CricketTop Stories

19 കാരന്റെ അരങ്ങേറ്റം ഡബിള്‍ സിക്‌സറടിച്ച്! ഞെട്ടിച്ച് നേപ്പാളി താരം !!

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരിട്ട മൂന്നാം പന്തില്‍ തന്നെ പടുകൂറ്റന്‍ സിക്‌സറടിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നേപ്പാളിന്റെ ഓപ്പണര്‍ അര്‍ജുന്‍ സൗദ്. കെനിയയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മല്‍സരത്തിലായിരുന്നു പത്തൊമ്പതുകാരനായ സൗദിന്റെ അരങ്ങേറ്റം. ഓപ്പണറായി ക്രീസിലെത്തിയ സൗദ് ആദ്യ ഓവറിലെ നാലാം പന്ത് തന്നെ ആകാശത്തു കൂടെ അതിര്‍ത്തി കടത്തി. എന്നിട്ടും സൗദ് നിര്‍ത്തിയില്ല. അടുത്ത ഓവറിലും മറ്റൊരു സിക്‌സര്‍ കൂടി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യത്തെ 12 റണ്‍സും അരങ്ങേറ്റത്തില്‍ സിക്‌സറിലൂടെ നേടുന്ന ആദ്യ താരമെന്ന റിക്കാര്‍ഡും ഇതോടെ ഈ പത്തൊമ്പതുകാരന്റെ പേരിലായി. മല്‍സരത്തില്‍ 31 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായ സൗദിന്റെ അക്കൗണ്ടില്‍ മൂന്നു സിക്‌സറുകളും ഉണ്ടായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ അര്‍ജുന്‍ ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ അടികള്‍ക്ക് പേരുകേട്ട താരമാണ്.

അതേസമയം കെനിയയ്‌ക്കെതിരായ ട്വന്റി-20 പരമ്പര നേപ്പാള്‍ 3-2 ന് സ്വന്തമാക്കി. ഈ പരമ്പര ജയിച്ചെങ്കിലും ഐസിസി റാങ്കിംഗില്‍ നേപ്പാള്‍ രണ്ടു സ്ഥാനം പിന്നിലായി 16 ലാണിപ്പോള്‍. കെനിയ മുപ്പതാം സ്ഥാനത്തു നില്‍ക്കുന്ന ടീമായതാണ് ജയിച്ചിട്ടും അവര്‍ പിന്നിലേക്ക് പോകാന്‍ കാരണം. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മനോജ് പ്രഭാകര്‍ കോച്ചെന്ന നിലയില്‍ നേപ്പാളിനെ പരിശീലിപ്പിച്ച ആദ്യ പരമ്പര കൂടിയായിരുന്നു ഇത്.

ക്രിക്കറ്റില്‍ വലിയ സാധ്യതകളുള്ള നേപ്പാളില്‍ നിന്ന് മികച്ച യുവതാരങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അവരുടെ ഏകദിന ടീമിന്റെ താല്‍ക്കാലിക നായകനായ രോഹിത് പൗഡലിന്റെ പ്രായം വെറും 19 വയസാണ്. ടീമിന്റെ ശരാശരി പ്രായമാകട്ടെ 22 വയസും. ഒരുപിടി യുവതാരങ്ങള്‍ വളര്‍ന്നു വരുന്നത് ടീമിന് ഭാവിയില്‍ ഗുണം ചെയ്യും. ഒക്ടോബറില്‍ ആരംഭിക്കുന്ന പ്രഥമ നേപ്പാള്‍ ടി 20 ലീഗും നേപ്പാളിന്റെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.

Related Articles

Leave a Reply

Back to top button