Cricket

ബംഗളൂരു ജയിക്കാന്‍ കാരണം ധോണിയുടെ കൂറ്റന്‍ സിക്‌സറെന്ന് ഡികെ!! സംഗതി ശരിവെച്ച് ആരാധകരും

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 27 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫില്‍ കടന്നിരുന്നു.

ബംഗളൂരു നേടിയത് 218 റണ്‍സ് ആയിരുന്നുവെങ്കിലും 201 റണ്‍സ് നേടിയിരുന്നെങ്കില്‍ റണ്‍റേറ്റിന്റെ ബലത്തില്‍ ചെന്നൈയ്ക്ക് പ്ലേ ഓഫ് കളിക്കാമായിരുന്നു.

ഒരു ഘട്ടത്തില്‍ രവീന്ദ്ര-ജഡേജ എംഎസ് ധോണി സഖ്യം ക്രീസില്‍ നിന്നപ്പോള്‍ അവര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ജഡേജ 22 പന്തില്‍ 42 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ധോണി 13 പന്തില്‍ 25 റണ്‍സ് നേടി. അവസാന രണ്ട് ഓവറില്‍ 35 റണ്‍സാണ് ചെന്നൈക്ക് റണ്‍റേറ്റ് നിലനിര്‍ത്താന്‍ വേണ്ടിയിരുന്നത്.

അത് അവസാന ഓവറായപ്പോഴേക്കും 17 റണ്‍സായി ചുരുങ്ങി. യഷ് ദയാലിനെതിരെ ആദ്യ പന്തില്‍ ധോണി പടുകൂറ്റന്‍ സിക്‌സര്‍ നേടിയെങ്കിലും രണ്ടാം പന്തില്‍ പുറത്താവുകയായിരുന്നു.

പിന്നീട് നാലു പന്തില്‍ 11 റണ്‍സ് വേണമെന്നിരിക്കെ ക്രീസിലെത്തിയ ശാര്‍ദൂല്‍ താക്കൂറിന് ആദ്യ പന്ത് കണക്ട് ചെയ്യാനായില്ല. രണ്ടാം പന്തില്‍ സിംഗിള്‍ എടുത്തതോടെ വിജയലക്ഷ്യം രണ്ടു ബോളില്‍ 10 റണ്‍സായി. കഴിഞ്ഞ തവണത്തെ ഫൈനലില്‍ രണ്ടു പന്തില്‍ 10 റണ്‍സ് നേടി ചെന്നൈയെ വിജയത്തിലെത്തിച്ച രവീന്ദ്ര ജഡേജയ്ക്ക് ഇക്കുറി അതിനു കഴിഞ്ഞില്ല.

യാഷ് ദയാലിന്റെ സ്ലോബോളുകള്‍ ജഡേജയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. രണ്ടു പന്തുകളും ചെന്നൈ ഓള്‍റൗണ്ടര്‍ക്ക് ബാറ്റില്‍ കൊള്ളിക്കാനായില്ല. ആര്‍സിബി പ്ലേ ഓഫിലേക്ക്.

എന്നാല്‍ ഓവറിലെ ആദ്യ പന്തില്‍ ധോണി നേടിയ ആ സിക്സ് തന്നെയാണ് മത്സരം ആര്‍സിബിയുടെ വരുതിയിലാക്കിയതെന്നാണ് ചിലരെങ്കിലും വിശ്വസിക്കുന്നത്.

ആര്‍സിബി വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികും അങ്ങനെതന്നെയാണ് പറയുന്നത്. ഈ സീസണിലെ ഏറ്റവും വലിയ സിക്‌സാണ് ധോണിയുടെ ബാറ്റില്‍ നിന്നും സ്‌റ്റേഡിയത്തിനു വെളിയിലേക്ക് പറന്നത്. 110 മീറ്റര്‍ ദൂരത്താണ് പന്തു ചെന്നു പതിച്ചത്.


ഇതോടെ മത്സരത്തിന് മറ്റൊരു പന്ത് ഉപയോഗിക്കേണ്ടി വരികയായിരുന്നു. ഇതാണ് വഴിത്തിരിവായതെന്ന് ദിനേശ് കാര്‍ത്തിക് പറയുന്നു.

മഴയില്‍ കുതിര്‍ന്ന ഗ്രൗണ്ടില്‍ പന്തെറിയാന്‍ ബുദ്ധിമുട്ടായിരുന്നു. ബൗളര്‍മാര്‍ പന്ത് കയ്യിലൊതുക്കാന്‍ പാടുപ്പെട്ടു. നനവ് കാരണം പന്ത് വഴുതുന്നുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു പന്ത് വന്നതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു.

ദയാലിന് പന്ത് നന്നായി പിടിക്കാന്‍ സാധിച്ചു. വഴുക്കലുണ്ടായിരുന്നില്ല. അടുത്ത പന്തില്‍ ധോണി പുറത്താവുകയും പിന്നീട് ഷാര്‍ദുല്‍ താക്കൂറിനെതിരെ നന്നായി എറിയാനും സാധിച്ചു.


അവസാന രണ്ട് പന്ത് നേരിട്ടത് ജഡേജയായിരുന്നു. ജഡേജയ്‌ക്കെതിരേ സ്ലോ ബോള്‍ കൃത്യമായി എറിയാനും പുതിയ പന്ത് സഹായകമായി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പാക്കിയ മറ്റു ടീമുകള്‍.


ഇന്ന് ഐപിഎല്ലില്‍ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ അവസാനിക്കും ഇതിനു ശേഷം മാത്രമേ ക്വാളിഫയര്‍, എലിമിനേറ്റര്‍ മത്സരങ്ങളേക്കുറിച്ചുള്ള ചിത്രം തെളിയൂ.

ആദ്യ ക്വാളിഫയറില്‍ ആരാണ് കൊല്‍ക്കത്തയുടെ എതിരാളികളെന്നും എലിമിനേറ്ററില്‍ ബംഗളൂരുവിന്റെ എതിരാളികള്‍ ആരെന്നും ഇന്നത്തെ മത്സരങ്ങള്‍ക്കു ശേഷം മാത്രമേ അറിയൂ.

ഹൈദരാബാദ് ജയിക്കുകയും രാജസ്ഥാന്‍ തോല്‍ക്കുകയും ചെയ്താല്‍ രാജസ്ഥാന്‍ എലിമിനേറ്ററിലേക്ക് പിന്തള്ളപ്പെടുകയും ഹൈദരാബാദ് ക്വാളിഫയര്‍ കളിക്കുകയും ചെയ്യും. ഇരു ടീമുകളും വിജയിച്ചാല്‍ രാജസ്ഥാനാവും ക്വാളിഫയറിലേക്ക് മുന്നേറുക.

രാജസ്ഥാന്‍ തോല്‍ക്കുകയും മഴ വന്ന് ഹൈദരാബാദിന്റെ കളി ഉപേക്ഷിക്കുകയും ചെയ്താലും ഹൈദരാബാദ് രണ്ടാമന്മാരായി ക്വാളിഫയറിലേക്ക് മുന്നേറും. ഈ സാഹചര്യത്തില്‍ എന്തു വില നല്‍കിയും മത്സരം ജയിക്കണമെന്നുറച്ചാവും സഞ്ജു സാസണും സംഘവും ഇന്ന് കളത്തിലിറങ്ങുക.

Related Articles

Back to top button