Cricket

ലോകകപ്പ് ടീമില്‍ ഇടംപിടിച്ചതിനു ശേഷം കളിമറന്ന് താരങ്ങള്‍ !! സഞ്ജുവും രോഹിതുമടക്കമുള്ളവരെല്ലാം ‘ദേ വന്നു ദാ പോയി’…

ക്രിക്കറ്റ് പ്രേമികള്‍ ഏറെ കാത്തിരുന്ന ലോകകപ്പ് സ്‌ക്വാഡ് ഏപ്രില്‍ 29നാണ് അനൗണ്‍സ് ചെയ്തത്. ആഗ്രഹിച്ചതു പോലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളും ടീമില്‍ ഇടംപിടിച്ചപ്പോള്‍ ചിലരെയൊക്കെ തഴഞ്ഞത് ആരാധകരെ അലോസരപ്പെടുത്തുകയും ചെയ്തു.

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയ താരങ്ങള്‍ അതിനു ശേഷം നടത്തിയ മോശം പ്രകടനമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയിലേക്ക് തന്നെ ആദ്യം വരാം. ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ച ശേഷം ആദ്യം കളിച്ച ലക്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മത്സരത്തില്‍ വെറും അഞ്ചു പന്തില്‍ നാലു റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. താരത്തിന് 37 വയസ് തികയുന്ന ദിവസം കൂടിയായിരുന്നു അത്.

അടുത്തത് ലോക ഒന്നാം നമ്പര്‍ ട്വന്റി20 ബാറ്ററും മുംബൈ ഇന്ത്യന്‍സ് താരവുമായ സൂര്യകുമാര്‍ യാദവാണ്. ആറു പന്തില്‍ 10 റണ്‍സ് എടുക്കാനേ മത്സരത്തില്‍ സൂര്യയ്ക്ക് കഴിഞ്ഞുള്ളൂ. ലോകകപ്പ് ടീമിലെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സീസണിന്റെ തുടക്കം മുതല്‍ തന്നെ മോശം ഫോമിലായതിനാല്‍ അതില്‍ വലിയ പ്രത്യേകതയൊന്നുമില്ല.

ലഖ്‌നൗവിനെതിരേ താരം ഗോള്‍ഡന്‍ ഡക്കായി. അടുത്തത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ലഖ്‌നൗവിനെതിരേ നാലോവര്‍ പന്തെറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും നേടാന്‍ ബുംറയ്ക്കായില്ല. ആ സമയത്ത് ടൂര്‍ണമെന്റിലെ ലീഡിംഗ് വിക്കറ്റ് ടേക്കറായിരുന്നു ബുംറയെന്നോര്‍ക്കണം.

ഇനി ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് വരാം. സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച ഓള്‍റൗണ്ടര്‍ ശിവം ദുബെ ഗോള്‍ഡന്‍ ഡക്കായി. മറ്റൊരു ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാവട്ടെ നാലു പന്തില്‍ രണ്ടു റണ്‍സുമായി മടങ്ങി വിക്കറ്റ് വീഴ്ത്താനുമായില്ല.

ടീമിലെ മൂന്നു പേസര്‍മാരില്‍ ഒരാളായ പഞ്ചാബ് കിംഗ്‌സ് താരം അര്‍ഷ്ദീപ് ചെന്നൈയ്‌ക്കെതിരേ വഴങ്ങിയത് നാലോവറില്‍ 52 റണ്‍സാണ്. ആകെ ലഭിച്ചത് ഒരു വിക്കറ്റും.

രാജസ്ഥാന്‍ നായകനും ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ മൂന്നു പന്ത് നേരിട്ട് സംപൂജ്യനായി മടങ്ങിയപ്പോള്‍, ടീമിലെ സ്പിന്നര്‍മാരിലൊരാളായ രാജസ്ഥാന്‍ താരം യുസ്വേന്ദ്ര ചഹല്‍ നാലോവറില്‍ വഴങ്ങിയത് 62 റണ്‍സ്. വിക്കറ്റൊന്നും ലഭിച്ചതുമില്ല.

എന്നാല്‍ ചില താരങ്ങള്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. ലോകകപ്പ് ടീമിലെ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ഇതിലൊരു താരം. ഡല്‍ഹി ക്യാപിറ്റല്‍സിനായി ബാറ്റിംഗില്‍ കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും ബൗളിംഗില്‍ നാലോവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റിട്ട് മികച്ച പ്രകടനം നടത്താന്‍ താരത്തിനായി. ടീമിലെ മറ്റു ബൗളര്‍മാര്‍ തല്ലു വാങ്ങിയപ്പോഴായിരുന്നു അക്ഷറിന്റെ ഈ പ്രകടനം.

ലോകകപ്പ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറും ഡല്‍ഹി നായകനുമായ റിഷഭ് പന്ത് 20 പന്തില്‍ 27 റണ്‍സ് എടുത്തപ്പോള്‍. ലോകകപ്പ് സ്‌ക്വാഡില്‍ സ്പിന്നറായി ഉള്‍പ്പെടുത്തിയ കുല്‍ദീപ് യാദവ് ബാറ്റിംഗില്‍ തിളങ്ങിയത് ഏവരെയും അദ്ഭുതപ്പെടുത്തി. കൊല്‍ക്കത്തയ്‌ക്കെതിരേ 26 പന്തില്‍ പുറത്താകാതെ 35 റണ്‍സ് അടിച്ചു കൂട്ടിയ കുല്‍ദീപ് ആയിരുന്നു ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. അഞ്ചു ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.
എന്നാല്‍ ബൗളിംഗില്‍ താരത്തിന് കാര്യമായൊന്നും ചെയ്യാനായില്ല.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സിനായി 40 പന്തില്‍ 67 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് മികച്ച പ്രകടനം നടത്തി മറ്റൊരു താരം.

എന്തായാലും വരും മത്സരങ്ങളില്‍ താരങ്ങള്‍സ മികവു പുലര്‍ത്തുമെന്നാണ് പ്രതീക്ഷ. ഐപിഎല്ലിനെപ്പോലെ ചെറിയ ബൗണ്ടറികളാണ് ലോകകപ്പിലും ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം.

Related Articles

Back to top button