Cricket

സൂപ്പര്‍ എട്ട് കടക്കാന്‍ ഇന്ത്യ ഏറെ വിഷമിക്കും !! എതിരാളികളാകാന്‍ സാധ്യതയുള്ളത് കടുംവെട്ട് ടീമുകള്‍

ഏകദിന ലോകകപ്പിലെ ഫൈനല്‍ തോല്‍വിയുടെ വേദന ട്വന്റി20 ലോകകപ്പ് വിജയിക്കുന്നതിലൂടെ മായ്ക്കാം എന്ന ലക്ഷ്യവുമായാണ് ഇന്ത്യ ടൂര്‍ണമെന്റിനെത്തിയിരിക്കുന്നത്.

അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും വേദിയാകുന്ന ലോകകപ്പില്‍ ലക്ഷ്യം എത്തിപ്പിടിക്കാന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഏറെ കടമ്പകള്‍ മറികടക്കേണ്ടതുണ്ട്.

2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിലെ ജേതാക്കളായ ഇന്ത്യ 17 വര്‍ഷത്തിനു ശേഷം വീണ്ടുമൊരു കിരീടം സ്വപ്നം കാണുകയാണ്.

ചിരവൈരികളായ പാക്കിസ്ഥാനുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. അയര്‍ലന്‍ഡ്, കാനഡ, സംയുക്ത ആതിഥേയരായ അമേരിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

ഇന്ത്യ-പാക് പോരാട്ടത്തിലെ വിജയികള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാവാനാണ് സാധ്യത കൂടുതല്‍. അഞ്ചു ടീമുകള്‍ വീതമുള്ള നാലു ഗ്രൂപ്പുകളിലായിട്ടാണ് ടൂര്‍ണമെന്റിന്റെ പ്രാഥമിക ഘട്ടം അരങ്ങേറുക.

ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നേറും. ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ മുന്നേറിയാല്‍ ആരൊക്കയാവും സൂപ്പര്‍ എട്ടില്‍ എതിരാളുകളെന്നു പരിശോധിക്കാം.

സൂപ്പര്‍ എട്ടില്‍ നാലു വീതം ടീമുകളെ രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് തിരിക്കുക. പ്രാഥമികഘട്ടത്തില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായാല്‍ ഗ്രൂപ്പ് ഒന്നിലായിരിക്കും ഇന്ത്യയുടെ സ്ഥാനം.

ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍ ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാര്‍, ഗ്രൂപ്പ് സിയിലെ ഒന്നാംസ്ഥാനക്കാര്‍, ഗ്രൂപ്പ് ഡിയിലെ രണ്ടാംസ്ഥാനക്കാര്‍ എന്നിവരായിരിക്കും.

ഗ്രൂപ്പ് ബിയിലുള്ള ടീമുകള്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, മുന്‍ ജേതാക്കളായ ഓസ്ട്രലേിയ, നമീബിയ, സ്‌കോട്ട്ലാന്‍ഡ്, ഒമാന്‍ എന്നിവരാണ്. ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളാവാനാണ് സാധ്യത.

ഓസ്ട്രേലിയ രണ്ടാംസ്ഥാനത്തും ഫിനിഷ് ചെയ്യും. അങ്ങനെയെങ്കില്‍ സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ഒരു എതിരാളി ഓസ്ട്രേലിയയായിരിക്കും. ഇനി ഓസ്‌ട്രേലിയ ഒന്നാമതായാല്‍ ഇംഗ്ലണ്ടാവും എതിരാളികള്‍.

ഗ്രൂപ്പ് സിയിലുള്ളത് ന്യൂസിലാന്‍ഡ്. വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്താന്‍, പപ്പുവ ന്യൂഗ്വിനിയ, ഉഗാണ്ട എന്നിവരാണ്. കാര്യമായ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ ന്യൂസിലാന്‍ഡായിരിക്കും ഗ്രൂപ്പ് ജേതാക്കള്‍. അങ്ങനെ സംഭവിച്ചാല്‍ സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ രണ്ടാമത്തെ എതിരാളികള്‍ ന്യൂസിലാന്‍ഡായിരിക്കും.

ഗ്രൂപ്പ് ഡിയിലേക്ക് വന്നാല്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്,നെതര്‍ലാന്‍ഡ്‌സ്, നേപ്പാള്‍ എന്നിവരാണുള്ളത്. ഈ ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തും ശ്രീലങ്ക രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യാനാണ് സാധ്യത. അപ്പോള്‍ സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയാവും ഇന്ത്യയുടെ മൂന്നാമത്തെ എതിരാളികള്‍.

സൂപ്പര്‍ എട്ടില്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക എന്നീ മൂന്നു ടീമുകളാണ് എതിരാളികളെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമാവും. ഇവരില്‍ രണ്ടു ടീമുകളെയെങ്കിലും തോല്‍പ്പിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു സെമി ഫൈനലില്‍ കടക്കാന്‍ സാധിക്കുകയുള്ളൂ.

ശ്രീലങ്കയെ തോല്‍പ്പിക്കുക ബുദ്ധിമുട്ടാവില്ലെങ്കിലും ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ഇന്ത്യയെ വിഷമിപ്പിക്കും. ഐസിസി ടൂര്‍ണമെന്റുകളില്‍ എന്നും ഇന്ത്യയ്ക്ക് വെല്ലുവിളിയാവുന്ന ടീമാണ് ന്യൂസിലന്‍ഡ്.

ഓസ്‌ട്രേലിയ എല്ലാ ടീമുകള്‍ക്കും എപ്പോഴും വെല്ലുവിളിയുയര്‍ത്തുന്ന പ്രൊഫഷണലിസത്തിന്റെ വക്താക്കളാണ്. വലിയ മത്സരങ്ങള്‍ എങ്ങനെ ജയിക്കണമെന്ന് അവരേക്കാള്‍ നന്നായി അറിയാവുന്നവര്‍ വേറെയില്ല. ഏകദിന ലോകകപ്പ് ഫൈനല്‍ തന്നെ ഉദാഹരണം.

സെമിഫൈനലില്‍ കടക്കാന്‍ അതിനാല്‍ തന്നെ ഇന്ത്യ നന്നായി പൊരുതേണ്ടി വരും. മികച്ച ടീമുമായി ലോകകപ്പിനെത്തിയിരിക്കുന്ന ഇന്ത്യയ്ക്ക് അത് അസാധ്യമാവില്ലെന്നു തന്നെയാണ് ആരാധകരുടെ വിശ്വാസം.

Related Articles

Back to top button