Cricket

അമേരിക്കന്‍ ലീഗിലേക്ക് ഐപിഎല്‍ ടീമുകളും!! സംഭവം കളറാകും!!

ട്വന്റി-20 ക്രിക്കറ്റ് ലീഗുകളില്‍ ലോകമെങ്ങും സ്വാധീനം ഉറപ്പിക്കാനുള്ള ഐപിഎല്‍ ടീമുകളുടെ യാത്ര പുതിയ തട്ടകത്തിലേക്ക്. ദക്ഷിണാഫ്രിക്കയും യുഎഇയും കടന്ന് എത്തുന്നത് അമേരിക്കയിലേക്കാണ്. അടുത്ത ജൂലൈയില്‍ ആരംഭിക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റില്‍ ടീമുകളില്‍ നിക്ഷേപം നടത്താനാണ് ഐപിഎല്‍ ടീമുകള്‍ ഒരുങ്ങുന്നത്.

അമേരിക്കയില്‍ ക്രിക്കറ്റിനെ വാണിജ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി മൂന്നു വര്‍ഷം മുമ്പ് ജോലികള്‍ ആരംഭിച്ച മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ആദ്യ സീസണ്‍ അടുത്ത ജൂലൈയിലാണ് നടക്കുന്നത്. മൊത്തം ആറു ടീമുകള്‍ ലീഗില്‍ കളിക്കുന്നുണ്ട്. ഗൂഗിള്‍ സിഇഒ സത്യ നദെല്ല ഉള്‍പ്പെടെയുള്ളവര്‍ ലീഗിനായി പണം മുടക്കുന്നുണ്ട്.

ആദ്യ സീസണിലേക്ക് ആറു ടീമുകളാകും ഉണ്ടാകുക. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡിസി, ലോസ് ഏഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്‌കോ, സീറ്റെല്‍ എന്നിവ കേന്ദ്രീകരിച്ചാകും ടീമുകള്‍. ഉടമകളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഐപിഎല്‍ ടീമുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

യുഎസ്എ ക്രിക്കറ്റ് അസോസിയേഷനു വേണ്ടി അമേരിക്കന്‍ ക്രിക്കറ്റ് എന്റര്‍പ്രൈസസ് എന്ന കമ്പനിയാണ് ലീഗ് നടത്തുന്നത്. ചുരുങ്ങിയ വര്‍ഷം കൊണ്ട് ഈ ആറു സ്ഥലങ്ങളിലും ക്രിക്കറ്റിനായി ഗംഭീര സ്റ്റേഡിയം പണിയാമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്. അമേരിക്കന്‍ വിപണിയില്‍ ക്രിക്കറ്റ് പച്ചപിടിച്ചാല്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറും.

മറ്റ് വിപണികളില്‍ നിന്നു വ്യത്യസ്തമായി അമേരിക്ക സാമ്പത്തികമായി വളരെ മുന്നിലാണ്. ക്രിക്കറ്റ് പോപ്പുലറായാല്‍ ഗെയിമിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെ എല്ലാരീതിയിലും പണമിറക്കാന്‍ കമ്പനികള്‍ മല്‍സരിക്കും. അത് ലോക ക്രിക്കറ്റിന് തന്നെ ഗുണം ചെയ്യും. ഈ ലക്ഷ്യത്തോടെയാണ് 2024 ലോകകപ്പിനായി അമേരിക്കയെ കൂടി ആതിഥേയരാക്കിയത്.

മേജര്‍ ലീഗ് ക്രിക്കറ്റ് ആരംഭിക്കുന്നതിന്റെ ഭാഗമായി മൈനര്‍ ക്രിക്കറ്റ് ലീഗ് എന്ന ഒരു ലീഗ് അവര്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. കോറി ആന്‍ഡേഴ്‌സണ്‍, ഉന്മുക് ചന്ദ് തുടങ്ങിയവരെല്ലാം ഈ ലീഗില്‍ കളിക്കുന്നുണ്ട്. ഇതിനും വലിയ സ്വീകാര്യത കിട്ടിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

Related Articles

Back to top button