FootballTop Stories

അടച്ചു പൂട്ടലില്‍ നിന്ന് ഉയിര്‍ത്തെണീറ്റ മൊഹമ്മദന്‍സ് ക്ലബിന്റെ കഥ അറിയാതെ പോകരുത് !!

1891 ല്‍ സ്ഥാപിച്ചൊരു ക്ലബ്. ഇന്ത്യയുടെ ചരിത്രത്തിനൊപ്പം, ഫുട്‌ബോളിന്റെ കുതിപ്പിനും കിതപ്പുകള്‍ക്കുമൊപ്പം സഞ്ചരിച്ചൊരു ക്ലബ്. കൊല്‍ക്കത്തന്‍ കാല്‍പന്തു കളിയുടെ പ്രാണവേഗങ്ങള്‍ക്കൊപ്പം ഈസ്റ്റ് ബംഗാളിനും മോഹന്‍ ബഗാനുമൊപ്പം മുന്നോട്ടു പോയൊരു ക്ലബ്.

മൊഹമ്മദന്‍സ് എന്ന മൊഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബിന്റെ വളര്‍ച്ചയും തളര്‍ച്ചയും ഉയിര്‍ത്തെണീല്‍പ്പും സിനിമക്കഥ പോലെ നാടകീയതകള്‍ നിറഞ്ഞതാണ്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി ഡ്യൂറന്റ് കപ്പിന്റെ സെമിയിലെത്തിയ മൊഹമ്മദന്‍സിന്റെ ഉയിര്‍പ്പിന്റെ കഥ ഏതൊരു ഫുട്‌ബോള്‍ പ്രേമിയെയും ആവേശം കൊള്ളിക്കും.

ഇന്ന് നമ്മള്‍ കാണുന്ന രണ്ടാം മൊഹമ്മദന്‍സ് യുഗത്തിന് രണ്ടു വര്‍ഷത്തെ മാത്രം പഴക്കമേയുള്ളൂ. കളിക്കാര്‍ക്ക് പോയിട്ട് ക്ലബ് ഹൗസ് തൂത്തു തുടയ്ക്കാന്‍ വരുന്നവര്‍ക്ക് കൂലി കൊടുക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലായിരുന്നു 2020 വരെ മൊഹമ്മദന്‍സ്. ക്ലബ് നടത്തിപ്പുകാരുടെ കെടുകാര്യസ്ഥതയും അഴിമതിയും ഇതിനൊരു കാരണമായി. ഉയിര്‍ത്തെണീല്‍പ്പിന്റെ ചരിത്രം തുടങ്ങുന്നത് വസീം അക്രം എന്ന ഫുട്‌ബോള്‍ കമ്പക്കാരന്‍ ക്ലബിന്റെ ജനറല്‍ സെക്രട്ടറിയായി വരുന്നതോടെയാണ്.

ഇന്നത്തെ കാലത്ത് ഒരു ക്ലബിന്റെ നിലനില്‍പ്പിന് ആവശ്യം പഴമയുടെ പെരുമയല്ല, പണമാണെന്ന് വസീം അക്രമിന് നന്നായി അറിയാമായിരുന്നു. പിന്നീടുള്ള കുറച്ചുകാലം അദേഹത്തിന് യാത്രകളുടേതായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയും ക്ലബില്‍ നിക്ഷേപിച്ചാലുണ്ടാകുന്ന ഗുണങ്ങളും പ്രതിപാദിക്കുന്ന വീഡിയോ പ്രസന്റേഷനുമായി കോര്‍പറേറ്റ് ഹൗസുകളുടെ പടവുകള്‍ വസീം കയറിയിറങ്ങി.

പലയിടത്തും നിരാശയായിരുന്നു ഫലം. എന്നാല്‍ ഒടുവില്‍ അലച്ചിന് ഫലമുണ്ടായി. ബങ്കര്‍ഹില്‍ എന്ന വന്‍ കോര്‍പറേറ്റ് സ്ഥാപനത്തെ നിക്ഷേപകരായി ക്ലബിലെത്തിച്ചു. പുതുചരിത്രം ഇവിടം മുതല്‍ തുടങ്ങുകയായി. വെറും സാമ്പത്തിക താല്‍പര്യം മാത്രം ലക്ഷ്യമിട്ട് ക്ലബ് തുടങ്ങുകയോ നിക്ഷേപം നടത്തുകയോ ചെയ്യുന്നവരായിരുന്നില്ല ബങ്കര്‍ഹില്ലിന്റെ തലപ്പത്ത് ഉണ്ടായിരുന്നവര്‍.

ബങ്കര്‍ഹില്‍ ഡയറക്ടറായ ദീപക് കുമാര്‍ സിംഗ് ഫുട്‌ബോളിനെ സ്‌നേഹിക്കുന്നൊരു ആരാധകന്‍ കൂടിയായിരുന്നു. അതിന്റെ മാറ്റം മൊഹമ്മദന്‍സില്‍ കാണാനുമായി. കോടികള്‍ അവര്‍ ക്ലബില്‍ നിക്ഷേപിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് മുതല്‍ മാര്‍ക്കറ്റിംഗ് വരെയും കളിക്കാര്‍ മുതല്‍ കോച്ചിംഗ് സ്റ്റാഫ് വരെയും പ്രഗത്ഭരെ തന്നെ കൊണ്ടുവന്നു. മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു. ഒരുകാലത്ത് ക്ലബില്‍ നിന്ന് വിട്ടുപോയ ആരാധകര്‍ തിരികെയെത്തി തുടങ്ങി.

ഐലീഗിലും കൊല്‍ക്കത്തന്‍ ഫുട്‌ബോള്‍ ലീഗിലും മികച്ച പ്രകടനങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു തുടങ്ങി. കഴിഞ്ഞ സീസണില്‍ ഐലീഗ് കിരീടം നേരിയ വ്യത്യാസത്തിലാണ് അവര്‍ക്ക് കൈമോശം വന്നത്. അടുത്ത സീസണ്‍ മുതല്‍ ഐഎസ്എല്‍ കളിക്കാന്‍ ലക്ഷ്യമിട്ടാണ് മൊഹമ്മദന്‍സിന്റെ നീക്കങ്ങള്‍. ഇത്തവണ ഐലീഗ് കിരീടം നേടി നേരിട്ട് എന്‍ട്രി സ്വപ്‌നം കാണുകയാണവര്‍.

ഇനിയെന്തെങ്കിലും കാരണത്താല്‍ ഐലീഗ് ചാമ്പ്യന്മാരായി ഐഎസ്എല്ലിലേക്ക് എത്താന്‍ പറ്റിയില്ലെങ്കില്‍ 15 കോടി രൂപ കൊടുത്ത് പ്രവേശനം നേടാനും മാനേജ്‌മെന്റ് ഒരുക്കമാണ്. എന്തായാലും ഇന്ത്യന്‍ ഫുട്‌ബോളിന് ഏറെ സംഭാവന നല്‍കിയ മൊഹമ്മദന്‍സിന്റെ തിരിച്ചുവരവ് കാല്‍പ്പന്ത് ആരാധകരെ സന്തോഷിപ്പിക്കുമെന്നതില്‍ സംശയമില്ല.

Related Articles

Back to top button