോശം പ്രകടനമാണ് പുറത്തെടുത്ത്. പിന്നാലെ തന്നെ ഒഴിവാക്കാന്‍ ബദരിനാഥ് തീരുമാനിച്ചതായി കോഹ്ലി പറയുന്നു.

ടൂര്‍ണമെന്റിന്റെ പകുതിക്ക് വെച്ച് സുരേഷ് റെയ്‌ന ക്യാപ്റ്റന്‍ സ്ഥാനത്തെത്തി. പിന്നാലെ തന്നെ ടീമിലേക്ക് തിരികെയെടുക്കുകയായിരുന്നു. മധ്യനിര താരമായിരുന്ന തന്നെ ഓപ്പണറാക്കാനും റെയ്‌ന തീരുമാനിച്ചു. അത് തന്റെ പ്രകടനത്തില്‍ നിര്‍ണായക മാറ്റമുണ്ടാക്കിയെന്നും കരിയറിന്റെ വളര്‍ച്ചയ്ക്ക് കാരണമായെന്നും കോഹ്ലി വ്യക്തമാക്കി.

Related Articles

Back to top button