Cricket

ഇംഗ്ലണ്ടിന് അടിതെറ്റിയത് ‘അപ്രതീക്ഷിത’ കൗശലത്തില്‍; ദ്രാവിഡിന്റെ തന്ത്രം വിധിയെഴുതി!!

ബാസ്ബാള്‍ കളിച്ച് ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് റണ്‍സ് പോലും കണ്ടെത്താന്‍ പാടുപെട്ട് കറങ്ങി വീണപ്പോള്‍ വിജയിച്ചത് രാഹുല്‍ ദ്രാവിഡിന്റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ഗെയിംപ്ലാന്‍.

ബെന്‍ സ്റ്റോക്ക്‌സും സംഘവും ഏതുരീതിയില്‍ ഇന്ത്യയെ കുഴിയിലാക്കാന്‍ ശ്രമിച്ചോ ആ വഴിയെ തന്നെയാണ് രാഹുലും സംഘവും പ്രത്യാക്രമണം പ്ലാന്‍ ചെയ്തത്. അത് കൃത്യമായി ഫലത്തിലെത്തിക്കാന്‍ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും സാധിക്കുകയും ചെയ്തു.

ആദ്യ ഇന്നിംഗ്‌സില്‍ 100 ലേറെ റണ്‍സിന്റെ ലീഡ് നേടാന്‍ സാധിച്ചിരുന്നെങ്കില്‍ ആര്‍. അശ്വിന്‍ അപ്രതീക്ഷിതമായി ടീം വിട്ടത് വലിയ ഞെട്ടല്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചിരുന്നു. ഇതോടെ ഒരുവേള വിജയത്തിനു പോലും നോക്കാതെ സമനിലയ്ക്കായി നെഗറ്റീവ് മനോഭാവത്തോടെ ഇന്ത്യ കളിക്കുമെന്ന് കളിവിദഗ്ധര്‍ പോലും കണക്കുകൂട്ടി.

പിച്ച് അത്രയൊന്നും ബൗളര്‍മാരെ തുണച്ചിരുന്നില്ല താനും. ഇവിടെയാണ് ഇന്ത്യയുടെ പോസിറ്റീവ് മനോഭാവം ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ തകിടംമറിച്ചത്. ആദ്യം സേഫ് സോണിലാകുകയെന്ന രീതിയാണ് ഇന്ത്യ അവലംബിച്ചത്.

പരമാവധി വേഗത്തില്‍ സ്‌കോര്‍ ചെയ്ത് ഇംഗ്ലണ്ടിന് ജയം അകലെയാക്കുന്ന ലീഡിലേക്ക് എത്തുകയെന്നതായിരുന്നു തന്ത്രം. പ്രതിരോധ രീതിയില്‍ ബാറ്റുവീശിയാല്‍ ചിലപ്പോള്‍ തിരിച്ചടിയായേക്കുമെന്ന നിഗമനത്തില്‍ ആക്രമിച്ചു കളിക്കാന്‍ തന്നെ ഇന്ത്യ തീരുമാനിച്ചതാണ് വഴിത്തിരിവായത്.

ഇവിടെയാണ് യശ്വിസി ജയ്‌സ്വാളിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും കടന്നാക്രമണത്തിന് മാര്‍ക്ക് നല്‍കേണ്ടത്. ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ കടമെടുത്ത് അവര്‍ക്കെതിരേ തന്നെ പ്രയോഗിക്കുന്നതായിരുന്നു ഇരുവരുടെയും തന്ത്രം. ലെഫ്റ്റ്-റൈറ്റ് ഹാന്‍ഡ് കോംപിനേഷനു മുന്നില്‍ ഇംഗ്ലണ്ട് വിയര്‍ത്തു.

ചെറിയ സമയത്തിനുള്ളില്‍ തന്നെ ഇന്ത്യ വന്‍ ലീഡിലേക്ക് എത്തിയതോടെയാണ് സമനിലയില്‍ നിന്നും വേണമെങ്കില്‍ ജയത്തിലേക്ക് നോക്കാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. ഇന്ത്യ പ്രതീക്ഷിച്ചതിലേക്കാളേറെ സ്‌കോറിലേക്ക് പോയതോടെ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ പദ്ധതി പാളുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ഏതുരീതിയില്‍ കളിക്കണമെന്ന ആശയക്കുഴപ്പം ഇംഗ്ലീഷ് ബാറ്റര്‍മാരുടെ മനസില്‍ നിറയ്ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. അതിന്റെ ഗുണം പ്രതിഫലിക്കുകയും ചെയ്തു. പരമ്പരാഗത ശൈലിയില്‍ കളിച്ചിരുന്നെങ്കില്‍ അഞ്ചാം ദിവസത്തേക്ക് നീട്ടാനെങ്കിലും ഇംഗ്ലണ്ടിന് സാധിച്ചേനെ.

ഇംഗ്ലണ്ട് ബാറ്റര്‍മാരിലെ ആശയക്കുഴപ്പം ടീമിനെ മൊത്തത്തില്‍ പിടികൂടിയതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലുമായി. ക്യാപ്റ്റന്‍ രോഹിതിന്റെ ഫീല്‍ഡ് വിന്യാസവും ഈ കളിയുടെ ഗതിമാറ്റുന്നതില്‍ നിര്‍ണായകമായി. സര്‍ഫ്രാസ് ഖാനും ജയ്‌സ്വാളും ഗില്ലും നിറഞ്ഞ രാജ്‌കോട്ട് ടെസ്റ്റ് എന്തുതന്നെയായാലും ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഒരുപാട് നല്‍കി.

Related Articles

Back to top button