Cricket

പാക്കിസ്ഥാന് വന്‍പണി ‘മെല്ലെപ്പോക്ക്’; പ്ലാനിംഗില്‍ ഇന്ത്യയ്ക്ക് ഇനി എളുപ്പം!! ലോകകപ്പില്‍ സെമിവഴി ചുരുങ്ങുന്നു

ഇത്തവണത്തെ ഐസിസി ലോകകപ്പിന്റെ ഫിക്‌സ്ചര്‍ വമ്പന്‍ ടീമുകള്‍ക്ക് കൂടുതല്‍ അനുകൂലമാണ്. ടീമുകളെ ഗ്രൂപ്പുകളായി തിരിച്ചുള്ള ഫിക്‌സ്ചര്‍ ചെറിയ ടീമുകള്‍ക്ക് അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള സാധ്യതകള്‍ കൂടുതല്‍ തുറന്നിടുന്നതാണ്.

എന്നാല്‍, എല്ലാ ടീമുകളും പരസ്പരം കളിക്കേണ്ടി വരുന്നത് അട്ടിമറി വീരന്മാര്‍ക്ക് വലിയ സാധ്യതകള്‍ നല്‍കുന്നതല്ല. ഒന്നോ രണ്ടോ കളികള്‍ ജയിച്ചാല്‍ പോലും മുമ്പത്തെ ലോകകപ്പുകളില്‍ സൂപ്പര്‍ സിക്‌സില്‍ എത്താമായിരുന്നു.

അവിടുന്നും എങ്ങനെയെങ്കിലും തട്ടിമുട്ടി സെമി വരെ എത്താവുന്ന അവസ്ഥയും നിലനിന്നിരുന്നു. ശ്രീലങ്കയും കെനിയയും സിംബാബ്‌വെയുമൈല്ലാം ഈ ആനുകൂല്യം ശരിക്കും മുതലെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് മാറ്റിയതോടെ ഇത്തവണ അതിനുള്ള സാധ്യത വിരളമായി. ഇത്തവണ ഒട്ടുമിക്ക ടീമുകളും 2 കളികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍ ടീമുകളാണ് 4 പോയിന്റുമായി മുന്നിലുള്ളത്.

എന്നാല്‍ ഈ 3 ടീമുകളില്‍ സെമിയിലേക്കുള്ള പോരാട്ടത്തില്‍ ഏറ്റവും അഡ്വാന്റേജ് കുറഞ്ഞ ടീം പാക്കിസ്ഥാനാണ്. കാരണം, പാക്കിസ്ഥാന്‍ ഈ ലോകകപ്പില്‍ ഇതുവരെ കളിച്ചത് എല്ലാവരും തന്നെ തോല്‍പ്പിക്കാന്‍ സാധ്യതയുള്ള നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക ടീമുകളെയാണ്.

ഇവര്‍ക്കെതിരേ വലിയ തോതില്‍ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തി ജയിക്കാന്‍ ബാബര്‍ അസത്തിനും സംഘത്തിനും സാധിച്ചില്ലെന്നത് അവസാന മല്‍സരങ്ങളിലേക്ക് പ്രാഥമിക ഘട്ടം ചുരുങ്ങുമ്പോള്‍ പ്രശ്‌നമാകും. രണ്ട് കളിയും ജയിച്ചപ്പോഴും പാക്കിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് വെറും 0.927 മാത്രമാണ്.

ശക്തരായ ഇംഗ്ലണ്ടിനെയും നെതര്‍ലന്‍ഡ്‌സിനെയും വീഴ്ത്തിയ കിവികള്‍ക്ക് 1.958 എന്ന അത്യാവശ്യം മികച്ച റണ്‍റേറ്റുണ്ട്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചെന്നത് അവര്‍ക്ക് മുന്നോട്ടുള്ള പോക്കില്‍ വലിയ അഡ്വാന്റേജാണ്. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരെ മറികടക്കാന്‍ അവര്‍ക്ക് വലുതായി ബുദ്ധിമുട്ടേണ്ടി വരില്ല.

ഇതിനൊപ്പം ശ്രീലങ്കയെ കൂടി വീഴ്ത്താനായാല്‍ കാര്യങ്ങള്‍ എളുപ്പമാകും സെമിയിലേക്കുള്ളത്. ആദ്യ മല്‍സരത്തില്‍ ശക്തരായ ഓസ്‌ട്രേലിയയെയും ഇപ്പോള്‍ അഫ്ഗാനിസ്ഥാനെയും വീഴ്ത്തിയ ഇന്ത്യയും സേഫ് സോണിലാണ്.

പാക്കിസ്ഥാനെതിരേ ശനിയാഴ്ച്ച നടക്കുന്ന മല്‍സരത്തില്‍ ജയിക്കാന്‍ സാധിച്ചാല്‍ പിന്നെ വലിയ പാടുപെടാതെ സെമിയിലേക്കുള്ള സീറ്റ് ഒപ്പിക്കാന്‍ രോഹിതിനും സംഘത്തിനും സാധിക്കും. അഫ്ഗാനെതിരായ വലിയ റണ്‍റേറ്റിലുള്ള ജയം അവസാനം വരെ പ്ലസ് പോയിന്റാകുകയും ചെയ്യും.

ഇത്തവണ ഒട്ടുമിക്ക വിക്കറ്റുകളും ബാറ്റര്‍മാരെ നന്നായി തുണയ്ക്കുന്നതാണ്. ഇന്ത്യന്‍ പിച്ചുകളുമായി കൂടുതല്‍ അടുപ്പമുള്ള കളിക്കാര്‍ക്ക് ബാറ്റിംഗ് കൂടുതല്‍ എളുപ്പമാകും. പാക്കിസ്ഥാന്‍ രണ്ടാഴ്ച്ചയിലേറെയായി ഹൈദരാബാദിലായിരുന്നു ക്യാംപ് ചെയ്തിരുന്നത്.

ഇനിയുള്ള അവരുടെ മല്‍സരങ്ങള്‍ വ്യത്യസ്ത വേദികളിലാണ്. അത് പാക്കിസ്ഥാനെ പിന്നോട്ടടിക്കുന്ന കാര്യമാണ്. ഇന്ത്യയിലെ മറ്റ് വേദികളില്‍ കളിച്ചുള്ള പരിചയം ഒട്ടുമിക്ക പാക് താരങ്ങള്‍ക്കുമില്ല. അഫ്ഗാനെതിരേ സ്പിന്‍ പറുദീസയായ ചെന്നൈയിലെ മല്‍സരമാകും ബാബറിനും സംഘത്തിനും ഏറെ കഠിനം.

Related Articles

Back to top button