CricketIPL

ഇഷാന്റെ ധാര്‍ഷ്ട്യം സഞ്ജുവിന് ലോട്ടറി!! നിര്‍ണായക തീരുമാനത്തിന് ദ്രാവിഡ്; മലയാളി താരത്തിന് മിഷന്‍ യുഎസ്എ!!

ട്വന്റി-20 ലോകകപ്പിന് ഇനി 100 ദിവസത്തില്‍ താഴെ മാത്രമാണ് ബാക്കിയുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അവസാനിക്കുന്നതോടെ ടീം ഇന്ത്യ ലോകകപ്പ് ഒരുക്കത്തിലേക്ക് കടക്കും. ഇതിന്റെ ആദ്യ പടിയാണ് ഐപിഎല്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മിന്നും പ്രകടനം നടത്തുന്നവരെ ലോകകപ്പ് ടീമിലേക്കും പരിഗണിക്കും.

ഇത്തവണ ലോകകപ്പിലേക്കുള്ള കളിക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന് ടീമില്‍ ഇടമുണ്ടാകില്ലെന്നത്. ബിസിസിഐയെ വെല്ലുവിളിച്ച് രഞ്ജി ട്രോഫി കളിക്കാതെ കറങ്ങി നടന്ന താരത്തെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദേശം ബോര്‍ഡ് നല്‍കി കഴിഞ്ഞു.

റിഷാഭ് പന്ത് പരിശീലനം പുനരാരംഭിച്ചെങ്കിലും സജീവ ക്രിക്കറ്റിലേക്ക് വിക്കറ്റ് കീപ്പറുടെ റോളില്‍ മടങ്ങിവരാന്‍ സമയമെടുക്കും. അതുകൊണ്ട് തന്നെ ലോകകപ്പ് ടീമിലേക്ക് ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തയാറായേക്കില്ല. ഈ അവസരത്തിലാണ് സഞ്ജു സാംസണിന്റെ സാധ്യത വര്‍ധിക്കുന്നത്.

ഐപിഎല്ലില്‍ മിന്നും പ്രകടനം പുറത്തെടുത്താല്‍ ലോകകപ്പ് ടീമിലേക്ക് മലയാളിതാരത്തിന് വിളിയുറപ്പാണ്. ലോകകപ്പ് നടക്കുന്ന വിന്‍ഡീസിലെ പിച്ചുകളില്‍ കളിച്ച് പരിചയിച്ച താരമെന്ന ആനുകൂല്യവും സഞ്ജുവിന് ഗുണം ചെയ്യും.

ലോകകപ്പ് ടീമിലേക്ക് വിക്കറ്റ് കീപ്പറുടെ റോളില്‍ സഞ്ജുവിന് എതിരാളികളായിട്ടുള്ളത് ജിതേഷ് ശര്‍മയും ധ്രുവ് ജൂറലുമാണ്. ഇരുവരെയും മേലെയാണ് നിലവില്‍ സഞ്ജുവിന്റെ സാധ്യത. എന്നാല്‍ ഐപിഎല്ലില്‍ വെടിക്കെട്ട് പ്രകടനം ഉണ്ടായാല്‍ ഇവര്‍ക്കും ചാന്‍സുണ്ട്.

ലോകകപ്പില്‍ കെഎല്‍ രാഹുലിനെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്റെ റോളില്‍ കളിപ്പിക്കാനാണ് സാധ്യത കൂടുതല്‍. വിക്കറ്റ് കീപ്പറുടെ അധികഭാരം നല്‍കേണ്ടതില്ലെന്ന തീരുമാനത്തിനാകും സെലക്ടര്‍മാര്‍ മുന്‍തൂക്കം നല്‍കുക.

അവസാന ലോകകപ്പില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ യുവത്വമാര്‍ന്ന ടീമിനെ തന്നെയാകും ഇന്ത്യ വിന്‍ഡീസിലേക്കും അമേരിക്കയിലേക്കും അയയ്ക്കുക. ഐപിഎല്ലില്‍ തിളങ്ങുന്ന യുവതാരങ്ങള്‍ക്കും ഒരുപരിധി വരെ പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിക്കും.

അതേസമയം, രഞ്ജി ട്രോഫിയില്‍ അവസാന മല്‍സരത്തില്‍ പരിക്കിന്റെ പേരുപറഞ്ഞ് ശ്രേയസ് അയ്യര്‍ ഒഴിഞ്ഞു നിന്നിരുന്നെങ്കിലും താരത്തിനെതിരേ നടപടി ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ആദ്യമായതിനാല്‍ താക്കീതില്‍ കാര്യങ്ങള്‍ ഒതുക്കും.

ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും നിലവില്‍ മുംബൈയില്‍ ഡിവൈ പാട്ടീല്‍ ടൂര്‍ണമെന്റില്‍ കളിക്കുകയാണ്. പരിക്കിന്റെ പിടിയിലായിരുന്ന ഹര്‍ദിക് പാണ്ഡ്യയും ഈ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. കേരളത്തിനായി രഞ്ജി കളിച്ച ശ്രേയസ് ഗോപാലും ടൂര്‍ണമെന്റിനുണ്ട്.

Related Articles

Back to top button