CricketTop Stories

ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീമില്‍ വന്‍താരം ഇല്ല! ആരാധകര്‍ക്ക് ഞെട്ടല്‍

അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ക്ക് ഞെട്ടല്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി ടീമിന്റെ നെടുംന്തൂണായിരുന്ന റാസി വാന്‍ഡെര്‍ ഡൂസന്‍ ടീമിലില്ല. പരിക്കാണ് ഡൂസന്റെ അഭാവത്തിന് കാരണം. അതേസമയം, ടീമിന്റെ സ്ഥിരം നായകന്‍ ടെംബ ബവുമ ലോകകപ്പ് സ്‌ക്വാഡിലേക്ക് തിരിച്ചെത്തി.

വാന്‍ ഡെര്‍ ഡൂസന്റെ പകരക്കാരനായി ടീമിലെത്തിയിരിക്കുന്നത് യുവ വെടിക്കെട്ട് താരം ട്രിസ്റ്റന്‍ സ്റ്റബ്‌സ് ആണ്. എ.ബി ഡിവില്യേഴ്‌സിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് സ്റ്റബ്‌സ്. ഐപിഎല്ലിലും ഹണ്ട്രഡിലും അടക്കം മികച്ച പ്രകടനം നടത്തിയാണ് യുവതാരം ലോകകപ്പ് കളിക്കാനെത്തുന്നത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കും ഇതേ ടീമിനെ തന്നെയാണ് ദക്ഷിണാഫ്രിക്ക അണിനിരത്തുന്നത്.

ക്വാട്ട സിസ്റ്റത്തിന്റെ ബലത്തില്‍ പലപ്പോഴും ടീമിലെത്തിയിരുന്ന അന്‍ഡിലെ പെക്വുലവായോ, യുവ പേസര്‍ മാര്‍ക്കോ ജാസന്‍, ബോജോണ്‍ ഫോര്‍ട്ടിന്‍ എന്നിവരാണ് ലോകകപ്പിനുള്ള റിസര്‍വ് താരങ്ങള്‍.

ദക്ഷിണാഫ്രിക്ക അടുത്ത നാളുകളില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ട്വന്റി-20യിലും ടീമിന്റെ പ്രകടനം ഗംഭീരമാണ്. എന്നാല്‍ മറ്റൊരു ആശങ്ക ടീമിനുണ്ട്. അത് ക്യാപ്റ്റന്‍ ബവുമയുടെ തിരിച്ചുവരവാണ്. ട്വന്റി-20 ടീമില്‍ മോശം സ്‌ട്രൈക്ക് റേറ്റുള്ള താരമാണ് ബവുമ. പലപ്പോഴും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനെ സ്‌ളോ ആക്കുന്നതും ക്യാപ്റ്റന്റെ മെല്ലെപ്പോക്കായിരുന്നു. ബവുമയ്ക്ക് പരിക്കേറ്റപ്പോള്‍ ടീമിനെ നയിച്ച ഡേവിഡ് മില്ലറുടെ ക്യാപ്റ്റന്‍സി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ബവുമ തിരികെയെത്തുന്നത് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗില്‍ അശയക്കുഴപ്പം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബവുമയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശകര്‍ പോലും പിന്തുണയ്ക്കുന്നുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ഏറ്റവും പ്രശംസിക്കപ്പെട്ടത് ബവുമയുടെ നായക മികവായിരുന്നു. ഇത്തവണ കൂടുതല്‍ ശക്തമായ ടീമാണ് ഓസ്‌ട്രേലിയയ്ക്ക് പോകുന്നതെന്ന് നിസംശയം പറയാന്‍ സാധിക്കും

ലോകകപ്പ് ടീം: ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വന്റണ്‍ ഡികോക്ക്, റീസ ഹെന്‍ട്രിക്‌സ്, ഹെന്റിച്ച് ക്ലാസന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലുംഗി എന്‍ഗിഡി, അന്റിച്ച് നോര്‍ച്ചെ, വെയ്ന്‍ പാര്‍നെല്‍, ഡ്വെയ്ന്‍ പ്രെട്ടോറിയസ്, കഗിസോ റബാഡ, റിലെ റോസോ, തബ്രസ് ഷംസി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്.

Related Articles

Back to top button