Football

ഹാ കഷ്ടം; ഇങ്ങനെയൊരു ഫ്രാന്‍സ്!!

യുവേഫ യൂറോ കപ്പ് ഫുട്ബോള്‍ പോരാട്ടം ക്വാര്‍ട്ടര്‍ ഫൈനലില്‍വരെ എത്തിനില്‍ക്കുന്നു. ക്വാര്‍ട്ടറില്‍ രണ്ട് വമ്പന്മാര്‍ പുറത്താകുമെന്ന് ഉറപ്പാണ്. കാരണം, സ്പെയിനും ജര്‍മനിയും തമ്മിലും പോര്‍ച്ചുഗലും ഫ്രാന്‍സും തമ്മിലുമാണ് ആദ്യ രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍.

ഫലത്തില്‍ ഈ നാലു ടീമുകളില്‍ രണ്ട് എണ്ണം മാത്രമേ സെമി ഫൈനലില്‍ പ്രവേശിക്കൂ. ടൂര്‍ണമെന്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ച രണ്ട് ടീമുകളാണ് സ്പെയിനും ആതിഥേയരായ ജര്‍മനിയും. അതുപോലെ ഇതുവരെ ഒരു ഫീല്‍ഡ് ഗോളുപോലും നേടാതെയാണ് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത് എന്നതും ശ്രദ്ധേയം.

കിലിയന്‍ എംബപ്പെ, ആന്ത്വാന്‍ ഗ്രീസ്മാന്‍, എന്‍ഗോളൊ കാന്റെ, എഡ്വാര്‍ഡൊ കാമവിങ്ക, ഉസ്മാന്‍ ഡെംബെലെ, മാര്‍കസ് തുറാം എന്നിങ്ങനെ വന്‍താരനിരയാണ് ഫ്രാന്‍സിനുള്ളത്. എന്നിട്ടും ഇതുവരെ ഒരു ഫീല്‍ഡ് ഗോള്‍ നേടാന്‍ ഫ്രാന്‍സിന് സാധിച്ചില്ല എന്നതാണ് സങ്കടകരം.

പ്രീക്വാര്‍ട്ടര്‍ അടക്കം നാലു മത്സരങ്ങളാണ് ഫ്രാന്‍സ് ഇതുവരെ കളിച്ചത്. അതില്‍ നേടിയതാകട്ടെ വെറും മൂന്നു ഗോള്‍. ആ മൂന്നു ഗോളില്‍ രണ്ട് എണ്ണം സെല്‍ഫിലൂടെയാണ് ഫ്രാന്‍സിന്റെ അക്കൗണ്ടില്‍ എത്തിയത് എന്നതാണ് ശ്രദ്ധേയം.

ഫ്രഞ്ച് നിരയില്‍ സ്വന്തമായി ഒരു ഗോള്‍ അവകാശപ്പെടാനുള്ളത് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയ്ക്കു മാത്രം. ഗ്രൂപ്പ് ഡിയില്‍ പോളണ്ടിനെതിരേ 1-1 സമനില വഴങ്ങിയ മത്സരത്തിലായിരുന്നു എംബപ്പെ ഫ്രാന്‍സിനായി ഗോള്‍ നേടിയത്. അതാകട്ടെ പെനാല്‍റ്റിയിലൂടെ ആയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രിയയ്ക്കെതിരേ 1-0ന്റെ ജയം നേടിയതും പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ 1-0നു മറികടന്നതും സെല്‍ഫ് ഗോളിന്റെ ബലത്തിലായിരുന്നു.

ഗ്രൂപ്പില്‍ നെതര്‍ലന്‍ഡ്സുമായി ഗോള്‍രഹിത സമനിലയായിരുന്നു മറ്റൊരു മത്സര ഫലം. ചുരുക്കത്തില്‍ ഈ ഫ്രാന്‍സിന്റെ ഇതുവരെയുള്ള കളിയെ ഹാ കഷ്ടം എന്നു വിലയിരുത്താം. അതേസമയം, യൂറോ 2024 കിരീടം നേടാന്‍ സാധ്യതയുള്ളതില്‍ മുന്‍പന്തിയില്‍ ഫ്രാന്‍സ് ഉണ്ടെന്നതും ശ്രദ്ധേയം.

ഏതായാലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെതിരേയാണ് ഫ്രാന്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. റൊണാള്‍ഡോയും എംബപ്പെയും നേര്‍ക്കുനേര്‍ വരുന്നതാണ് ഈ മത്സരത്തിന്റെ ഹൈലൈറ്റ്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച അര്‍ധരാത്രി 12.30നാണ് ഫ്രാന്‍സ്-പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍. പ്രീക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ സ്ലോവേനിയയെ 3-0നു കീഴടക്കിയാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്.

Related Articles

Back to top button