Cricket

കരിയറില്‍ അത്രത്തോളം എന്റെ ഹൃദയം തകര്‍ത്ത മറ്റു സംഭവങ്ങളില്ല !! തുറന്നു പറച്ചിലുമായി വിരാട് കോഹ്‌ലി

വിരാട് കോഹ് ലി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സീസണായിരുന്നു 2016. ആ സമയത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു കോഹ്‌ലി.

2016 ഐപിഎല്‍ സീസണില്‍ 81.08 ശരാശരിയില്‍ 973 റണ്‍സാണ് കോഹ്ലി സ്‌കോര്‍ ചെയ്തത്. സീസണില്‍ നാല് സെഞ്ചുറിയും ഏഴ് അര്‍ധ സെഞ്ചുറിയും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

ആ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ 41 ഇന്നിംഗ്‌സുകളില്‍ നിന്നായി 2595 റണ്‍സ് നേടാനും വിരാടിനായി.

ആ വര്‍ഷം തുടര്‍ച്ചയായി മൂന്ന് ടെസ്റ്റ് പരമ്പര വിജയങ്ങളിലേക്ക് അദ്ദേഹം നീലപ്പടയെ നയിക്കുകയും ചെയ്തു. പക്ഷെ ചില പരാജയങ്ങള്‍ അദ്ദേഹത്തിന് വലിയ വേദന സമ്മാനിച്ചു.

2016ലെ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ അന്നത്തെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനോട് തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി.

കൂടാതെ, ഐപിഎല്‍ ഫൈനലില്‍ ഡേവിഡ് വാര്‍ണര്‍ നയിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും കോഹ്ലിയുടെ നേതൃത്വത്തില്‍ ബാംഗ്ലൂര്‍ തോല്‍വി ഏറ്റുവാങ്ങി.

2016ലെ ഐപിഎല്‍ ഫൈനല്‍ തോല്‍വിയും അതേ വര്‍ഷം തന്നെ വാങ്കഡെയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യന്‍ ടീമിന്റെ ട്വന്റി20 ലോകകപ്പ് സെമി ഫൈനല്‍ തോല്‍വിയും തന്റെ ഹൃദയം തകര്‍ത്തുവെന്ന് ജിയോ സിനിമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിരാട് പറഞ്ഞു.

2016ല്‍ എനിക്ക് രണ്ട് ഹൃദയഭേദകമായ നിമിഷങ്ങല്‍ ഉണ്ടായി. ആദ്യം ടി20 ലോകകപ്പ്, അതിനുശേഷം ഐപിഎല്‍ ഫൈനല്‍. ഞങ്ങള്‍ വളരെ ശക്തമായ നിലയിലായതിനാല്‍ ലോക ട്വന്റി20 ലോകകപ്പ് ജയിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നി. അതിനാല്‍ എനിക്ക് ആ തോല്‍വിയില്‍ നിന്ന് മോചിതനാകാന്‍ കുറച്ച് ദിവസമെടുത്തു. കോഹ്ലി പറഞ്ഞു.

Related Articles

Back to top button