Cricket

സിംബാബ്‌വെ സെമിയിലെത്താന്‍ സാധ്യത തെളിയുന്നു!! കാരണം മെല്‍ബണ്‍!

ഇത്തവണത്തെ ട്വന്റി-20 ലോകകപ്പ് സംഭവബഹുലമാണ്. ഒരു വശത്ത് മഴ രസംകൊല്ലിയായി എത്തുമ്പോള്‍ മറുവശത്ത് ത്രില്ലറുകളുടെ പൊടിപൂരം. കണക്കുകളിലും മുന്‍കാല ചരിത്രങ്ങളൊന്നും വമ്പന്മാരെ പോലും രക്ഷിക്കാത്ത രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ആര്‍ക്കു വേണമെങ്കിലും വാഴാമെന്ന അവസ്ഥയാണ്.

ഇത്തരത്തില്‍ വലിയ ഒരു അട്ടിമറി നടന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് സിംബാബ്‌വെ സെമിയില്‍ എത്താനുള്ള സാധ്യതകളാണ് നിലനില്‍ക്കുന്നത്. ഗ്രൂപ്പ് രണ്ടില്‍ നിലവില്‍ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ആഫ്രിക്കക്കാര്‍. സിംബാബ്‌വെയ്ക്ക് ഇനി ബാക്കിയുള്ളത് മൂന്ന് മല്‍സരങ്ങള്‍. ഇതില്‍ ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, ഇന്ത്യ എന്നിവരാണ് എതിരാളികള്‍.

ഈ മല്‍സരങ്ങളില്‍ ഇന്ത്യയ്‌ക്കെതിരായ പോരാട്ടം നടക്കുക മെല്‍ബണില്‍ ആണെന്നതാണ് സിംബാബ്‌വെയ്ക്ക് ഇപ്പോള്‍ ആവേശമായിരിക്കുന്നത്. അടുത്ത ഒരാഴ്ച്ചത്തേക്ക് കനത്ത മഴയാണ് മെല്‍ബണില്‍ പ്രവചിച്ചിരിക്കുന്നത്. ഇന്ത്യ-സിംബാബ്‌വെ മല്‍സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടാല്‍ പോയിന്റുകള്‍ വീതിക്കും.

ഇതിനൊപ്പം സിംബാബ്‌വെയ്ക്ക് തോല്‍പ്പിക്കാമെന്ന് കരുതപ്പെടുന്ന ടീമുകളാണ് ബംഗ്ലാദേശും നെതര്‍ലന്‍ഡ്‌സും. ഈ ടീമുകളെ കൂടി തോല്‍പ്പിക്കാനായാല്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി അവര്‍ക്ക് ഇന്ത്യയ്ക്ക് പിന്നില്‍ രണ്ടാമന്മാരായി സെമിയിലെത്താം.

രണ്ടാം സ്ഥാനത്താണ് നിലവില്‍ ദക്ഷിണാഫ്രിക്കയെങ്കിലും ഇന്ത്യയെയും പാക്കിസ്ഥാനെയും അവര്‍ക്ക് ഇനി നേരിടേണ്ടതുണ്ട്. ഈ രണ്ടു മല്‍സരങ്ങളില്‍ ഒന്നിലെങ്കിലും തോറ്റാലും ചിലപ്പോള്‍ പണികിട്ടിയേക്കും. അങ്ങനെ സംഭവിച്ചാല്‍ ചരിത്രത്തില്‍ ആദ്യമായി സിംബാബ്‌വെയെ ട്വന്റി-20 ലോകകപ്പിന്റെ സെമിയില്‍ കാണാന്‍ സാധിച്ചേക്കും. ഹൃദയം കൊണ്ട് കളിക്കുന്ന ഡേവ് ഹൂട്ടന്റെ കുട്ടികള്‍ അത് അര്‍ഹിക്കുന്നുവെന്നതാകും ശരി.

Related Articles

Back to top button