Cricket

സിസിഎല്ലില്‍ ‘കടമെടുത്ത്’ സച്ചിന്റെ ഐഡിയ; കപ്പടിക്കാന്‍ ഇന്ദ്രജിത്തിന്റെ കേരള സ്‌ട്രൈക്കേഴ്‌സില്‍ വെടിക്കെട്ടുകാരുടെ പട!!

സിനിമതാരങ്ങളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മലയാള സിനിമയുടെ പ്രതിനിധികളായ കേരള സ്‌ട്രൈക്കേഴ്‌സിനെ ഇത്തവണ നയിക്കുന്നത് നടന്‍ ഇന്ദ്രജിത്ത്. കിരീടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യംവയ്ക്കാത്ത കേരള സ്‌ട്രൈക്കേഴ്‌സ് ടീമില്‍ ഒരുപിടി പരിചയസമ്പന്ന താരങ്ങളും അണിനിരക്കുന്നുണ്ട്.

സെലിബ്രിറ്റി ക്രിക്കറ്റ് ഫ്രട്ടേണിറ്റി എന്ന സെലിബ്രിറ്റി സംഘടനയില്‍ കളിക്കുന്ന താരങ്ങളുടെ സാന്നിധ്യമാണ് കേരള സ്‌ട്രൈക്കേഴ്‌സിനെ അപകടകാരികളാക്കി മാറ്റുന്നത്. അര്‍ജുന്‍ നന്ദകുമാര്‍, അരുണ്‍ ബെന്നി, ഷെഫീഖ് റഹ്‌മാന്‍, സാജു നവോദയ, അലക്‌സാണ്ടര്‍ പ്രശാന്ത് എന്നിവര്‍ സിസിഎഫിലെ വിവിധ ടീമുകളില്‍ കളിക്കുന്ന താരങ്ങളാണ്.

പതിവ് നോണ്‍ പ്ലയിംഗ് ക്യാപ്റ്റനായിരുന്ന മോഹന്‍ലാല്‍ ഇത്തവണ ടീമിനൊപ്പം ഉണ്ടാകില്ല. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ടീം മാനേജര്‍ കൂടിയായ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഷാര്‍ജ, ഹൈദരാബാദ്, ചണ്ഡീഗണ്ഡ്, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 15-ന് വിശാഖപട്ടണത്താണ് ക്വാളിഫെയര്‍, എലിമിനേറ്റര്‍ മത്സരങ്ങള്‍. മാര്‍ച്ച് 17-ന് വിശാഖപട്ടണത്ത് വച്ചാണ് ഫൈനല്‍ മത്സരം.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും മല്‍സരങ്ങളുണ്ട്. മാര്‍ച്ച് പത്തിനാണ് ഗ്രീന്‍ഫീല്‍ഡിലെ മല്‍സരം. ചെന്നൈ റൈനേഴ്‌സിനെതിരേയാണ് ഇവിടെ കേരള ടീം കളിക്കുന്നത്. ഇത്തവണ ഫൈനലിലെത്താമെന്ന പ്രതീക്ഷയിലാണ് കേരള ടീം.

ലീഗില്‍ മല്‍സരങ്ങളുടെ ഘടനയിലും മാറ്റ്ം വന്നിട്ടുണ്ട്. ടി10 ഫോര്‍മാറ്റില്‍ തന്നെ രണ്ടിന്നിംഗ്‌സുകളായിട്ടാണ് മല്‍സരങ്ങള്‍ നടത്തുന്നത്. 10 ഓവര്‍ വീതമുള്ള രണ്ടിന്നിംഗ്‌സുകളാണ് മല്‍സരത്തിന്റെ പ്രത്യേകത. ഒറ്റയടിക്ക് 20 ഓവര്‍ കളിക്കുന്നതിലെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.

ബിനീഷ് കോടിയേരിയാണ് കേരള ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ടീമിന്റെ പരിശീലനക്യാംപ് കൊച്ചിയില്‍ ആരംഭിച്ചു. ഫെബ്രുവരി 23ന് ഷാര്‍ജയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സ് മുംബൈ ഹീറോസിനെ നേരിടും.

24-ന് ഷാര്‍ജയില്‍ ബംഗാള്‍ ടൈഗേഴ്‌സിനെതിരെയാണ് കേരളത്തിന്റെ രണ്ടാം മത്സരം. മാര്‍ച്ച് രണ്ടിന് ഹൈദരാബാദില്‍ തെലുങ്ക് വാരിയേഴ്‌സിനേയും മാര്‍ച്ച് പത്തിന് തിരുവനന്തപുരത്ത് ചെന്നൈ റൈനേഴ്‌സിനേയും കേരളം നേരിടും.

ഭോജ്പുരി ദബാങ്സ്, ചെന്നൈ റിനോസ്, കര്‍ണാടക ബുള്‍ഡോസേഴ്സ്, കേരള സ്ട്രൈക്കേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ഡി ഷെര്‍, തെലുങ്ക് വാരിയേഴ്സ് എന്നീ ടീമുകളിലായി വിവിധ ഭാഷകളിലെ 200-ലധികം ചലച്ചിത്ര താരങ്ങളാണ് ഗ്രൗണ്ടില്‍ ഇറങ്ങുക.

കേരള സ്‌ട്രൈക്കേഴ്‌സ് ടീം ഇവരില്‍ നിന്ന്- ഇന്ദ്രജിത്ത് സുകുമാരന്‍ (ക്യാപ്റ്റന്‍), ബിനീഷ് കോടിയേരി (വൈസ് ക്യാപ്റ്റന്‍), അജിത്ത് ജാന്‍, അലക്‌സാണ്ടര്‍ പ്രശാന്ത്, അനൂപ് കൃഷ്ണന്‍, ആന്റണി പെപ്പെ, അര്‍ജുന്‍ നന്ദകുമാര്‍, അരുണ്‍ ബിന്നി, ആര്യന്‍ കത്തോലിയ, ധ്രുവന്‍, ജീവ, ജോണ്‍ കൈപ്പള്ളില്‍, ലാല്‍ ജൂനിയര്‍, മണികണ്ഠന്‍ ആചാരി, മണിക്കുട്ടന്‍, മുന സൈമണ്‍, രാജീവ് പിള്ള, റിയാസ് ഖാന്‍, സൈജു കുറുപ്പ്, സാജു നവോദയ, സമര്‍ത്ഥ, സഞ്ജു സലീം, സഞ്ജു ശിവറാം, ഷെഫീഖ് ഖാന്‍, സിജുവില്‍സണ്‍, സണ്ണി വെയന്‍്, സുരേഷ് ആര്‍ കെ, വിനു മോഹന്‍, വിവേക് ഗോപന്‍

Related Articles

Back to top button