Football

ഫിഫയില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി ഡെന്മാര്‍ക്ക്!! കൂട്ടിന് യൂറോപ്യന്‍ ടീമുകള്‍?

സ്വവര്‍ഗ രതിക്കാര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് വണ്‍ലൗ ആംബാന്‍ഡ് ധരിക്കാനുള്ള നീക്കം ഫിഫ തടഞ്ഞതോടെ ഇടഞ്ഞ യൂറോപ്യന്‍ രാജ്യങ്ങള്‍ പുതിയ നീക്കത്തിനെന്ന് സൂചന. ഡെന്മാര്‍ക്ക് ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്.

ഫിഫയില്‍ നിന്ന് പിന്മാറുന്ന കാര്യം ആലോചിക്കേണ്ട സമയം അതിക്രമിച്ചെന്ന് ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ സിഇഒ ജേക്കബ് ജെന്‍സണ്‍ വ്യക്തമാക്കി. ഫിഫ വിടുന്നത് സംബന്ധിച്ച് യൂറോപ്പിലെ അംഗരാജ്യങ്ങളുമായി ചര്‍ച്ചകള്‍ തുടങ്ങുമെന്ന് വ്യക്തമാക്കിയ അദേഹം പിന്നോട്ടില്ലെന്ന സൂചനകള്‍ തന്നെയാണ് നല്‍കിയത്.

അതേസമയം, അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ജിയാനി ഇന്‍ഫന്റീനോയെ പിന്തുണയ്ക്കില്ലെന്നും ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. 211 അംഗ രാജ്യങ്ങളില്‍ 207 രാജ്യങ്ങളും ഇന്‍ഫന്റീനോയുടെ രണ്ടാം വരവിന് അനുകൂലമാണ്. എന്നാല്‍ തങ്ങള്‍ ആ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കൊപ്പമല്ലെന്നാണ് ഡാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പറയുന്നത്.

യൂറോപ്യന്‍ ഫുട്‌ബോള്‍ കൂട്ടായ്മയായ യുവേഫയില്‍ 55 രാജ്യങ്ങളാണുള്ളത്. ഈ രാജ്യങ്ങളെല്ലാം ചേര്‍ന്ന് ഫിഫയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന സൂചനകളാണ് ചില പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തു വിടുന്നത്. ഈ നീക്കത്തിന് ഇംഗ്ലണ്ടിന്റെ പിന്തുണയും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സ്വവര്‍ഗ രതി ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഫിഫയ്ക്കും ലോകകപ്പ് ആതിഥേയരായ ഖത്തറിനും എതിരാണ്. സ്റ്റേഡിയങ്ങളില്‍ ബിയര്‍ വിലക്കാനാണ് നീക്കവും യൂറോപ്യന്‍ ടീമുകളെയും ആരാധകരെയും ചൊടിപ്പിച്ചിരുന്നു.

Related Articles

Back to top button