Cricket

ഇന്ത്യയും മാറി ഇംഗ്ലീഷ് സ്റ്റൈലിലേക്ക്; ശൈലിമാറ്റം പൂജാരയ്ക്കും!

ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ ശൈലി കൊണ്ടു വന്നത് ഇംഗ്ലണ്ടും അവരുടെ പരിശീലകന്‍ ബ്രെണ്ടന്‍ മക്കല്ലവുമാണ്. ആദ്യ പന്തു മുതല്‍ എതിര്‍ ബൗളര്‍മാരെ ആക്രമിച്ചു കളിക്കുകയെന്നതാണ് മക്കല്ലത്തിന്റെ സിദ്ധാന്തം. കോച്ചിന്റെ വാക്ക് അതേപോലെ പാലിക്കുന്ന കളിക്കാരും വന്നതോടെ ഇംഗ്ലണ്ട് അടിമുടി മാറി.

പാക്കിസ്ഥാനെതിരേ നടന്ന ആദ്യ രണ്ട് ടെസ്റ്റിലും ആറു റണ്‍സിന് മുകളില്‍ ശരാശരിയിലാണ് ഇംഗ്ലണ്ട് ബാറ്റു വീശിയത്. ബൗളര്‍മാര്‍ക്ക് ഒരു പിന്തുണയും കിട്ടാത്ത ആദ്യ ടെസ്റ്റിന് ഫലമുണ്ടായത് ഇംഗ്ലണ്ടിന്റെ അതിവേഗ ബാറ്റിംഗ് കൊണ്ടു മാത്രമാണ്.

ഇപ്പോഴിതാ ഇന്ത്യയും ഇംഗ്ലീഷ് ശൈലി കടമെടുത്തിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അതിവേഗ സ്‌കോറിംഗാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ നടത്തിയിരിക്കുന്നത്. ശുഭ്മാന്‍ ഗില്‍ മുതല്‍ ചേതേശ്വര്‍ പൂജാര വരെ അതിവേഗത്തിലാണ് ബാറ്റു വീശിയത്.

വെറും 130 പന്തിലാണ് പൂജാരയുടെ മൂന്നക്കം വന്നത്. 1443 ദിവസങ്ങള്‍ക്കും 52 ഇന്നിംഗ്‌സിനും ശേഷമാണ് പൂജാര ഒരു സെഞ്ചുറി നേടുന്നത്. അതും കരിയറിലെ വേഗമേറിയ സെഞ്ചുറിയും. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ മിക്ക സമയത്തും ബാറ്റു വീശിയത് നാല് റണ്‍സിന് മുകളില്‍ റണ്‍റേറ്റിലാണ്.

ഇത്തരത്തില്‍ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിന്റെ ഒരു ഗുണം മല്‍സരത്തിന് ഫലമുണ്ടാകാന്‍ സാധ്യത കൂടുതലാണെന്നതാണ്. എതിരാളികളെ പുറത്താക്കാന്‍ കൂടുതല്‍ സമയം ബൗളര്‍മാര്‍ക്ക് ലഭിക്കുന്നു.

അതിവേഗ ബാറ്റിംഗില്‍ ചില പ്രശ്‌നങ്ങളുമുണ്ട്. പെട്ടെന്ന് വിക്കറ്റുകള്‍ പൊഴിയുമ്പോള്‍ ശൈലി പെട്ടെന്ന് മാറ്റാന്‍ സാധിക്കാതെ വന്നേക്കാം. അങ്ങനെ സംഭവിച്ചാല്‍ ടീമിന് കൂട്ടത്തകര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യും. എന്തായാലും ടെസ്റ്റ് ക്രിക്കറ്റ് കൂടുതല്‍ ആകര്‍ഷമാക്കാന്‍ ശൈലി മാറ്റം വഴിയൊരുക്കിയിട്ടുണ്ട്.

Related Articles

Back to top button