FootballTop Stories

ഞൊടിയിടയില്‍ വളര്‍ന്നു പന്തലിച്ച ഖത്തര്‍ ഫുട്‌ബോള്‍ വിസ്മയം; ഇന്ത്യയ്‌ക്കൊരു റോള്‍ മോഡല്‍!

ഫുട്ബോളില്‍ ഖത്തറിന്റേത് സമാനതകളില്ലാത്ത മുന്നേറ്റങ്ങളാണ്. വരുന്ന ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതോടെ ഖത്തറിന്റെ ഫുട്ബോള്‍ വളര്‍ച്ച മറ്റൊരു തലത്തിലെത്തും. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയിലാണ് ഖത്തര്‍ ഏഷ്യന്‍ ഫുട്ബോളിലെ പവര്‍ഹൗസുകളില്‍ ഒന്നായി മാറിയതെന്നത് അത്ഭുതത്തോടെ തന്ന നോക്കി കാണേണ്ടതാണ്.

അവരുടെ ദീര്‍ഘവീക്ഷണവും അടിസ്ഥാന മേഖലകളിലെ നിക്ഷേപവുമെല്ലാം വളര്‍ച്ചയ്ക്ക് വഴിയൊരുക്കുകയായിരുന്നു. ഇന്ത്യന്‍ ഫുട്ബോളിനും വളരെയധികം കാര്യങ്ങള്‍ ഖത്തര്‍ ഫുട്ബോളില്‍ നിന്ന് പഠിക്കാനുണ്ട്. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ദിവസം എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ ഖത്തര്‍ ഫുട്‌ബോളുമായി ഒരു കരാറിലെത്തിയതും.

ഖത്തറിന്റെ ഫുട്‌ബോള്‍ വളര്‍ച്ചയുടെ കാരണങ്ങളും അവരുടെ ദീര്‍ഘ വീക്ഷണവും എങ്ങനെയെന്ന് പരിശോധിക്കാം. ദേശീയ ടീമിലേക്ക് പ്രതിഭകളെ വാര്‍ത്തെടുക്കുന്ന ഒരു ഫാക്ടറിയുണ്ട് ഖത്തറില്‍. എസ്പയര്‍ അക്കാഡമിയെന്നാണ് അതിന്റെ പേര്. 2004 ല്‍ തുടക്കം കുറിച്ച ഈ അക്കാഡമിയിലെ താരങ്ങളാണ് ഇന്ന് ഖത്തര്‍ സീനിയര്‍ ടീമിലേറെയും.

ഖത്തര്‍ ഗവണ്‍മെന്റ് തുടങ്ങിവച്ച അക്കാഡമിയില്‍ ഫുട്ബോളിനൊപ്പം മറ്റ് കായികഇനങ്ങള്‍ക്കും സ്ഥാനമുണ്ട്. 2014ലെ എഎഫ്സി അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിഞ്ഞ് ഖത്തര്‍ തങ്ങളുടെ നീക്കം തെറ്റിയില്ലെന്ന് തെളിയിച്ചു. എസ്പെയര്‍ അക്കാഡമിക്കൊപ്പം രാജ്യത്തങ്ങോളം ഇങ്ങോളം നിരവധി ഫുട്ബോള്‍ അക്കാഡമികള്‍ ഇപ്പോഴുണ്ട്.

ഈ അക്കാഡമികളില്‍ നിന്ന് ക്വാളിറ്റി താരങ്ങള്‍ ദേശീയ ടീമിലേക്കും കടന്നുവരുന്നു. ചെറുപ്രായത്തില്‍ തന്നെ പ്രതിഭയുള്ള കുട്ടികളെ കണ്ടെടുത്ത് വിദഗ്ധ പരിശീലനം നല്കി വളര്‍ത്തിയെടുത്താന്‍ നേട്ടങ്ങള്‍ കൊയ്യാമെന്ന് ഖത്തര്‍ കാണിച്ചു തരുന്നു.

ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ ചെറിയ രാജ്യമാണ് ഖത്തര്‍. പക്ഷേ അവിടെ ഒന്നാം ഡിവിഷനായ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് കളിക്കുന്ന ക്ലബുകളുടെ എണ്ണം 12 ആണ്. സെക്കന്‍ഡ് ഡിവിഷനില്‍ 14 ടീമുകളുമുണ്ട്. ഖത്തര്‍ ലീഗിനൊപ്പം മൂന്ന് പ്രധാന ടൂര്‍ണമെന്റുകള്‍ വേറെയുമുണ്ട്. ഇതിനൊപ്പം നിരവധി പ്രെഫഷണല്‍, അമേച്വര്‍ ടൂര്‍ണമെന്റുകള്‍ വേറെയും.

നമ്മുക്കാവട്ടെ ഐഎസ്എല്ലും ഐലീഗും മാറ്റിനിര്‍ത്തിയാല്‍ ആകെയുള്ളത് ഒരു ഡ്യൂറന്റ് കപ്പാണ്. ഫെഡറേഷന്‍ കപ്പും സന്തോഷ് ട്രോഫിയും ഇനി നടക്കുമോയെന്ന് പോലും നിശ്ചയമില്ലാത്ത അവസ്ഥയിലാണ് പലപ്പോഴും. കൂടുതല്‍ ടൂര്‍ണമെന്റുകള്‍ നടത്തിയാല്‍ മാത്രമേ ഇന്ത്യയില്‍ ഫുട്ബോളിന് വളര്‍ച്ചയുണ്ടാകൂ.

ചുരുങ്ങിയ കാലം കൊണ്ട് നിരവധി അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്ക് വേദിയായിട്ടുണ്ട് ഖത്തര്‍. ഈ വര്‍ഷത്തെ ലോകകപ്പോടെ ഖത്തറിന്റെ റേഞ്ച് തന്നെ മാറും. ഫിഫ ക്ലബ് വേള്‍ഡ് കപ്പും അറബ് കപ്പുമെല്ലാം വന്നത് അവരുടെ അടിസ്ഥാന മേഖലകളില്‍ വളര്‍ച്ച നല്കികൊണ്ടാണ്.

ഒരു വലിയ ലോക ടൂര്‍ണമെന്റ് വരുമ്പോള്‍ അതിന്റെ ഭാഗമായി സ്റ്റേഡിയങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കും. ഇത് പിന്നീട് രാജ്യത്തെ ഫുട്ബോള്‍ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്തും, ഇതാണ് ഖത്തറിന്റെ രീതി.

ഫിഫ അണ്ടര്‍ 17 ലോകകപ്പിനായി ഒരുക്കിയ സൗകര്യങ്ങള്‍ പോലും പിന്നീട് കൃത്യമായി വിനിയോഗിക്കാന്‍ നമ്മുടെ ഇന്ത്യയിലെ ഫുട്ബോള്‍ സംഘടനയ്ക്ക് സാധിച്ചിരുന്നില്ലെന്നതും കൂട്ടിവായിക്കണം. സാവിയെ പോലുള്ള ഫുട്ബോള്‍ ഇതിഹാസങ്ങളെ ആകര്‍ഷിക്കാനും അവരെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ഫുട്ബോളിന് പ്രമോഷന്‍ നല്കാനും ഖത്തര്‍ ശ്രമിക്കുന്നുണ്ട്. തീര്‍ച്ചയായും ഇന്ത്യന്‍ ഫുട്ബോള്‍ കണ്ടു പഠിക്കാനേറെയുണ്ട് ഖത്തറിന്റെ ഫുട്ബോള്‍ വളര്‍ച്ചയില്‍ നിന്ന്.

Related Articles

Back to top button