Cricket

അണ്ണാ…ഫീല്‍ഡ് ഒന്നു സെറ്റ് ചെയ്യാമോ…ഓടടാ ബൗണ്ടറിയിലേക്ക്!! ഹാര്‍ദികിനെ ഓടിച്ച് രോഹിത്; വീഡിയോ വൈറല്‍

വാളെടുത്തവരെല്ലാം വെളിച്ചപ്പാടായെന്നു പറഞ്ഞതു പോലെയായിരുന്നു കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന മത്സരം.

നിരവധി റെക്കോഡുകള്‍ പിറന്ന മത്സരത്തില്‍ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ സ്വന്തമാക്കിയാണ് സണ്‍റൈസേഴ്‌സ് ചരിത്രം രചിച്ചത്.

ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച്ച് പവര്‍പ്ലേ ഓവറുകളില്‍ തന്നെ 81 റണ്‍സ് അടിച്ചെടുത്തതോടെ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ശരിക്കും കുഴങ്ങി.

ഫീല്‍ഡില്‍ എന്തു മാറ്റം വരുത്തണമെന്ന് ആശയക്കുഴപ്പത്തിലായ ഹാര്‍ദിക് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ സമീപിക്കുന്നതാണ് പിന്നീട് കണ്ടത്.

കഴിഞ്ഞ മത്സരത്തില്‍, ഹാര്‍ദിക് രോഹിത് ശര്‍മയുടെ ഫീല്‍ഡിംഗ് പൊസിഷന്‍ മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സീനിയര്‍ താരമായ രോഹിത്തിന് ഹാര്‍ദിക് അര്‍ഹമായ ബഹുമാനം നല്‍കുന്നില്ല എന്ന തരത്തില്‍ പിന്നീട് വിമര്‍ശനമുയരുകയും ചെയ്തിരുന്നു.

തൊട്ടടുത്ത മത്സരത്തില്‍ ഹാര്‍ദിക് മുന്‍ ക്യാപ്റ്റനോട് സഹായം ചോദിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി.


തന്റെ അരികിലെത്തിയ ഹാര്‍ദിക്കിനെ ബൗണ്ടറിയിലേക്ക് ഓടിക്കുകയാണ് രോഹിത് ആദ്യം ചെയ്തത്. പിന്നാലെ ഫീല്‍ഡ് സെറ്റു ചെയ്യുകയും ബോളര്‍മാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

കഴിഞ്ഞ മത്സരത്തില്‍ രോഹിതിനെ ഹാര്‍ദിക് ബൗണ്ടറിയിലേക്ക് ഓടിച്ചതിന്റെ പകരമായാണ് ഇതെന്ന വിലയിരുത്തലുമുണ്ടായി.

എന്നിരുന്നാലും ഈ ഫീല്‍ഡിംഗ് മാറ്റമൊന്നും സണ്‍റൈസേഴ്‌സ് ബാറ്റര്‍മാരെ ബാധിച്ചില്ല. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഹെയ്ന്റിച് ക്ലാസന്‍ എന്നിവര്‍ അതിവേഗ അര്‍ധ സെഞ്ചറി കണ്ടെത്തിയതോടെ 277 റണ്‍സിലാണ് ഹൈദരാബാദ് സ്‌കോര്‍ ചെന്നെത്തിയത്.

മറുപടി ബാറ്റിംഗില്‍ അതേനാണയത്തില്‍ തിരിച്ചടിച്ചെങ്കിലും 246 റണ്‍സ് എടുക്കാനേ മുംബൈയ്ക്ക് കഴിഞ്ഞുള്ളൂ. അതോടെ 31 റണ്‍സിന്റെ തോല്‍വിയും വഴങ്ങിയ അവര്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് പതിക്കുകയും ചെയ്തു.

Related Articles

Back to top button