Cricket

പ്രതീക്ഷിച്ചത് മഞ്ഞ്, കിട്ടിയത് കുത്തിതിരിപ്പ്; പിഴച്ചത് പാണ്ഡ്യയുടെ പിച്ച് പരിശോധന!!

റാഞ്ചിയില്‍ ന്യൂസിലന്‍ഡിനെതിരേ ആദ്യ ട്വന്റി-20യില്‍ ടോസിനിറങ്ങുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യയുടെ മനസില്‍ തെളിഞ്ഞത് മൈതാനത്തെ രാത്രി മഞ്ഞായിരുന്നു. ആ പ്രതീക്ഷയില്‍ ടോസ് കിട്ടിയപ്പോള്‍ ബൗളിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് പക്ഷേ റാഞ്ചിയെ മനസിലാക്കുന്നതില്‍ പിഴച്ചു.

പതിവ് ഇന്ത്യന്‍ പിച്ചുകളില്‍ രാത്രി മല്‍സരങ്ങള്‍ക്ക് മഞ്ഞുവീഴ്ച്ച ഉള്ളതിനാല്‍ ടോസ് കിട്ടിയാല്‍ ഫീല്‍ഡായിരുന്നു പതിവ്. എന്നാല്‍ റാഞ്ചിയില്‍ മഞ്ഞുവീഴ്ച്ച ഉണ്ടായില്ലെന്ന് മാത്രമല്ല സ്പിന്നര്‍മാര്‍ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ ടേണിംഗ് കൂടുതല്‍ കിട്ടുകയും ചെയ്തു.

മിച്ചല്‍ സാന്റ്‌നറും ഇഷ് സോധിയും മൈക്കില്‍ ബ്രേസ്‌വെല്ലുമെല്ലാം പിച്ചിലെ സഹായം കൃത്യമായി ഉപയോഗിക്കുകയും ചെയ്തതോടെ കളി ഇന്ത്യയ്ക്ക് എതിരായി മാറി. പിച്ചിനെ കൃത്യമായി വിലയിരുത്തുന്നതില്‍ പിഴച്ചതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

മൂന്ന് പേസര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചതും വിനയായി. അര്‍ഷദീപ് സിംഗ്, ശിവം മാവി, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ മൂന്നുപേര്‍ കൂടി എറിഞ്ഞത് വെറും 7 ഓവറാണ്. ഇവരെല്ലാം കൂടി വിട്ടുകൊടുത്തതാകട്ടെ 86 റണ്‍സും.

ഈ സ്ഥാനത്ത് യുഷ്വേന്ദ്ര ചഹാലിനെ കളിപ്പിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ കിവി ഇന്നിംഗ്‌സ് 150 റണ്‍സില്‍ താഴെ ഒതുങ്ങിയെനെ. പേസര്‍മാര്‍ പ്രതീക്ഷ കാത്തില്ലെന്ന എന്നതിനൊപ്പം അവര്‍ ടീമിനെ പിന്നോട്ടു വലിക്കുകയാണ് ചെയ്തത്.

മറുവശത്ത് കിവികള്‍ക്ക് കൃത്യമായ രീതിയില്‍ തങ്ങളുടെ പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ ഉപയോഗിക്കാന്‍ സാധിച്ചു. ബ്രെസ്‌വെല്‍ അവരുടെ മധ്യനിരയ്ക്ക് ബാറ്റുകൊണ്ടും പന്തുകൊണ്ടും നല്‍കുന്ന വൈവിധ്യം വിലമതിക്കാന്‍ സാധിക്കാത്തതാണ്. എന്തായാലും പരമ്പര ആവേശകരമാകുമെന്ന് ഉറപ്പാണ്.

Related Articles

Back to top button