Cricket

ഇങ്ങനെ ക്രൂശിലേറ്റുവാന്‍ അപരാധം എന്തു ചെയ്തു ഞാന്‍ !! താന്‍ ഇത്രയധികം വിമര്‍ശനങ്ങള്‍ അര്‍ഹിച്ചിരുന്നില്ലെന്ന് യുവതാരം

സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യന്‍ ടീമിലെ തലമുറ മാറ്റത്തിനാണ് വഴിയൊരുക്കുന്നത്. ഐപിഎല്ലില്‍ തിളങ്ങിയ ഒരു പിടി താരങ്ങളാണ് സിംബാബ്‌വെന്‍ പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച വച്ച രാജസ്ഥാന്‍ റോയല്‍സിന്റെ ആസാം താരം റിയാന്‍ പരാഗും ഇത്തവണ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഇതിനിടെ താരം ചില വിവാദങ്ങളിലും ചെന്ന് പെട്ടിരുന്നു. തന്നെ ടീമിലെടുക്കാഞ്ഞതിനാല്‍ ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങള്‍ കാണില്ലെന്ന് താരം പറഞ്ഞത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ഒരു ലൈവിനിടെ താരം തന്റെ യൂട്യൂബ് സേര്‍ച്ച് ഹിസ്റ്ററി പങ്കുവെച്ചത് വൈറലായിരുന്നു. ഈ സീസണു മുമ്പുവരെ പ്രകടനത്തിന്റെ പേരില്‍ നിരവധി വിമര്‍ശങ്ങള്‍ നേരിട്ട താരവുമായിരുന്നു പരാഗ്.

ഇപ്പോഴിതാ തന്റെ കരിയറിലെ പ്രയാസകരമായ ഘട്ടത്തില്‍ തനിക്ക് ലഭിച്ച വിമര്‍ശനം യഥാര്‍ത്ഥത്തില്‍ താന്‍ അര്‍ഹിച്ചിരുന്നില്ല എന്നാണ് താരം ഇപ്പോള്‍ പറയുന്നത്. ന്യൂസിലാന്‍ഡില്‍ നടന്ന 2018 അണ്ടര്‍ 19 ലോകകപ്പ് ടീമിനായി നടത്തിയ മികച്ച പ്രകടനമാണ് താരത്തെ രാജസ്ഥാന്‍ ടീമില്‍ എത്തിച്ചത്.

2019ലെ മികച്ച അരങ്ങേറ്റത്തിന് ശേഷം തുടര്‍ന്നുള്ള സീസണുകളില്‍ ഫോം നിലനിര്‍ത്താന്‍ യുവതാരം പാടുപെട്ടിരുന്നു. എന്നിരുന്നാലും സ്ഥിരമായി രാജസ്ഥാന്‍ ടീമില്‍ അദ്ദേഹത്തിന് ഇടം ലഭിച്ചത് വിമര്‍ശകരെ ചൊടിപ്പിച്ചിരുന്നു.

എന്നിരുന്നാലും, ഐപിഎല്‍ 2024 ല്‍ പരാഗിന്റെ തലവര മാറി. ഈ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ മൂന്നാമത്തെ താരമായാണ് പരാഗ് മാറിയത്.

ഈ തകര്‍പ്പന്‍ പ്രകടനം അദ്ദേഹത്തിന് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഏറെ നാളായി കാത്തിരുന്ന അവസരം നേടിക്കൊടുക്കുകയും ചെയ്തു.

”കഴിഞ്ഞ വര്‍ഷം എനിക്ക് വെല്ലുവിളികളുടേത് ആയിരുന്നു. പക്ഷേ അതിനുശേഷം ഞാന്‍ എന്നോട് തന്നെ ഒരു പ്രധാന സംഭാഷണം നടത്തി. ചില മേഖലകളില്‍ എനിക്ക് തയ്യാറെടുപ്പ് കുറവ് ഉണ്ടെങ്കില്‍ ഞാന്‍ അതിനെ ഒക്കെ മാറ്റി തിരിച്ചുവരാന്‍ ശ്രമിച്ചു. ഞാന്‍ എല്ലായ്പ്പോഴും എന്റെ പൂര്‍ണ്ണ പരിശ്രമം നല്‍കിയിട്ടുണ്ട്, ”പരാഗ് ക്രിക്ഇന്‍ഫോയോടു പറഞ്ഞു.

”ഞാന്‍ ഒരുപാട് ട്രോളുകള്‍ ഈ കാലയളവില്‍ നേരിട്ടു. ആളുകള്‍ അവര്‍ക്കാവശ്യമുള്ളത് എന്തും പറയും. കഴിഞ്ഞ വര്‍ഷം, ഐപിഎല്ലില്‍ കളിക്കാനുള്ള കഴിവ് എനിക്കില്ലെന്ന് അവര്‍ അവകാശപ്പെട്ടു, എന്നാല്‍ ഇപ്പോള്‍ അവര്‍ എന്നെ ഇന്ത്യന്‍ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നു. പൊതുജനാഭിപ്രായത്തിന്റെ ചഞ്ചല സ്വഭാവം അങ്ങനെയാണ്. ഒരു സ്വിച്ച് ഫ്‌ളിപ്പിംഗ് പോലെ ഏത് നിമിഷവും ഇത് മാറാം. ”പരാഗ് കൂട്ടിച്ചേര്‍ത്തു.

”ദശലക്ഷക്കണക്കിന് ആരാധകര്‍ ഐപിഎല്‍ കാണുന്നു, ഞാന്‍ മികച്ച പ്രകടനം നടത്താത്തപ്പോള്‍ എനിക്ക് ഭയങ്കര വിഷമം തോന്നുന്നു. ഒരുപാട് ആളുകള്‍ നമ്മളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറയുന്നു.

ഈ മോശം നാളുകളില്‍ എന്റെ കളി നന്നായി മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു, ഒരിക്കല്‍ ഞാന്‍ അത് ചെയ്യാന്‍ തുടങ്ങിയപ്പോള്‍, ക്രിക്കറ്റിനോടുള്ള എന്റെ സ്‌നേഹവും അഭിനിവേശവും ഞാന്‍ വീണ്ടും കണ്ടെത്തി.” പരാഗ് തുറന്നു പറയുന്നു.

ഈ ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 52.09 ശരാശരിയില്‍ 573 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 149.21 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ അദ്ദേഹം നാല് അര്‍ധ സെഞ്ചുറികളും നേടി.

Related Articles

Back to top button