CricketIPL

24 മണിക്കൂറില്‍ 2 ‘വിഡ്ഡി’ തീരുമാനം സണ്‍റൈസേഴ്‌സ് വക; ഐപിഎല്ലില്‍ തിരിച്ചടിയായേക്കും!!

ഇത്തവണ ഐപിഎല്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ടീമുകളെല്ലാം തന്നെ തങ്ങളുടെ ആദ്യഘട്ട പരിശീലന ക്യാംപുമായി മുന്നോട്ടു പോകുകയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യഘട്ട ക്യാംപ് നടക്കുന്നത് കേരളത്തിലെ പെരിന്തല്‍മണ്ണയിലാണ്. അതുപോലെ ടീമുകളെല്ലാം തന്നെ ഒരുക്കങ്ങളുടെ സ്പീഡ് കൂട്ടിയിട്ടുണ്ട്.

ഐപിഎല്ലിലെ കോച്ചിംഗ് സ്റ്റാഫില്‍ പലരുടെയും പേരുകള്‍ നേരത്തെ തന്നെ ടീമുകള്‍ വെളിപ്പെടുത്തിയിരുന്നു. ചുരുക്കം ചില മാറ്റങ്ങള്‍ മിക്ക ടീമുകളിലുമുണ്ട്. ഒരുദിവസം തന്നെ രണ്ട് സുപ്രധാന മാറ്റങ്ങള്‍ ടീമിലും കോച്ചിംഗ് സ്റ്റാഫിലും വരുത്തി ഞെട്ടിച്ചിരിക്കുന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്.

ആദ്യം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രത്തെ മാറ്റി ഓസ്‌ട്രേലിയയുടെ ലോകകപ്പ് നായകന്‍ പാറ്റ് കമ്മിന്‍സിനെ പ്രതിഷ്ടിച്ചതാണ് ഏവരെയും ഞെട്ടിച്ചത്. ഫ്രാഞ്ചൈസി ലീഗുകളിലും ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിലും മാര്‍ക്രത്തിന്റെ പ്രകടനം ഗംഭീരമായിരുന്നു.

ഫ്രാഞ്ചൈസി ലീഗുകളിലെ ക്യാപ്റ്റന്മാരുടെ പട്ടികയിലെ ഒന്നാമനെന്ന് വിലയിരുത്തുന്ന എയ്ഡനെ മാറ്റിയത് ആരാധകരെ മൊത്തത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും കമ്മിന്‍സ് ഗംഭീരമാണെങ്കിലും അദേഹത്തിന്റെ ട്വന്റി-20 ക്യാപ്റ്റന്‍സിക്ക് വലിയ മാര്‍ക്ക് പലരും നല്കുന്നില്ല.

ഇത്തരമൊരു അവസ്ഥയില്‍ മാര്‍ക്രത്തിനു പകരക്കാരനായി കമ്മിന്‍സിനെ കൊണ്ടുവന്ന തീരുമാനം ക്രിക്കറ്റ് ലോകത്തെ ആശ്ചര്യപ്പെടുത്തി. ഇത്തവണ റിക്കാര്‍ഡ് തുകയ്ക്കാണ് സണ്‍റൈസേഴ്‌സ് കമ്മിന്‍സിനെ ടീമിലെത്തിച്ചത്. ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരവുമായി കമ്മിന്‍സ് മാറും ഇതോടെ.

ക്യാപ്റ്റനെ മാറ്റി മണിക്കൂറുകള്‍ക്കുള്ളില്‍ കോച്ചിംഗ് സ്റ്റാഫിലും മറ്റൊരു ദക്ഷിണാഫ്രിക്കക്കാരനെ സണ്‍റൈസേഴ്‌സ് മാനേജ്‌മെന്റ് തെറിപ്പിച്ചു. പേസ് ബൗളിംഗ് കോച്ചായിരുന്ന ഡെയ്ല്‍ സ്‌റ്റെയ്‌ന് പകരം മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് ഫ്രാങ്ക്‌ളിനെയാണ് പുതിയ സ്ഥാനത്ത് അവരോധിച്ചിരിക്കുന്നത്.

2022 മുതല്‍ സണ്‍റൈസേഴ്‌സിന്റെ ഒപ്പമുള്ള സ്റ്റെയ്‌ന്റെ മടക്കത്തിന്റെ കാരണം വ്യക്തമല്ല. വ്യക്തിപരമായ തീരുമാനങ്ങളാണ് പേസ് എക്‌സ്പ്രസിന്റെ പോക്കിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഉമ്രാന്‍ മാലിക്ക്, ടി. നടരാജന്‍ എന്നീ ബൗളര്‍മാരെ തേച്ചുമിനുക്കി അപകടകാരികളാക്കി മാറ്റിയത് സ്റ്റെയ്‌ന്റെ സാന്നിധ്യം മൂലമായിരുന്നു.

ഫാസ്റ്റ് ബൗളര്‍ എന്നതിനേക്കാള്‍ ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ജെയിംസ് ഫ്രാങ്ക്‌ളിന്‍ തിളങ്ങിയത്. മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ 2011, 2012 സീസണുകളില്‍ താരം കളിച്ചിരുന്നു. ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാനും സാധിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും പരിശീലകനെന്ന നിലയില്‍ ഫ്രാങ്ക്‌ളിന് അനുഭവസമ്പത്തുണ്ട്. എന്നാല്‍ ഐപിഎല്‍ ടീമിനൊപ്പം പരിശീലക റോളില്‍ ആദ്യമായിട്ടാണ്. സണ്‍റൈസേഴ്‌സ് ടീമിന്റെ ഹെഡ് കോച്ച് ഡാനിയേല്‍ വെട്ടോറിയാണ്.

വെട്ടോറിയുമായുള്ള സൗഹൃദമാണ് ഫ്രാങ്ക്‌ളിനെ ഹൈദരാബാദില്‍ എത്തിച്ചതെന്നാണ് വിവരം. ഇരുവരും ന്യൂസിലന്‍ഡ് ദേശീയ ടീമില്‍ ഒന്നിച്ചു കളിച്ചവരാണ്. പിന്നീട് പരിശീലക കാലത്ത് ഇംഗ്ലീഷ് കൗണ്ടി ടീം മിഡില്‍സെസിലും ഇരുവരും ഒന്നിച്ചുണ്ടായിരുന്നു.

Related Articles

Back to top button