Cricket

കങ്കാരുക്കളെ എറിഞ്ഞിടുന്നതില്‍ ‘സെഞ്ചുറി’ തികച്ച് അശ്വിന്‍മേധം!!

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആഷസിനേക്കാള്‍ വലിയ ആവേശത്തിലാണ് പുരോഗമിക്കുന്നത്. ഓരോ പന്തിലും ഓരോ നിമിഷവും ആവേശവും വിതച്ചു കൊണ്ടുള്ള പോക്കാണ് ടെസ്റ്റ് പരമ്പരയ്ക്കുള്ളത്. ഇപ്പോഴിതാ ടെസ്റ്റില്‍ ഒരു അപൂര്‍വ നേട്ടം കൈയിലാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍.

ഓസ്‌ട്രേലിയയ്‌ക്കെതിരേ 100 വിക്കറ്റുകള്‍ കൊയ്‌തെന്ന റിക്കാര്‍ഡാണ് അശ്വിനെ തേടിയെത്തിയിരിക്കുന്നത്. വെറും 37 ഇന്നിംഗ്‌സില്‍ നിന്നുമാണ് അശ്വിനെ തേടി ഈ റിക്കാര്‍ഡ് എത്തിയിരിക്കുന്നത്. ഓസീസിനെതിരേ ആറുതവണ ഇന്ത്യന്‍ സ്പിന്നര്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

മികച്ച ബൗളിംഗ് പ്രകടനം 103 റണ്‍സ് വഴങ്ങി ഏഴുവിക്കറ്റ് വീഴ്ത്തിയതും. നാഗ്പൂര്‍ ടെസ്റ്റിനു പിന്നാലെ ഡെല്‍ഹി ടെസ്റ്റിലും ഇന്ത്യ ആധിപത്യം നേടിയപ്പോള്‍ മുന്നില്‍ നിന്ന് നയിക്കുന്നത് അശ്വിനാണ്.

മര്‍നസ് ലാംബുഷെ (18), സ്റ്റീവ് സ്മിത്ത് (പൂജ്യം), അലക്‌സ് കാരി (പൂജ്യം) എന്നിവരെ നിര്‍ണായക സമയത്ത് വീഴ്ത്തിയാണ് അശ്വിന്‍ കളി കങ്കാരുക്കളില്‍ നിന്ന് തിരിച്ചുപിടിച്ചത്. വെറും മൂന്ന് പന്തിന്റെ ഇടവേളയിലാണ് ലോക ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരനെയും രണ്ടാം സ്ഥാനക്കാരനെയും അശ്വിന്‍ പവലിയനില്‍ തിരിച്ചെത്തിച്ചത്.

മറ്റൊരു രസകരമായ വസ്തുത എന്തെന്നു വച്ചാല്‍ 2020നു ശേഷം ഇത് നാലാം തവണയാണ് സ്മിത്ത് അശ്വിനു മുന്നില്‍ കീഴടങ്ങുന്നത്. 143 പന്തില്‍ നിന്നും 71 റണ്‍സ് വിട്ടുകൊടുത്താണ് സ്മിത്തിനെതിരായ പോരില്‍ അശ്വിന്‍ മുന്നിട്ടു നില്‍ക്കുന്നത്.

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിലാണ് അശ്വിന്റെ നേട്ടമെന്ന് വിമര്‍ശിക്കാമെങ്കിലും ഓസ്‌ട്രേലിയന്‍ പിച്ചുകളിലും താരം വിക്കറ്റ് വീഴ്ത്തുന്നതില്‍ അത്ര പുറകിലല്ല. കിട്ടുന്ന അവസരങ്ങളിലെല്ലാം കൃത്യമായി വിക്കറ്റെടുക്കാന്‍ അറിയാമെന്നതാണ് അശ്വിനെ വ്യത്യസ്തനാക്കുന്നത്.

Related Articles

Back to top button