Cricket

ബംഗ്ലാദേശിന് മുന്നില്‍ രണ്ട് വലിയ ‘കടമ്പ’; തോറ്റെങ്കിലും മെല്‍ബണ്‍ ഭാഗ്യം സിംബാബ്‌വെയെ തുണച്ചേക്കും!

ത്രില്ലറുകള്‍ മാത്രം സമ്മാനിച്ച് കടന്നു പോകുന്ന ഐസിസി ട്വന്റി-20 ലോകകപ്പില്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ. മരണഗ്രൂപ്പായ ഗ്രൂപ്പ് ഒന്നിലെ പോലെ തന്നെയാണ് രണ്ടിലും അവസ്ഥ. ആര്‍ക്കു വേണമെങ്കിലും സെമിയിലെത്താം. ഇതുവരെ സെമി ഉറപ്പിച്ചവര്‍ ആരുമില്ലെങ്കിലും ഇന്ത്യ 90 ശതമാനവും അവസാന നാലിന്റെ പടിയിലാണ്. ബാക്കിയുള്ള ഒരു സ്ഥാനത്തിനായി നാലു ടീമുകളാണ് രംഗത്തുള്ളത്.

ബംഗ്ലാദേശിനോട് 3 റണ്‍സ് തോല്‍വി വഴങ്ങിയിരുന്നില്ലെങ്കില്‍ സിംബാബ്‌വെ സെമി ഉറപ്പിക്കാവുന്ന പൊസിഷനില്‍ എത്തുമായിരുന്നു. അമിത ആത്മവിശ്വാസം അവരെ ചതിച്ചെങ്കിലും ഇപ്പോഴും ഭാഗ്യത്തിന്റെ അകമ്പടി അവര്‍ക്ക് ഒപ്പമുണ്ട്. ബാക്കിയുള്ള രണ്ട് മല്‍സരങ്ങള്‍ ജയിക്കുകയോ അല്ലെങ്കില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ മാത്രം ജയിച്ചാലും അവസാന മല്‍സരം വരെ അവരുടെ സാധ്യത നിലനില്‍ക്കും.

അവസാന മല്‍സരം നടക്കുന്നത് മെല്‍ബണിലാണ്. എതിരാളികള്‍ ഇന്ത്യയും. ഈ മല്‍സരം മഴമൂലം ഉപേക്ഷിക്കപ്പെടാന്‍ സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാല്‍ 6 പോയിന്റാകും ആഫ്രിക്കക്കാരുടെ സമ്പാദ്യം. ഇവിടെയാണ് ദക്ഷിണാഫ്രിക്കയുടെ വിജയപരാജയങ്ങള്‍ സിംബാബ്‌വെയ്ക്ക് നിര്‍ണായകമാകുന്നത്. ദക്ഷിണാഫ്രിക്ക ഇനിയുള്ള മൂന്നില്‍ രണ്ടെണ്ണം ഇന്ത്യയ്ക്കും പാക്കിസ്ഥാനും എതിരെയാണ് കളിക്കേണ്ടത്.

ഈ മല്‍സരങ്ങള്‍ രണ്ടും ദക്ഷിണാഫ്രിക്ക തോറ്റാല്‍ പിന്നെയുള്ള ഒരു സ്ഥാനത്തിന് വേണ്ടി പോരാട്ടം മൂന്ന് ടീമുകള്‍ തമ്മിലാകും. ബംഗ്ലാദേശ്, സിംബാബ്‌വെ, പാക്കിസ്ഥാന്‍. ബംഗ്ലാദേശിന് ഇപ്പോള്‍ തന്നെ 4 പോയിന്റ് ഉണ്ടെങ്കിലും ബാക്കിയുള്ള മല്‍സരങ്ങള്‍ രണ്ടും പാക്കിസ്ഥാന്‍, ഇന്ത്യ ടീമുകള്‍ക്കെതിരേ ആണ്.

അത് ജയിക്കുക വലിയ വെല്ലുവിളിയാണ്. ഇതാണ് സിംബാബ്‌വെയുടെ സാധ്യതകള്‍ കൂടുതല്‍ ഉറപ്പിച്ചു നിര്‍ത്തുന്നതും. എന്തും സംഭവിക്കാവുന്ന അവസ്ഥയില്‍ ഓരോ പന്തും നിര്‍ണായകമാകുന്ന അവസ്ഥയിലാണ്.

Related Articles

Back to top button