ISLTop Stories

ചൈനീസ് ലീഗിന്റെ കൊടുംതകര്‍ച്ചയില്‍ നിന്ന് ഐഎസ്എല്‍ പഠിച്ചത് വിലയേറിയ പാഠങ്ങള്‍!

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സംഘാടകര്‍ എന്തിനാണ് കളിക്കാര്‍ക്കായി ചെലവഴിക്കാവുന്ന തുകയ്ക്ക് നിയന്ത്രണങ്ങള്‍ വച്ചിരിക്കുന്നത്. നല്ല കളിക്കാരെ കൂടുതല്‍ പണം നല്കി ഒപ്പംകൂട്ടിയാല്‍ അതു ഐഎസ്എല്ലിനും ഇന്ത്യന്‍ ഫുട്ബോളിനും ഗുണം ചെയ്യില്ലേ? ശരാശരി ഫുട്ബോള്‍ ആരാധകന്റെ മനസിലുയരുന്ന സംശയങ്ങളാകുമിത്.

ആദ്യമൊന്ന് ആലോചിച്ചാല്‍ ഈ സംശയം ന്യായമാണെന്ന് തോന്നാം. എന്നാല്‍ ഇതിനൊരു മറുപുറമുണ്ട്. അത് ചില പാഠങ്ങളില്‍ നിന്ന് പകര്‍ന്നുകിട്ടിയതാണ്. ഐഎസ്എല്ലിലെ സാമ്പത്തിക നിയന്ത്രണങ്ങളുടെ കാര്യകാരണങ്ങള്‍ അറിയുംമുമ്പ് നമ്മുക്ക് അയല്‍രാജ്യമായ ചൈനയിലേക്ക് ഒന്നു പോയി വരാം. ചൈന കൊട്ടിഘോഷിച്ച് തുടങ്ങിയ ചൈനീസ് സൂപ്പര്‍ ലീഗിന്റെ ഇന്നത്തെ അവസ്ഥ കൂടി കണ്ടറിയണം.

സാമ്പത്തിക ശക്തിയില്‍ ആദ്യ നിരയിലുള്ള ചൈന തങ്ങളുടെ മേധാവിത്വം ഫുട്ബോളിലും കൊണ്ടുവരുന്നത് ലക്ഷ്യമിട്ടാണ് ഈലീഗ് തുടങ്ങുന്നത്. 2004ലായിരുന്നു ഇത്. പണംവാരിയെറിഞ്ഞായിരുന്നു തുടക്കം. ലോക ഫുട്ബോളിലെ മിന്നുംതാരങ്ങളെയെല്ലാം തന്നെ ചൈനയിലേക്ക് ആകര്‍ഷിക്കാന്‍ അവര്‍ക്കായി. കരിയറിന്റെ അവസാനത്തിലെത്തിയ താരങ്ങള്‍ക്കു പോലും കോടികള്‍ നല്കി സ്വന്തമാക്കാന്‍ ചൈനീസ് ക്ലബുകള്‍ മത്സരിച്ചു.

താരങ്ങളും യൂറോപ്പ് വിട്ട് ചൈനയിലേക്ക് ചേക്കേറാന്‍ തുടങ്ങി. ബ്രസീലില്‍ നിന്ന് അക്കാലത്തെ പ്രതിഭയെന്ന് വാഴ്ത്തപ്പെട്ട ഓസ്‌കര്‍ മുതല്‍ ബെല്‍ജിയന്‍ സൂപ്പര്‍താരം ഫെല്ലിയേനി വരെ ചൈനീസ് ലീഗിലേക്ക് ആകര്‍ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. അന്ന് കൈനിറയെ പണം നല്കിയായിരുന്നു ക്ലബുകള്‍ താരങ്ങളെ സ്വന്തമാക്കിയത്.

പക്ഷേ പിന്നീട് സംഭവിച്ചതൊന്നും അത്ര സുഖകരമായ കാര്യങ്ങളായിരുന്നില്ല. തുടക്കത്തില്‍ ചൈനയിലെ ജനങ്ങള്‍ക്കിടയില്‍ ഫുട്ബോളിന് ലഭിച്ച സ്വീകാര്യത പിന്നീട് നിലനിര്‍ത്താനായില്ല. അതായത് ചൈനീസ് ഉല്പന്നങ്ങള്‍ പോലെ ചെറിയ കാലത്തേക്ക് മാത്രം തിളങ്ങാന്‍ കഴിയുന്ന ഒന്നായി ചൈനീസ് ലീഗ് മാറി. ക്ലബുകള്‍ പലതും സാമ്പത്തികമായി തകര്‍ന്നുതുടങ്ങി. കളിക്കാരുടെ സാലറി മുതല്‍ ഗ്രൗണ്ട് സ്റ്റാഫിന്റെ വേതനം വരെ കൊടുക്കാന്‍ പറ്റാത്ത അവസ്ഥയായി.

കപ്പടിച്ച ടീം പോലും നടത്തി കൊണ്ടുപോകാന്‍ പണമില്ലാതെ പൂട്ടേണ്ട അവസ്ഥയും കാണേണ്ടിവന്നു. ജിയാങ്സു എഫ്സിയാണ് കടക്കെണിയില്‍പ്പെട്ട് നിലംപൊത്തിയത്. പണക്കൊഴുപ്പ് കൊണ്ടുമാത്രം കളി വളര്‍ത്താന്‍ പറ്റില്ലെന്ന് അധികൃതര്‍ക്ക് മനസിലായത് ഈ സംഭവത്തോടെയാണ്.

പിന്നീട് പലവിധ നിയന്ത്രണങ്ങളും ഫുട്ബോള്‍ അധികൃതര്‍ കൊണ്ടുവന്നു. കളിക്കാരുടെ ശമ്പളത്തിന് നിയന്ത്രണം കൊണ്ടുവന്നു. വിദേശ കളിക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. ഒരുകാലത്ത് ദിദിയെര്‍ ദ്രോഗ്ബ വരെ വന്നുകളിച്ച ചൈനീസ് ലീഗിലേക്ക് ഇപ്പോള്‍ വിദേശികള്‍ വരാന്‍ മടിക്കുകയാണ്.

കളിച്ചു കഴിഞ്ഞ് പ്രതിഫലം കിട്ടുന്നില്ലെന്നത് തന്നെ കാരണം. ഇപ്പോള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു പോലും ചൈനീസ് സൂപ്പര്‍ ലീഗില്‍ താല്പര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. ടീമുകള്‍ പലതും ചെറിയ സ്പോണ്‍സര്‍ഷിപ്പിലാണ് പിടിച്ചുനില്ക്കുന്നത്. സത്യത്തില്‍ ഐഎസ്എല്ലിന് നല്ലൊരു പാഠം തന്നെയായിരുന്നു ചൈനീസ് ലീഗ്. എന്തൊക്കെ ചെയ്യരുതെന്ന കൃത്യമായ പാഠപുസ്തകമെന്ന് പറയാം. വിദേശ കളിക്കാരുടെ മാത്രം ഗ്ലാമറില്‍ ഐഎസ്എല്ലിന് പിടിച്ചു നില്ക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ മനസിലാക്കി.

പണമുള്ള ക്ലബുകള്‍ വമ്പന്‍ താരങ്ങളെ ടീമിലെത്തിക്കും. പണമില്ലാത്ത ടീമുകള്‍ക്ക് അങ്ങനെ പറ്റില്ല. അങ്ങനെ വരുമ്പോള്‍ ലീഗില്‍ സാമ്പത്തിക അസമത്വം ഉണ്ടാകും. അത് ലീഗിന്റെ നിലനില്പിന് തന്നെ പ്രശ്നമാകും. ഇതോടെയാണ് സാമ്പത്തിക കാര്യങ്ങളില്‍ കൃത്യമായ ചട്ടക്കൂട് ഉണ്ടാക്കാന്‍ ഐഎസ്എല്ലിനായത്. ക്ലബുകളെല്ലാം ഇപ്പോഴും സാമ്പത്തികമായി നഷ്ടത്തിലാണെങ്കിലും ആ നഷ്ടത്തിന്റെ അളവ് ഓരോ വര്‍ഷവും കുറഞ്ഞു വരികയാണ്.

വരുംവര്‍ഷങ്ങളില്‍ ലാഭനഷ്ടത്തിലെ അന്തരം നേര്‍ത്തതാകുകയും പതിയെ ക്ലബുകള്‍ ലാഭത്തിലെത്തുകയും ചെയ്യും. ഒരുകാര്യം നിസംശയം പറയാനാകും, ഐഎസ്എല്‍ ശരിയായ പാതയില്‍ തന്നെയാണ്. പതിയെ പതിയെ വളര്‍ന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ ക്ലബുകള്‍ക്കും ലീഗിനും സാധിക്കുന്നൊരു ദിവസം വരും. അതിനുള്ള കരുത്ത് ഇന്ത്യന്‍ ഫുട്ബോളിനുണ്ട്.

Related Articles

Leave a Reply

Back to top button