Cricket

സിംബാബ് വെയ്‌ക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കി!! പകരക്കാരന്‍ ജിതേഷ് ശര്‍മ

സിംബാബ് വെയ്‌ക്കെതിരായ അഞ്ചു മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവരെ ഒഴിവാക്കി.

ട്വന്റി 20 ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ടീം എത്താന്‍ വൈകുന്നതിനാല്‍ പുതിയ താരങ്ങളെ ഉള്‍പ്പെടുത്തുന്നതായി ബിസിസിഐ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ജൂലൈ ആറിനാണ് ഇന്ത്യയുടെ സിംബാബ്വെ പര്യടനം ആരംഭിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച 15 അംഗ സ്‌ക്വാഡില്‍ സഞ്ജു, ശിവം ദുബെ, യശസ്വി ജയ്സ്വാള്‍ എന്നിവരെ ഒഴിവാക്കി മൂന്ന് മാറ്റങ്ങളാണ് ബിസിസിഐ വരുത്തിയത്.

മൂവര്‍ക്കും പകരമായി സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരെ ബിസിസിഐ ഉള്‍പ്പെടുത്തി. സഞ്ജുവിന് പകരം ജിതേഷ് ശര്‍മയാവും വിക്കറ്റ് കീപ്പറാവുക.

ബാര്‍ബഡോസിലെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് ഇതുവരെ ഇന്ത്യയിലേക്ക് പുറപ്പെടാനായില്ല. അതേസമയം സിംബാബ്വെ പര്യടനത്തിനുള്ള ടീം ഇതിനോടകം യാത്രതിരിച്ചുകഴിഞ്ഞു.

ഇതോടെയാണ് മറ്റു താരങ്ങളെ അയക്കാന്‍ ബിസിസിഐ നിര്‍ബന്ധിതമായത്. അവസാന മൂന്ന് മത്സരങ്ങളില്‍ മൂവരും ടീമിനൊപ്പം ചേരുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.

ന്യൂജഴ്‌സിയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനം ചുഴലിക്കാറ്റ് മൂലം ബാര്‍ബഡോസില്‍ എത്താന്‍ വൈകുന്നതാണ് ഇന്ത്യന്‍ താരങ്ങളുടെ യാത്ര വൈകിക്കുന്നത്.

ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ബാര്‍ബഡോസിലെ വിമാനത്താവളം അടച്ചുപൂട്ടിയിരുന്നു. താരങ്ങള്‍ ബുധനാഴ്ച ഇന്ത്യയിലെത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ വ്യാഴാഴ്ച രാവിലെയായിരിക്കും നാട്ടിലെത്തുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഡല്‍ഹിയിലായിരിക്കും ഇന്ത്യന്‍ താരങ്ങള്‍ വിമാനമിറങ്ങുക.

പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ടായിരിക്കും താരങ്ങള്‍ ബാര്‍ബഡോസില്‍നിന്നു പുറപ്പെടുകയെന്നു ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചു.

ബാര്‍ബഡോസില്‍നിന്ന് ഡല്‍ഹിയിലെത്താന്‍ 16 മണിക്കൂര്‍ യാത്ര ചെയ്യണം. വിമാനം ഇനിയും വൈകിയില്ലെങ്കില്‍ വ്യാഴാഴ്ച രാവിലെ ആറു മണിക്ക് ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലെത്തും.

ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞതിനെ തുടര്‍ന്ന് ബാര്‍ബഡോസിലെ ഗ്രാന്റ്‌ലി ആഡംസ് രാജ്യാന്തര വിമാനത്താവളം ചൊവ്വാഴ്ച പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു.

Related Articles

Back to top button