ISLTop Stories

ഐഎസ്എല്‍ ഇത്തവണ നേടണമെങ്കില്‍ ഇക്കാര്യം കൂടി ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധിക്കണം!

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അതിന്റെ നിര്‍ണായക ഘട്ടത്തിലാണ്. ടീമുകള്‍ തമ്മിലുള്ള പ്രകടനത്തിന്റെ കാര്യത്തിലല്ലെന്ന് മാത്രം. കോവിഡ് പല ടീമുകളിലേക്കും പടര്‍ന്നതോടെ സീസണ്‍ എവിടെ വരെ പോകുമെന്നതിലാണിത്. കോവിഡ് കേസുകള്‍ കൂടുതലായി ബയോ ബബിളില്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ലീഗ് പാതിവഴിയില്‍ അവസാനിപ്പിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി കഴിഞ്ഞു. യൂറോപ്യന്‍ ലീഗുകളിലും കോവിഡ് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ അവിടങ്ങളിലെല്ലാം ലീഗ് ഇപ്പോഴും നടക്കുന്നുണ്ട്. ഇതേ മാതൃക തന്നെ തുടരാനാകും സംഘാടകരുടെ ശ്രമം. കോവിഡും കൂടിയെത്തിയതോടെ ടീമുകള്‍ തങ്ങളുടെ ഗെയിംപ്ലാനില്‍ പോലും മാറ്റംവരുത്തേണ്ട അവസ്ഥയാണുള്ളത്. കളിക്കാരുടെ പരിക്കിനേക്കാള്‍ ടീമുകള്‍ ഇനി ശ്രദ്ധിക്കേണ്ടത് ഒരുപക്ഷേ കോവിഡ് വരാതെ സൂക്ഷിക്കാനാകും.

ഒരു ടീമില്‍ പതിനഞ്ച് കളിക്കാരെങ്കിലും കോവിഡ് ബാധിക്കാതെയുണ്ടെങ്കില്‍ മത്സരം നടത്തുമെന്നാണ് സംഘാടകര്‍ പറഞ്ഞിരിക്കുന്നത്. കൂട്ടത്തോടെ കോവിഡ് വന്നാല്‍ അത് ആ ടീമിന്റെ പിഴവായി കണക്കാക്കും. അങ്ങനെ സംഭവിക്കുന്നപക്ഷം എതിര്‍ടീമിനെ വിജയിയായി പ്രഖ്യാപിക്കുമെന്നും സംഘാടകര്‍ പറയുന്നു. രണ്ടു ടീമുകള്‍ക്കും കോവിഡ് മൂലം കളത്തിലിറങ്ങാന്‍ സാധിക്കാത്തപക്ഷം ഇരുടീമിനും ഓരോ പോയിന്റ് വീതം നല്കും. ഇപ്പോഴത്തെ പോക്കനുസരിച്ച് കോവിഡിനെതിരേ ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്ന ടീമുകളാകും പ്ലേഓഫിലെത്തുക. ഉദാഹരണത്തിന് എടികെയുടെ കാര്യമെടുക്കാം. അവരുടെ ഏറ്റവും പ്രധാന താരമാണ് റോയ് കൃഷ്ണ. എന്നാല്‍ കോവിഡ് ബാധിച്ചതോടെ ഇനി പത്തുദിവസത്തോളം താരത്തിന് ക്വാറന്റൈനില്‍ കഴിയണം.

പിന്നീട് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയേ കളത്തിലിറങ്ങാനാകും. ഇനിയുള്ള മത്സരങ്ങള്‍ക്കിടയില്‍ ഇടവേളകള്‍ കുറവാണ്. ഒരു താരത്തിന് കോവിഡ് വന്നാല്‍ ചുരുങ്ങിയത് മൂന്നു മത്സരമെങ്കിലും നഷ്ടമാകുന്ന അവസ്ഥയാണ്. അങ്ങനെ കോവിഡ് വരുന്ന ടീം മാറിനില്‍ക്കേണ്ടി വരുന്നത് ആ ടീമിന്റെ മൊത്തത്തിലുള്ള ബാലന്‍സിംഗിനെ പോലും ബാധിക്കും. ബെംഗളൂരു, കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ റോയ് കൃഷ്ണയ്ക്ക് നഷ്ടമാകും. ഒറ്റയ്ക്ക് കളിജയിപ്പിക്കാന്‍ ശേഷിയുള്ളൊരു താരത്തിന്റെ അഭാവം ആ ടീമിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയാകില്ല.

ബ്ലാസ്റ്റേഴ്‌സും ഇക്കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പരിക്കുമൂലം ബയോബബിളിന് പുറത്തായിരുന്ന കെ.പി. രാഹുല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഉടന്‍ ടീമിനൊപ്പം ചേരും. മാത്രമല്ല ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീം കൊണ്ടുവരുന്ന പുതിയ താരങ്ങളും എത്തുന്നുണ്ട്. ഇവരെല്ലാം കോവിഡ് നിറഞ്ഞുനില്ക്കുന്ന പുറത്തെ സാഹചര്യത്തില്‍ നിന്നാണ് വരുന്നത്. കൃത്യമായ ഒരുക്കങ്ങളും കര്‍ശന നിയന്ത്രണവുമില്ലാതെ ബയോബബിളില്‍ എത്തപ്പെട്ടാല്‍ ടീമിനാകെ കോവിഡ് ബാധിക്കുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ട് തന്നെ കളത്തിലെ കളികള്‍ക്കൊപ്പം ഇത്തരം കാര്യങ്ങളിലും ടീം ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കോവിഡ് ഏറ്റവും കുറച്ചു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ടീമിന് അഡ്വാന്റേജ് ലഭിക്കാന്‍ പോകുന്ന ഘട്ടത്തില്‍ നമ്മള്‍ പിന്നോക്കം പോകാതെ ജാഗ്രത പുലര്‍ത്താം. കൂടുതല്‍ സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍ക്കായി www.sportsqonlive.com സന്ദര്‍ശിക്കാം.

Related Articles

Leave a Reply

Back to top button