Top Stories

ഏഷ്യയിലും ബ്ലാസ്‌റ്റേഴ്‌സ് കരുത്തുകാട്ടുമെന്ന് വിജയന്‍

ഇങ്ങനെ പോയാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ജൈത്രയാത്ര ഇന്ത്യയിലും നില്ക്കില്ല. പറയുന്നത് മറ്റാരുമല്ല, നമ്മുടെ സ്വന്തം ഐഎം വിജയനാണ്. ഒരു ദിനപത്രത്തിലെഴുതിയ കോളത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിനെ അകമഴിഞ്ഞ് പ്രശംസിക്കുന്നതിനൊപ്പം ഒരു പ്രവചനം കൂടി അദേഹം നടത്തിയത്. ഈ പ്രകടനം തുടരാനായാല്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലും ടീമിനെത്താമെന്ന് വിജയന്‍ പറയുന്നു. അത്രമാത്രം മികച്ച പ്രകടനമാണ് ടീം നടത്തുന്നത്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനായല്‍ അവിടെയും മികവു തുടരാന്‍ ഇവാന്‍ വുക്കുമനോവിച്ചിന്റെ ടീമിനാകും. കാരണം ഏഷ്യന്‍ നിലവാരത്തില്‍ ഒരു വെടിക്കുള്ള മരുന്ന് വുക്കുമനോവിച്ചിന്റെ സംഘത്തിനുണ്ടെന്ന് ഉറപ്പിച്ചു പറയുന്നു ഇതിഹാസതാരം.

ഐഎസ്എല്ലിലെ ഏതു ടീമിനെയും തൂത്തെറിയാനുള്ള ഫോമിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് എത്തിയിരിക്കുന്നു. ഓരോ മത്സരം കഴിയുന്തോറും ഇരമ്പിക്കയറുകയാണ് നമ്മുടെ ടീമെന്നും അദേഹം പറഞ്ഞു. കിക്കോഫിന് മുമ്പുള്ള ദേശീയ ഗാനത്തിന് നിരക്കുന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ശരീരഭാഷയില്‍ പോലും മാനസികാധിപത്യത്തിന്റെ അടയാളങ്ങള്‍ തെളിയുന്നുണ്ട്. കോച്ചിനും ടീമിനുമൊപ്പം ആരാധകര്‍ക്കും ഈ വിജയത്തില്‍ പങ്കുണ്ടെന്ന് വിജയേട്ടന്‍ പറയുന്നു. ഐഎം വിജയന്‍ മാത്രമല്ല, പൊതുവേ വിമര്‍ശനം നടത്താറുള്ള ജോപോള്‍ അഞ്ചേരി പോലും ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഫാനായി മാറിയിരിക്കുന്നു. തോറ്റു നില്ക്കുന്നിടത്തു നിന്ന് തിരിച്ചടിക്കാനുള്ള ശേഷിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ വ്യത്യസ്തരാക്കുന്നതെന്ന് അദേഹം പറയുന്നു.

സ്‌കോറിംഗ് കൂടിയെന്നതാണ് തന്റെ നോട്ടത്തിലെ ഏറ്റവും പോസിറ്റീവായ കാര്യമെന്ന് ജോപോള്‍ പറയുന്നു. വിദേശതാരങ്ങളും ഇന്ത്യന്‍ താരങ്ങളും ഗോള്‍ കണ്ടെത്തുന്നു. ഗോള്‍ അടിക്കുന്നതിനൊപ്പം വഴങ്ങാതെ പിടിച്ചുനില്ക്കാനും ടീമിന് സാധിക്കുന്നു. ഒറ്റ യൂണിറ്റാക്കി ടീമിനെ മാറ്റുന്നതില്‍ പരിശീലകന്‍ വിജയിച്ചെന്നും അഞ്ചേരി വ്യക്തമാക്കുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വിദേശലീഗിന്റെ മാതൃകയിലേക്ക് എത്തിയതായും മുന്‍ ഇന്ത്യന്‍ താരം കൂടിയായ ജോപോള്‍ പറയുന്നു. പോയിന്റ് ടേബിള്‍ തന്നെ ഇതിനു ഉദാഹരണം. എട്ടാമത് നില്ക്കുന്ന ടീം വരെ ഒന്നോ രണ്ടോ മത്സരം ജയിച്ചാല്‍ ആദ്യ നാലില്‍ എത്തുന്ന അവസ്ഥയാണെന്നും അദേഹം വിലയിരുത്തുന്നു. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലേക്ക് എന്‍ട്രി കിട്ടുമെന്നത് ടീമുകളെ കൂടുതല്‍ ആവേശത്തിലാക്കിയിട്ടുണ്ടെന്ന നിഗമനവും അഞ്ചേരി പങ്കുവയ്ക്കുന്നു.

Related Articles

Leave a Reply

Back to top button