Cricket

ഹാര്‍ദിക്കിന് പണികൊടുത്ത് രോഹിതും അഗാര്‍ക്കറും!! ‘പണിയെടുത്തില്ലെങ്കില്‍’പണി പാളും

ഈ ഐപിഎല്‍ സീസണില്‍ മുംബൈയുടെ ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. രോഹിതിനെ മാറ്റി ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതു തന്നെ ആരാധകരില്‍ നല്ലൊരു വിഭാഗത്തിനും പിടിച്ചില്ല.

പോരാത്തതിന് ടീം ആദ്യ മൂന്നു കളിയും തോറ്റതോടെ പുതിയ ക്യാപ്റ്റന്‍ എന്തു ചെയ്താലും ആളുകളുടെ വക കൂവല്‍ ഉറപ്പാകുകയും ചെയ്തു.

രണ്ടു കളി ജയിച്ചതോടെ കാര്യങ്ങള്‍ ഒക്കെ ഒന്നു മാറാന്‍ പോവുകയാണെന്ന ധാരണ പരന്നെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് കഴിഞ്ഞ കളി തോറ്റതോടെ കാര്യങ്ങള്‍ വീണ്ടും പഴയ പടിയായി.

ചെന്നൈ ഇന്നിംഗ്‌സിലെ അവസാന ഓവര്‍ എറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യയെ പഴയ പടത്തലവന്‍ എംഎസ് ധോണി തുടര്‍ച്ചയായി മൂന്നു സിക്‌സറിനാണ് പറത്തിയത്. ആകെ ആ ഓവറില്‍ വഴങ്ങിയത് 26 റണ്‍സും. ബാറ്റിംഗിനിന് കയറിയപ്പോള്‍ ആറു പന്തില്‍ രണ്ടു റണ്‍സെടുത്ത് പടമാവുകയും ചെയ്തു. കളി 20 റണ്‍സിന് നൈസായി തോല്‍ക്കുകയും കൂടി ചെയ്തതോടെ ഹാര്‍ദിക്കിന് നില്‍ക്കക്കള്ളിയില്ലാതെയായി.

ഇപ്പോഴിതാ ഹാര്‍ദിക്കിന് അടുത്ത പണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ദേശീയ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും.

ഓള്‍റൗണ്ടര്‍ എന്ന ലേബലില്‍ അറിയപ്പെടുന്ന ഹാര്‍ദിക് ഇപ്പോള്‍ അങ്ങനെ ബൗള്‍ ചെയ്യാറില്ലെന്നതാണ് വസ്തുത. സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും ബൗള്‍ ചെയ്ത ഹാര്‍ദിക് മോശം പ്രകടനം കാഴ്ച വച്ചതിനെത്തുടര്‍ന്ന് പിന്നീടുള്ള രണ്ടു കളികളില്‍ പന്തെറിഞ്ഞില്ല. ഇതേപ്പറ്റി ചോദ്യമുയര്‍ന്നപ്പോള്‍ അടുത്ത രണ്ടു മത്സരങ്ങളില്‍ വീണ്ടും പന്തെറിഞ്ഞെങ്കിലും തല്ലു കിട്ടിയത് മിച്ചം.

രോഹിതും ദ്രാവിഡും അഗാര്‍ക്കറും കൂടി എടുത്തിരിക്കുന്ന പുതിയ തീരുമാനപ്രകാരം പാണ്ഡ്യ തുടര്‍ച്ചയായി ഐപിഎല്ലില്‍ പന്തെറിയേണ്ടി വരും. 2024ലെ ട്വന്റി20 ലോകകപ്പില്‍ ഓള്‍റൗണ്ടര്‍ എന്ന നിലയ്ക്ക് ഇടം നേടണമെങ്കില്‍ താരം തുടര്‍ച്ചയായി ബൗള്‍ ചെയ്‌തേ മതിയാവൂ എന്നാണ് ഈ മൂവര്‍ സംഘം കട്ടായം പറയുന്നത്.

മുംബൈയില്‍ ഇവര്‍ മൂന്നു പേരും കഴിഞ്ഞാഴ്ച രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ഏറിയ പങ്കും ചര്‍ച്ച ചെയ്തത് ഹാര്‍ദിക് പാണ്ഡ്യയെക്കുറിച്ചാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരായി ടീമില്‍ ഇടംപിടിക്കാന്‍ വലിയ മത്സരം തന്നെ നടക്കുമ്പോള്‍ പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നേടണമെങ്കില്‍ ബൗളിംഗില്‍ മികവു കാട്ടിയേ മതിയാവൂ.

സീസണില്‍ കളിച്ച ആറു മത്സരങ്ങളില്‍ നാലു മത്സരങ്ങളില്‍ മാത്രം പന്തെറിഞ്ഞ പാണ്ഡ്യ ഇതില്‍ ഒരേയൊരു തവണയാണ് നാലോവര്‍ ക്വോട്ട പൂര്‍ത്തിയാക്കിയത്.

ടൂര്‍ണമെന്റില്‍ 44 ശരാശരിയില്‍ മൂന്നു വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കില്‍ നിന്ന് തിരികെയെത്തിയ ശേഷം ന്യൂബോളില്‍ മികവു പുലര്‍ത്താനോ ഡെത്ത് ഓവറില്‍ മികവു പുലര്‍ത്താനോ താരത്തിനാകുന്നില്ല.

ബാറ്റിംഗ് താരതമ്യേന ഭേദപ്പെട്ടതാണ്. ആറിന്നിംഗ്‌സുകളില്‍ നിന്ന് 131 റണ്‍സ് നേടാന്‍ താരത്തിനായി. 145.66 എന്ന ഭേദപ്പെട്ട സ്‌ട്രൈക്ക് റേറ്റുമുണ്ട്. എന്നാല്‍ 26.20 എന്ന ബാറ്റിംഗ് ശരാശരി കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞതാണ്.

കഴിഞ്ഞ വര്‍ഷം ട്വന്റി20യില്‍ ഇന്ത്യന്‍ ടീമിന്റെ നായകനാവാനും പാണ്ഡ്യയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇക്കുറി ബൗളിംഗില്‍ മികവു പുലര്‍ത്തിയില്ലെങ്കില്‍ താരത്തിന്റെ കാര്യം കട്ടപ്പുകയാണ്. ബാറ്റിംഗ് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ശിവം ദുബെ അടക്കമുള്ളവര്‍ ഭീഷണിയുമായി മുമ്പിലുള്ളപ്പോള്‍ ഹാര്‍ദിക്കിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.

Related Articles

Back to top button