ISLTop Stories

ദേശീയ ടീം ക്യാംപിലേക്ക് ആറു ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍; കോച്ചിന് പണിയാകും?

ഈ മാസം അവസാനം നടക്കുന്ന രാജ്യാന്തര സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപിലേക്ക് ആറ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 18 മുതല്‍ 21 വരെ കൊല്‍ക്കത്തയില്‍ വച്ചാണ് ക്യാംപ് നടക്കുന്നത്. 24, 27 തിയതികളില്‍ സിംഗപ്പൂര്‍, വിയറ്റ്‌നാം ടീമുകള്‍ക്കെതിരേയാണ് ഇന്ത്യ സൗഹൃദ മല്‍സരങ്ങള്‍ കളിക്കുന്നത്.

39 കളിക്കാരെയാകും ദേശീയ ടീം ക്യാംപിലേക്ക് ഉള്‍പ്പെടുത്തുന്നത്. ഇതില്‍ ഒന്‍പത് താരങ്ങള്‍ എടികെ മോഹന്‍ ബഗാനില്‍ നിന്നാകും. ബെംഗളൂരു എഫ്‌സി (6), ഹൈദരാബാദ് എഫ്‌സി (4), എഫ്‌സി ഗോവ (4), മുംബൈ സിറ്റി (4) തുടങ്ങി എല്ലാ ഐഎസ്എല്‍ ക്ലബുകളില്‍ നിന്നുള്ള താരങ്ങളും ക്യാംപിലുണ്ടാകും.

ഐഎസ്എല്‍ ടീമുകളെ സംബന്ധിച്ച് പ്രധാന ഇന്ത്യന്‍ താരങ്ങള്‍ ക്യാംപിലേക്ക് മാറുന്നത് ഒരുപക്ഷേ ചെറിയ തിരിച്ചടിയായേക്കും. കാരണം, സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ക്യാംപും സൗഹൃദ മല്‍സരങ്ങളും വരുന്നത്. സെപ്റ്റംബര്‍ 16 മുതല്‍ 30 വരെ ഈ താരങ്ങളെ ടീമുകള്‍ക്ക് ലഭിക്കില്ല. മിക്ക ടീമുകളും തങ്ങളുടെ ടീം ലൈനപ്പും തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നത് ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തിയാണ്.

ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് സഹല്‍, രാഹുല്‍, ജീക്‌സണ്‍, പ്രഭുക്ഷാന്‍ ഗില്‍ തുടങ്ങിയവരൊക്കെ ഇന്ത്യന്‍ ക്യാംപിലേക്ക് പോകാനാണ് സാധ്യത. ഇവരൊക്കെ തന്നെ കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന്റെ പ്രധാന താരങ്ങളാണ് താനും. രണ്ടാഴ്ച്ചയോളം ഈ താരങ്ങളെ കിട്ടാതെ ക്യാംപ് നടത്തേണ്ടത് വലിയ വെല്ലുവിളിയായേക്കും. മറ്റൊരു അപകടമെന്നത് ദേശീയ ക്യാംപില്‍ വച്ചോ സൗഹൃദ മല്‍സരങ്ങള്‍ക്കിടയിലോ ഈ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയാണ്.

ഒക്ടോബര്‍ ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വച്ചാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണ്‍ ആരംഭിക്കുന്നത്. ഈസ്റ്റ് ബംഗാള്‍ ആണ് ഇത്തവണത്തെ എതിരാളികള്‍. കേരള ബ്ലാസ്റ്റേഴ്‌സ് ടീം നിലവില്‍ കൊച്ചിയില്‍ പരിശീലനത്തിലാണ്.

Related Articles

Back to top button