Cricket

രോഹിത് ശര്‍മ മുംബൈയില്‍ തുടരുമോ ? ബൗച്ചറുടെ മറുപടി ആരാധകരെ നിരാശരാക്കുന്നത്…

മുംബൈ ഇന്ത്യന്‍സിന് ഏറെ നിരാശാജനകമായ ഒരു ഐപിഎല്‍ സീസണാണ് കടന്നു പോയത്. പതിനാല് മത്സരങ്ങളില്‍ പത്തിലും പരാജയപ്പെട്ട അവര്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായായാണ് സീസണ്‍ അവസാനിപ്പിച്ചത്.

ഇതിനിടയില്‍ മുംബൈ ആരാധകരെ കൂടുതല്‍ നിരാശരാക്കുകയാണ് സൂപ്പര്‍താരവും മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മ ടീം വിട്ടേക്കുമെന്ന വിവരം.

സീസണിലെ അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു തോറ്റതിനു പിന്നാലെ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സില്‍ തുടരുമോ എന്ന ചോദ്യത്തിന് മുഖ്യ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ നല്‍കിയ മറുപടി ആരാധകര്‍ക്ക് നിരാശ പകരുന്നതാണ്.

എന്നെ സംബന്ധിച്ചിടത്തോളം രോഹിത്തിന്റെ ഭാവി തീരുമാനിക്കുന്നത് അദ്ദേഹം തന്നെയാണ്. അടുത്ത സീസണില്‍ ഐപിഎല്ലില്‍ മെഗാ താരലേലമാണ് നടക്കാന്‍ പോകുന്നത്. കണ്ടറിയണം, എന്താണ് സംഭവിക്കുകയെന്ന് എന്നായിരുന്നു ബൗച്ചറുടെ മറുപടി.

ഈ സീസണിലെ രോഹിത്തിന്റെ പ്രകടനത്തെ രണ്ടായി ഭാഗിക്കാമെന്നും നല്ലരീതിയില്‍ തുടങ്ങിയശേഷം പിന്നീട് രണ്ടാം പകുതിയില്‍ രോഹിത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നും മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞു.

തുടക്കം മുതല്‍ ആക്രമണ ക്രിക്കറ്റ് കാഴ്ചവെക്കാനാണ് രോഹിത് ശ്രമിച്ചത്. പക്ഷെ ചില മത്സരങ്ങളില്‍ നിര്‍ഭാഗ്യവശാല്‍ വലിയ സ്‌കോറുകള്‍ നേടാനായില്ല. അത് ടീമിനും ഗുണകരമായിരുന്നില്ല.

എന്നാല്‍ ഇന്നലെ ലഖ്‌നൗവിനെതിരെ മികച്ച പ്രകടനം നടത്തിയാണ് രോഹിത് സീസണ്‍ അവസാനിപ്പത്. കഴിഞ്ഞ ദിവസം രാത്രി രോഹിത്തുമായി സംസാരിച്ചിരുന്നു. ഈ സീസണിലെ പ്രകടനത്തെക്കുറിച്ച് ഞങ്ങള്‍ അവലോകനം ചെയ്തിരുന്നു.

അതിനുശേഷം ഇനി എന്താണ് അടുത്തതെന്ന് ഞാനദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ട്വന്റി20 ലോകകപ്പ് എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ബൗച്ചര്‍ പറഞ്ഞു.

ലഖ്‌നൗവിനെതിരേ 38 പന്തില്‍ 68 റണ്‍സടിച്ചതോടെ രോഹിത് സീസണില്‍ മുംബൈയുടെ ടോപ് സ്‌കോററായി മാറിയിരുന്നു. രോഹിത് ശര്‍മ്മ ഇന്നലെ ലഖ്‌നൗവിനെതിരെ കളിച്ചത് മുംബൈ കുപ്പായത്തിലെ അവസാന ഐപിഎല്‍ മത്സരമാണ് എന്നു തന്നെയാണ് ഒരു വിഭാഗം ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Related Articles

Back to top button