Cricket

25 പന്ത് ബാറ്റു ചെയ്ത നേപ്പാള്‍ ബാറ്റര്‍ക്ക് കിട്ടിയത് 2 ലക്ഷം രൂപ!! കോഹ്ലിയുടെ സഹായവും!!

ഇന്ത്യയ്‌ക്കെതിരായ ഏഷ്യാകപ്പ് മല്‍സരത്തില്‍ ടീം വലിയ സ്‌കോറൊന്നും നേടിയില്ലെങ്കിലും നേപ്പാള്‍ താരം കുശാല്‍ ബ്രൂട്ടാലിന് ലോട്ടറിയായി. ഓപ്പണറായി ക്രീസിലെത്തിയ ബ്രൂട്ടാല്‍ രണ്ടുതവണ ജീവന്‍ കിട്ടി അടിച്ചെടുത്തത് 38 റണ്‍സാണ്.

അതും 25 പന്തില്‍ നിന്നും. 152 സ്‌ട്രൈക്ക് റേറ്റിലുള്ള കുശാലിന്റെ ഷോട്ടുകള്‍ പലതും ലോക നിലവാരത്തില്‍ ഉള്ളവയായിരുന്നു. മുഹമ്മദ് ഷമിയെയും മുഹമ്മദ് സിറാജിനെയും അനായാസം നേരിടാനും ഈ യുവതാരത്തിന് സാധിച്ചു.

ആദ്യ വിക്കറ്റില്‍ തന്നെ സഹഓപ്പണര്‍ ആസിഫ് ഷെയ്ക്കിനൊപ്പം 55 പന്തില്‍ 65 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം നല്‍കാനും ഇവര്‍ക്ക് സാധിച്ചിരുന്നു. മല്‍സരത്തില്‍ 2 തവണയാണ് ബ്രൂട്ടല്‍ പന്ത് ആകാശമാര്‍ഗം അതിര്‍ത്തി കടത്തിയത്.

ഈ രണ്ട് സിക്‌സറുകള്‍ നേടിയത് ടീമിന് മാത്രമല്ല ഗുണം ചെയ്തത്. ബ്രൂട്ടലിന്റെ അക്കൗണ്ടിലേക്ക് 2 സികസറടിച്ചപ്പോള്‍ എത്തിയത് 2 ലക്ഷം രൂപയാണ്. അര്‍ണ ബിയറാണ് ഓരോ സിക്‌സറിനും 1 ലക്ഷം രൂപ വീതം കളിക്കാര്‍ക്ക് ഓഫര്‍ ചെയ്തിരുന്നത്.

നേപ്പാളിലെ ബിയര്‍ കമ്പനിയാണ് അര്‍ണ. കളിക്കാരെ പ്രചോദിപ്പിക്കുന്നതിനായി വലിയ ഓഫറാണ് അവര്‍ പ്രഖ്യാപിച്ചത്. ഓരോ ഫോറിനും 25,000 രൂപ വീതമാണ് ഓഫര്‍. അര്‍ണ ബിയര്‍ എന്ന കമ്പനിയാണ് സോഷ്യല്‍ മീഡിയയിലൂടെ സമ്മാനം പ്രഖ്യാപിച്ചത്.

അര്‍ണ ബിയറിന്റെ ഓഫര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റായി. ഈ സമ്മാനത്തിന്റെ ചുവടുപിടിച്ച് മറ്റു ചില കമ്പനികളും സമാന രീതിയിലുള്ള സമ്മാനങ്ങള്‍ നേപ്പാളി താരങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ചരിത്രത്തില്‍ ആദ്യമായി നേപ്പാള്‍ ഇന്ത്യയെ നേരിട്ടപ്പോള്‍ നേപ്പാളിലെ പല സര്‍ക്കാര്‍, പ്രൈവറ്റ് സ്ഥാപനങ്ങളും സ്‌കൂളുകളും കോളജുകളും വരെ ഉച്ചയ്ക്കു ശേഷം അവധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ പലയിടത്തും വലിയ സ്‌ക്രീനുകള്‍ ഒരുക്കിയാണ് ആരാധകര്‍ അപൂര്‍വ അവസരം കൊണ്ടാടുന്നത്.

പല്ലക്കേല സ്റ്റേഡിയത്തില്‍ എത്തിയ ആരാധകരില്‍ ഏറെയും നേപ്പാളില്‍ നിന്നുള്ളവരായിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് നേപ്പാളില്‍ നിന്നും സ്വന്തം ടീമിന്റെ കളി കാണാനായി ലങ്കയിലെത്തിയത്. ഇന്ത്യക്കാരാകട്ടെ തീരെ കുറവായിരുന്നു സ്റ്റേഡിയത്തില്‍.

നേപ്പാളിനെതിരേ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ആദ്യ 5 ഓവറില്‍ വിട്ടുകളഞ്ഞത് 3 സിംപിള്‍ ക്യാച്ചുകളായിരുന്നു. വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് ക്യാച്ച് കൈവിട്ടത്. ഇതില്‍ ശ്രേയസിന്റെ മാത്രമായിരുന്നു കുറച്ച് പ്രയാസമുള്ള ക്യാച്ച്. ബാക്കിയെല്ലാം സിംപിള്‍ ചാന്‍സായിരുന്നു.

ഇത്തരത്തില്‍ മികച്ച തുടക്കം കിട്ടിയെങ്കിലും നേപ്പാളിനെ വലിയ സ്‌കോറിലേക്ക് എത്താന്‍ സാധിച്ചില്ല. മധ്യഓവറുകളില്‍ സ്പിന്നര്‍മാര്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തതാണ് നേപ്പാളിന് തിരിച്ചടിയായത്. അവരുടെ വാലറ്റവും പൊരുതാതെ കീഴടങ്ങി.

Related Articles

Back to top button