Cricket

പാക് താരങ്ങളെ ഐപിഎല്ലില്‍ കളിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം!! ആവശ്യവുമായി പാക്കിസ്ഥാന്‍ ഇതിഹാസ താരം

പാക്കിസ്ഥാന്‍ താരങ്ങളെ ഐപിഎല്‍ കളിപ്പിക്കാന്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇടപെടണമെന്നും ഇത് സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ബാറ്റിംഗ് ഇതിഹാസം സഹീര്‍ അബ്ബാസ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടാല്‍ പാക്ക് താരങ്ങള്‍ക്കും ഐപിഎല്‍ കളിക്കാന്‍ സാധിക്കുമെന്നും ഇന്ത്യ പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ വരുമെന്നും സഹീര്‍ അബ്ബാസ് വ്യക്തമാക്കി.

പാക്കിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പുതിയ നീക്കത്തിന് അനുകൂലമാണെന്നും സഹീര്‍ അബ്ബാസ് പറയുന്നു.

”ഇന്ത്യ പാക്കിസ്ഥാനിലേക്കു വന്നിട്ടില്ല. പിന്നെങ്ങനെ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്കു പോകണമെന്ന് അവര്‍ക്കു പറയാനാകും. ഇതു തുടര്‍ന്നാല്‍ ക്രിക്കറ്റിന് യാതൊരു ഗുണവുമുണ്ടാകില്ല.

ഇന്ത്യയും പാക്കിസ്ഥാനും പരമ്പരകള്‍ കളിക്കണം. പാക്കിസ്ഥാനില്‍ ഇന്ത്യ കളിച്ചിട്ടു വര്‍ഷങ്ങളായി. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പിനു ശേഷം പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ അവരുമായി ചര്‍ച്ച നടത്തണം.”

”ഇന്ത്യ കളിക്കാന്‍ വരുന്നതില്‍ പാക്കിസ്ഥാനിലെ ആരാധകര്‍ക്കു സന്തോഷമാണുണ്ടാകുക. നേരത്തേ ഇന്ത്യന്‍ ടീമിനു മികച്ച സ്വീകരണമാണ് ഇവിടെ ലഭിച്ചിട്ടുള്ളത്. പാക്കിസ്ഥാന്‍ താരങ്ങള്‍ ഐപിഎല്‍ കളിച്ചാല്‍ അത് രാജ്യാന്തര തലത്തില്‍ ഒരു അവസരം മാത്രമല്ല നല്‍കുന്നത്.

ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കും അതു ഗുണം ചെയ്യും. ചര്‍ച്ചകള്‍ മികച്ച രീതിയില്‍ മുന്നോട്ടുപോയാല്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ ഐപിഎല്‍ കളിക്കുന്ന ദിനം വിദൂരമാകില്ല.” സഹീര്‍ അബ്ബാസ് വ്യക്തമാക്കി.

2012-13 കാലഘട്ടത്തില്‍ ഇന്ത്യയില്‍ നടന്ന പരമ്പയ്ക്കു ശേഷം ഇരു ടീമുകളും ദ്വിരാഷ്ട്ര പരമ്പരകളില്‍ ഏറ്റുമുട്ടിയിട്ടില്ല. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണു രണ്ടു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.

ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ നേരത്തേ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഐസിസിയുടെ സമ്മര്‍ദം ശക്തമായതോടെ പാക് ടീം വേറെ വഴിയില്ലാതെ ഇന്ത്യയിലെത്തുകയായിരുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. ഇസ്ലാമാബാദ് യുണൈറ്റഡായിരുന്നു ചാമ്പ്യന്മാര്‍.

Related Articles

Back to top button